ADVERTISEMENT

ചെന്നൈ ∙ 4 വർഷത്തിൽ താഴെയാണു കല്യാണം ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നത്. 99–ാം വയസ്സിലും പക്ഷേ, 5 വാചകം പറഞ്ഞാൽ അതിലൊന്നു ഗാന്ധിയെക്കുറിച്ചാകും. വാക്കിൽ മാത്രമല്ല, അതിരാവിലെ എഴുന്നേൽക്കുന്നതു മുതൽ പ്രായത്തെയും തോൽപ്പിക്കുന്ന ശീലങ്ങളിലും ഗാന്ധി കല്യാണത്തിനൊപ്പമുണ്ടായിരുന്നു. 

ജീവിതം ഗാന്ധി മാർഗത്തിന്റെ സന്ദേശമാക്കി മാറ്റിയ വി.കല്യാണം വിട പറയുമ്പോൾ ഗാന്ധിയൻ മാത്രമല്ല ഓർമയാകുന്നത്, ഗാന്ധി വധത്തിന്റെ ദൃക്സാക്ഷികളിലൊരാൾ കൂടി ചരിത്രത്തിലേക്കു മറയുകയാണ്. 1948 ജനുവരി 30 നു ഗാന്ധി വെടിയേറ്റു കൊല്ലപ്പെട്ടപ്പോൾ ആറടി അകലത്തിൽ കല്യാണമുണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിനെ ആദ്യം വിവരമറിയിച്ചതു കല്യാണമാണ്.

അവസാനം വരെ കൂടെയുണ്ടായിരുന്നെങ്കിലും ഗാന്ധി മാർഗം കല്യാണം ചെറുപ്പത്തിലേ ശീലിച്ചതല്ല. ബ്രിട്ടിഷ് സർക്കാരിലെ ഉദ്യോഗസ്ഥന്റെ മകനായി ഷിംലയിലായിരുന്നു ജനനം. സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ ജയിൽ വാസം അനുഭവിച്ചത് ദേശസ്നേഹത്തിന്റെ പേരിലല്ലായിരുന്നുവെന്നു കല്യാണം തന്നെ പിന്നീട് തുറന്നു പറഞ്ഞു. പൊലീസിനെ വെട്ടിക്കുന്നതിലെ ത്രില്ല് ആസ്വദിക്കുകയായിരുന്നു. പിന്നീട് ബ്രിട്ടിഷ് സർക്കാർ ഉദ്യോഗം ലഭിച്ചു.

ജോലി കഴിഞ്ഞും പരിസരം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തു. ഇതു കാണാനിടയായ ഗാന്ധിജിയുടെ മകൻ ദേവദാസാണു വാർധ്വയിലെ സേവാഗ്രാമിലേക്കും അതുവഴി ഗാന്ധിജിയിലേക്കും വഴി തെളിച്ചത്. ബ്രിട്ടിഷ് സർക്കാരിന്റെ 200 രൂപ ഉദ്യോഗം വലിച്ചെറിഞ്ഞ് 60 രൂപയ്ക്കു ഗാന്ധിജിയുടെ ടൈപ്പിസ്റ്റായി. പിന്നീട് പഴ്സനൽ സെക്രട്ടറി മഹാദേവ് ദേശായി മരിച്ചപ്പോൾ ആ ചുമതല ഏറ്റെടുത്തു.

സത്യസന്ധതയെക്കുറിച്ച് ട്രെയിൻ യാത്രയ്ക്കിടെ കല്യാണത്തെ പഠിപ്പിച്ചതിങ്ങനെയായിരുന്നു. സാധാരണ യാത്രയിൽ കല്യാണമുൾപ്പെടെ സംഘത്തിലെ എല്ലാവരുടെയും ടിക്കറ്റ് ഗാന്ധിജി മുൻകൂട്ടി ബുക്ക് ചെയ്യും. ഒരിക്കൽ ഇറങ്ങാനുള്ള സ്ഥലത്തെത്തിയപ്പോൾ ഗാന്ധി കല്യാണത്തോടു ചോദിച്ചു- ടിക്കറ്റെടുത്തിട്ടുണ്ടോ? ഇല്ല. ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിളിക്കാനായി ഉത്തരവ്. സ്റ്റേഷൻ മാസ്റ്ററെത്തിയപ്പോൾ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു കല്യാണത്തിനെ ശിക്ഷിക്കണമെന്നു നിർദേശം. നടപടിയെടുക്കാൻ മടിച്ചു നിന്ന സ്റ്റേഷൻ മാസ്റ്ററെയും ഗാന്ധി വിരട്ടി!

തേനാംപെട്ടിലെ മഹാകവി ഭാരതി ദാസൻ റോഡിലെ വീട്ടിലാണ് അദ്ദേഹം ദീർഘകാലം താമസിച്ചിരുന്നത്. ചെടികളും പൂക്കളും നിറഞ്ഞ മുറ്റത്തെ ആശ്രമ ഭാവം മുതൽ മുകളിലെ മുറിയിലെ അച്ചടക്കത്തിൽ വരെ ഗാന്ധി മാർഗമുണ്ടായിരുന്നു. ഗാന്ധിജി ഒപ്പിട്ടു നൽകിയ 35 രൂപയുടെ ചെക്ക് വിലപ്പെട്ട മറ്റു രേഖകൾക്കൊപ്പം ഒരു പെട്ടിയിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു; മൂല്യമളക്കാനാകാത്ത ഗാന്ധിയൻ മൂല്യങ്ങൾ അവസാന ശ്വാസംവരെ ഹൃദയത്തിലും.

English Summary: V. Kalyanam and Mahatma Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com