ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ. കമ്മിഷൻ ഇക്കാര്യം നിർദേശിച്ചിട്ടുണ്ടെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ വരുത്തേണ്ടതുണ്ടെന്നും ‘ദ് വീക്കി’നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രസക്ത ഭാഗങ്ങൾ:

∙ പ്രവാസികൾക്കു പോസ്റ്റൽ ബാലറ്റ് നൽകാൻ നിർദേശമുണ്ടോ?

ഇതിനു വേണ്ടി തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ മാറ്റം വരുത്താൻ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിദേശങ്ങളിലുള്ളവർക്ക് ഇലക്ട്രോണിക് തപാൽ വോട്ടുകൾ നൽകുന്ന രീതിയാണ് പരിഗണിക്കുന്നത്.

∙ സ്വന്തം മണ്ഡലത്തിനു പുറത്തു താമസിക്കുന്നവർക്കുള്ള റിമോട്ട് വോട്ടിങ് യാഥാർഥ്യമാകുമോ?

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. വോട്ടെടുപ്പു ദിവസം സ്ഥലത്തില്ലാത്തതിനാൽ ഒട്ടേറെപ്പേർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാറില്ല. വിവിധ ഐഐടികളിലെ വിദഗ്ധരുമായി ഈ വർഷം ആദ്യം തന്നെ കമ്മിഷൻ ചർച്ചകൾ തുടങ്ങി. ഇതിനായി പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ട്.

∙ വിവിപാറ്റുമായി ബന്ധിപ്പിച്ച വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച്?

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് 100 % വിവിപാറ്റ് സ്ലിപ്പുകൾ വേണമെന്ന് ആവശ്യമുയർന്നിരുന്നു. ചിലർ സുപ്രീം കോടതിയെയും സമീപിച്ചു. ഒരു നിയമസഭാ മണ്ഡലത്തിൽ 5 വോട്ടിങ് യന്ത്രങ്ങൾക്ക് വിവിപാറ്റ് വെരിഫിക്കേഷൻ മതിയെന്നു സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

∙ ഇലക്ടറൽ ബോണ്ടുകളുടെ സുതാര്യതയെക്കുറിച്ച് വിദഗ്ധർ വിമർശനമുന്നയിച്ചിട്ടുണ്ട്

ഇത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. കമ്മിഷൻ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട സ്രോതസ്സുകളിൽ നിന്നുള്ള സംഭാവനകൾ, വൻകിട കമ്പനികൾ രാഷ്ട്രീയകക്ഷികൾക്കുള്ള സംഭാവനകൾ കമ്പനി നിയമ ഭേദഗതിയെത്തുടർന്ന് അറിയിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി നിയമ മന്ത്രാലയത്തിനു കത്തെഴുതുകയും ചെയ്തു.

Content Highlights: Interview former with election commissioner Sunil Arora

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com