ADVERTISEMENT

ചെന്നൈ ∙ തെക്കൻ തമിഴ്നാടിന്റെ നീരുറവയായ താമരഭരണിയാറിന്റെ തീരത്ത്, തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിലാണു വിവേകിന്റെ ജനനം. ജീവിതത്തിലും നടനത്തിലും ഒഴുക്കുള്ള നദിയുടെ തെളിമ അദ്ദേഹം കാത്തു സൂക്ഷിച്ചു. സമൂഹവുമായുള്ള  ഇടപെടലിലൂടെ നിരന്തരം സ്വയംപുതുക്കി. 

ഏക മകൻ 13-ാം വയസ്സിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതിന്റെ തീവ്രവേദന, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുഴുകിയാണു മറക്കാൻ ശ്രമിച്ചത്. മരണത്തിനു ഒന്നര ദിവസം മുൻപ്, അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും സമൂഹത്തിനു വേണ്ടിയുള്ളതായിരുന്നു. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക മാറ്റുന്നതിനു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി കോവാക്സിൻ സ്വീകരിച്ചു. ചിരിയിലൂടെ ചിന്തയ്ക്കു തിരികൊളുത്തിയ ഹാസ്യനടനെ  മാത്രമല്ല, സമൂഹത്തെ കരുതിയ നല്ല മനുഷ്യനെയുമാണ് തമിഴകത്തിനു നഷ്ടമായത്.

ഇന്ദിരയുടെ കത്ത്

സിനിമാ ലോകത്ത് വിവേക് ആയി അറിയപ്പെടുന്നതിനു മുൻപ് മധുരൈ വിവേകാനന്ദൻ എന്നായിരുന്നു വിലാസം. മധുര അമേരിക്കൻ കോളജിലെ കൊമേഴ്സ് ബിരുദ പഠന കാലമാണു വിവേകിലെ കലാകാരനെ പാകപ്പെടുത്തിയത്. അന്നത്തെ സൂപ്പർ സ്റ്റാറുകൾ മുതൽ അധ്യാപകർവരെ വിവേകിന്റെ മിമിക്രിയുടെ ‘ഇരകളായി’. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19 ആണു വിവേകിന്റെയും ജന്മദിനം. ഈ സാമ്യം പങ്കുവച്ചു കുട്ടിക്കാലത്ത് ഇന്ദിരാഗന്ധിക്കു കത്തെഴുതി. നന്ദി അറിയിച്ചു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു മറുപടി വന്നതു ഗ്രാമത്തിനു തന്നെ വലിയ ഉത്സവമായിരുന്നു.

സെക്രട്ടറിയേറ്റ് മുതൽ ഹ്യൂമർ ക്ലബ്ബ് വരെ

വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായാണു ചെന്നൈയിലെത്തിയത്. മദ്രാസ് ഹ്യൂമർ ക്ലബ്ബിൽ സ്റ്റാൻഡപ് കൊമേഡിയനായി പേരെടുത്തു. ആ പരിപാടികളിലൊന്നിലാണു കെ. ബാലചന്ദറിനെ കാണുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംവിധാന സഹായിയായി; തിരക്കഥകളിൽ ഹാസ്യരംഗങ്ങൾ എഴുതാനുള്ള അവസരവും ലഭിച്ചു. അങ്ങനെ, രജനീകാന്തിനെ ആദ്യമായി സ്ക്രീനിനു മുന്നിൽ നിർത്തിയ ബാലചന്ദർ തന്നെ വിവേകിനും ആദ്യ ക്ലാപ്പടിച്ചു. മനതിൽ ഉരുതി വേണ്ടും  ആയിരുന്നു ആദ്യ ചിത്രം. രണ്ടു വർഷം കഴിഞ്ഞു പുറത്തിറങ്ങിയ പുതുപുതു അർഥങ്ങളോടെ വിവേക് തമിഴ് തിരയിൽ സ്വന്തം കസേര വലിച്ചിട്ടു. സർക്കാർ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ താരമായി.

ചിന്ന കലൈവാനർ

തമിഴ് സിനിമയ്ക്കു പരിചയമില്ലാത്ത ഹാസ്യവുമായിട്ടായിരുന്നു വിവേകിന്റെ വരവ്. നേരത്തെ വരച്ചിട്ട ഹാസ്യ പാതയ്ക്കു സമാന്തരമായിരുന്നു അത്. എന്നാൽ, സൂക്ഷ്മമായ സാമൂഹിക നിരീക്ഷണത്തിൽ നിന്നാണ് ആ ഹാസ്യം പിറന്നത്. അദ്ദേഹത്തിന്റെ റേഞ്ച് അറിയുന്ന സംവിധായകർ പൂർണ സ്വാതന്ത്ര്യം നൽകി. 

‘നൂറു പെരിയാർ വന്നാലും നിങ്ങളെയെല്ലാം തിരുത്ത മുടിയാത്’ എന്ന ഡയലോഗ് കയ്യടിക്കൊപ്പം ആസ്വാദകരെ ചിന്തിപ്പിച്ചു. 

കലാം എന്ന  മാനസഗുരു

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനെ കണ്ടുമുട്ടിയ നിമിഷത്തെ ജീവിതത്തിലെ വഴിത്തിരവെന്നാണു വിവേക് വിശേഷിപ്പിച്ചത്. ആഗോള താപനത്തിനെതിരെ 10 ലക്ഷം തൈകൾ നടുകയെന്ന സ്വപ്നം തിരികൊളുത്തിയതു കലാമാണ്. 35 ലക്ഷം തൈകൾ നട്ടാണു താരം അനന്തതയിൽ ലയിച്ചത്. സ്ക്രീനിൽ വിവേക് സൃഷ്ടിച്ച ഹാസ്യം എക്കാലവും നിലനിൽക്കും; സ്ക്രീനിനു പുറത്ത് അദ്ദേഹം കൈമാറിയ സന്ദേശങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com