ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിത തീരുമാനം.

കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്നിങ്ങോട്ട് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷം കവിഞ്ഞ്, ആശുപത്രികൾ നിറയുമ്പോഴാണ്, ഇൻഷുറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യേണ്ടി വരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും കോവിഡ് പ്രവർത്തനങ്ങളിലേക്കു തിരിച്ചുവന്ന വിരമിച്ച ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ രാജ്യത്തെ 20 ലക്ഷത്തോളം പേർക്കായി കഴിഞ്ഞവർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (പിഎംജികെപി) പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ കേസുകൾ കുതിച്ചുയർന്നു ദിവസം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോൾ പദ്ധതി ഈ വർഷം മാർച്ച് വരെയാക്കിയിരുന്നു.

വാക്സീൻ വിതരണത്തിൽ ആരോഗ്യപ്രവർത്തകർക്കു മുൻഗണന നൽകിയതു പദ്ധതി നിർത്തിവയ്ക്കാൻ പ്രേരണയായി. കോവിഡ് പോരാളികൾക്കു ബാധകമാകുന്ന പുതിയ പദ്ധതിയെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

50 ലക്ഷം കിട്ടിയത്  287 പേർക്ക്

പദ്ധതിയുടെ ആനുകൂല്യം രാജ്യത്ത് ഇതുവരെ 287 കുടുംബങ്ങൾക്കാണു ലഭിച്ചത്. എന്നാൽ ഫെബ്രുവരി വരെയുള്ള സർക്കാർ രേഖകൾ പ്രകാരം തന്നെ 313 പേർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ചിട്ടുണ്ട്– 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ. എന്നാൽ, ഡോക്ടർമാർ മാത്രം 734 പേർ മരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു. ഇതിൽ 25 പേർ 35 വയസ്സിനു താഴെയുള്ളവരാണെന്നും ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ശുപാർശയോടെയാണ് അപേക്ഷകൾ പരിഗണിച്ചിരുന്നത്.

Content Highlights: Covid insurance for health workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com