ADVERTISEMENT

മഹാത്മാ ഗാന്ധി ജനിച്ച ദിവസമായ ഒക്ടോബർ രണ്ടിനും രക്തസാക്ഷിയായ ജനുവരി 30നും മാത്രമേ അദ്ദേഹത്തെ നമ്മൾ ഓർക്കാറുള്ളൂ – എന്നാണ് അസന്തുഷ്ടിയോടെ കല്യാണം 2 വർഷം മുൻപ് എന്നോടു പറഞ്ഞത്. ഗാന്ധിയൻ സ്ഥാപനങ്ങൾക്കു പഴയ പ്രൗഢിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാവർക്കും മടുപ്പു വന്നിരിക്കുന്നെന്നും ജീവിതാവസാനം വരെ ആക്ടിവിസ്റ്റായ ഗാന്ധിജിയെ നമ്മൾ ഉൾക്കൊണ്ടില്ലെന്നും അമർഷം പൂണ്ടു.

കുട്ടിക്കാലത്ത് പറ്റിയ തെറ്റുകുറ്റങ്ങൾ പിൽക്കാലത്ത് ഏറ്റുപറഞ്ഞ ഗാന്ധിയെ പാഠപുസ്തകങ്ങളിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ പ്രവർത്തനവും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച കാര്യങ്ങളും അദ്ദേഹം പുലർത്തിയ മതസൗഹാർദ കാഴ്ചപ്പാടും വിസ്മരിച്ചതായി പരിതപിച്ചു.

ഗാന്ധിജിയുടെ ശരിയായ മാതൃക പുതുതലമുറയ്ക്കു പകർന്നു നൽകാൻ നമുക്കു കഴിഞ്ഞില്ല എന്നു രോഷം കൊണ്ടു. നൂറാമത്തെയും 125–ാമത്തെയും ഗാന്ധിജിയുടെ ജന്മവാർഷികങ്ങൾ മികച്ച രീതിയിൽ ആഘോഷിച്ചപ്പോൾ നൂറ്റിയൻപതാം വാർഷികം ആചരണം മാത്രമായി തീർന്നതായി അദ്ദേഹം കരുതി. ഗാന്ധിജിയുടെ 150–ാം ജന്മവാർഷിക ആഘോഷം സംബന്ധിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ‌ 2 വർഷം മുൻപ് ഞാൻ ചെന്നൈയിൽ കാണാൻ ചെന്നപ്പോഴാണ് അദ്ദേഹം മനസ്സു തുറന്നത്. 

ജീവിതാവസാനം വരെ ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലി പിന്തുടർന്ന ആ മനുഷ്യൻ ഗാന്ധിജിയുടെ പേരിൽ എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിച്ചില്ല. ഗാന്ധിജിയുടെ അവസാനത്തെ സെക്രട്ടറിയായാണു കല്യാണം അറിയപ്പെടുന്നതെങ്കിലും ഔദ്യോഗികമായി അദ്ദേഹത്തിന്റെ അവസാനത്തെ സെക്രട്ടറി പ്യാരേലാൽ ആയിരുന്നു എന്നാണു ഞാൻ കരുതുന്നത്. എന്നാൽ, ഗാന്ധിജിയെക്കുറിച്ചു ഗവേഷണങ്ങൾ നടത്തിയിരുന്നവർക്കു കല്യാണത്തെ അറിയാമായിരുന്നു.

കല്യാണത്തെ സെക്രട്ടറിയായി വിശേഷിപ്പിച്ചു കേട്ടു തുടങ്ങിയിട്ടു 2 പതിറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. പ്യാരേലാലിനൊപ്പം പ്രവർത്തിച്ചിരുന്ന കല്യാണം, ഗാന്ധിജിയുടെ പ്രഭാഷണങ്ങൾ, അദ്ദേഹത്തെ കാണാൻ എത്തുന്നവരുമായുള്ള സംഭാഷണങ്ങൾ, മറ്റു കത്തിടപാടുകൾ എന്നിവ ടൈപ്പ് ചെയ്യുന്ന ജോലി മികച്ച രീതിയിൽ നിർവഹിച്ചു.

1947 സെപ്റ്റംബറിൽ കൊൽക്കത്തയിൽ നിന്നെത്തി ഡൽഹി ബിർള ഹൗസിൽ കഴിയവെ കൊല്ലപ്പെടുന്നതു വരെയുള്ള 144 ദിവസവും ഗാന്ധിജിക്കൊപ്പം കല്യാണം ഉണ്ടായിരുന്നു. ഡൽഹിയിൽ ഗാന്ധിജിക്കായി സമർപ്പിക്കപ്പെട്ട മ്യൂസിയമായ ഗാന്ധിസ്മൃതിയുടെ (പഴയ ബിർള ഹൗസ്) ഡയറക്ടറായിരിക്കെ 1990കളുടെ ആദ്യത്തിൽ ആണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

ബിർള ഹൗസിലെ അവസാനകാലത്തെ താമസക്കാരൻ കൂടിയായിരുന്ന കല്യാണം, അവിടെയുള്ള പ്രദർശനസംവിധാനം പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചില നിർദേശങ്ങൾ നൽകാനാണ് എന്നെ കാണാനെത്തിയത്. പിന്നീടും ഒന്നോ രണ്ടോ തവണ വന്നു. 

ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധിയുമായും പൗത്രി താരാഗാന്ധിയുമായും അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു. കൃശഗാത്രനായ ആ മനുഷ്യൻ അടിമുടി ഗാന്ധിയുടെ വിശ്വസ്ത സഹചാരിയായിരുന്നു. ഗാന്ധിയൻ ലോകത്ത് ഇത്തരം മനുഷ്യർ ജീവിച്ചിരുന്നു എന്നത് പുതുതലമുറയ്ക്കു ഒരു പാഠമാകേണ്ടതാണ്.

(കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്നിവയുടെ െചയർമാനും ഗാന്ധി മീഡിയ ഫൗണ്ടേഷൻ, ഗാന്ധി പീസ് മിഷൻ എന്നിവയുടെ അധ്യക്ഷനുമാണു ലേഖകൻ)

English Summary: Remembering v. kalyanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com