ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ നാലാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളിൽ 5 പേർ വെടിയേറ്റു മരിച്ചു. ഇതിൽ 4 പേർ കേന്ദ്രസേനയുടെ വെടിവയ്പിലും ഒരാൾ തൃ‌ണമൂൽ– ബിജെപി സംഘർഷത്തിനിടയിലുണ്ടായ വെടിവയ്പിലുമാണു മരിച്ചത്.

കുച്ച്ബിഹാർ ജില്ലയിലാണ് അക്രമങ്ങളുണ്ടായത്. സിതാൽക്കുച്ചി മണ്ഡലത്തിലെ 126–ാം ബൂത്തിൽ വോട്ടെടുപ്പു നിർത്തിവച്ചു. ഇവിടെ റീപോളിങ് നടത്തുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഗൂഢാലോചനയാണ് വെടിവയ്പെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അമിത്ഷാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് മമത കുച്ച്ബിഹാർ ജില്ലയിൽ പ്രതിഷേധ റാലി നടത്തും. മരിച്ചവരുടെ വീടുകളും സന്ദർശിക്കും. 

സിതാൽകുച്ചിയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും കേന്ദ്രസേനയും തമ്മിലുണ്ടായ ഏറ്റമുട്ടലിനൊടുവിലാണ് വെടിവയ്പ്പുണ്ടായത്. എന്നാ‍ൽ ഭടന്മാരെ അവിടെ വിന്യസിച്ചില്ലെന്നു സിഐഎസ്എഫ് പറഞ്ഞു. കേന്ദ്രസേനയെ ആക്രമിച്ച ജനക്കൂട്ടം ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവച്ചതാണെന്നാണ് ബംഗാൾ പൊലീസ് പറയുന്നത്.  

ഇവിടെ കേന്ദ്രസേന ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ശ്രമിക്കുമ്പോൾ ഒരാൾ കുഴഞ്ഞു വീണു. കുഴഞ്ഞുവീണതു കുട്ടിയാണെന്നും സേന ആക്രമിച്ചതാണെന്നുമുളള പ്രചാരണത്തെ തുടർന്നാണു ജനക്കൂട്ടം അക്രമാസക്തമായത്. സേനയുടെ വാഹനം ആക്രമിച്ച് ആയുധം പിടിച്ചെടുക്കാനൊരുങ്ങുമ്പോളായായിരുന്നു വെടിവയ്പ്. 

പഠാൻതുളിയിൽ കന്നിവോട്ടു ചെയ്യാനെത്തിയ ആനന്ദ് ബർമൻ എന്നയാളാണ് മരിച്ചത്. ഇയാൾ തൃണമൂ‍ൽ കോൺഗ്രസുകാരനാണെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു.

എന്നാൽ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്ന ഇയാളെ തൃണമൂൽ കോൺഗ്രസുകാർ വെടിവച്ചു കൊല്ലുകയായിരുന്നു എന്നു ബിജെപി പറയുന്നു. ഇരു പാർട്ടിക്കാരും തമ്മിലുള്ള സംഘട്ടനത്തിനിടെ ക്യൂവിൽ നിൽക്കുകയായിരുന്ന ആനന്ദിനു വെടിയേറ്റുവെന്നാണു പൊലീസ് ഭാഷ്യം. 

തൃണമൂൽ–ബിജെപി പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. ഹൂഗ്ലിയിൽ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിലേക്ക് 71 കമ്പനി കേന്ദ്രസേനയെക്കൂടി അയയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. ഇതിൽ 33 എണ്ണം ബിഎസ്എഫിൽ നിന്നാണ്.

ബംഗാളിൽ 44 സീറ്റുകളിലേക്കായിരുന്നു നാലാംഘട്ട തിരഞ്ഞെടുപ്പ്. അക്രമങ്ങളുണ്ടായെങ്കിലും 76 % പോളിങ് നടന്നതായാണ് ആദ്യ കണക്കുകൾ. 17, 22, 26, 29 തീയതികളിലാണ് അടുത്ത 4 ഘട്ടം.

തിരഞ്ഞെടുപ്പ് കമ്മിഷനു മറുപടി‌

ന്യൂഡൽഹി ∙ ചട്ടം ലംഘിച്ചിട്ടില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പു കമ്മിഷനു മറുപടി നൽകി. കേന്ദ്രസേനകൾക്കെതിരെ ജനങ്ങളെ ഇളക്കി വിടാൻ ശ്രമിച്ചിട്ടില്ല. ബോധ്യപ്പെട്ട വസ്തുതകൾ പറയുക മാത്രമാണു ചെയ്തത്. കേന്ദ്രസേനകൾക്കെതിരെ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഇന്നലെ 11 ന് അകം വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ മമതയോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com