ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ചികിത്സയിൽ പ്രതീക്ഷയായ ‌‌‌‘2 ഡിഓക്സി ഡിഗ്ലൂക്കോസ് (2ഡിജി)’ മരുന്നു ജൂൺ മാസത്തോടെ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാകും. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മരുന്നിന്റെ ആദ്യ ബാച്ച് ഇന്നലെ പുറത്തിറക്കിയെങ്കിലും തുടക്കത്തിൽ ഡൽഹി എയിംസ്, ആംഡ് ഫോഴ്സസ് ആശുപത്രികൾ, ഡിആർഡിഒ ആശുപത്രികൾ എന്നിവിടങ്ങളിൽ മാത്രമേ ലഭിക്കൂ. വ്യാപക ഉൽപാദനം അടുത്ത മാസമേ ആരംഭിക്കൂ. പ്രതിദിന ഉൽപാദനം ഒരു ലക്ഷമാക്കുമെന്നു ഡിആർഡിഒ ചെയർമാൻ ‍ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും ചേർന്നാണു മരുന്നു പുറത്തിറക്കിയത്. ഡിആർഡിഒയുടെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്), ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസുമായി ചേർന്നാണ് ഇതു വികസിപ്പിച്ചത്. വിവിധ വൈറസ് വകഭേദങ്ങൾക്കെതിരെ ഇതു ഫലപ്രദമാകുമെന്നാണു പ്രതീക്ഷ. എല്ലാ പ്രായമുള്ളവരിലും ഒരേ ഫലം നൽകുന്നതായും ഡിആർഡിഒ അറിയിച്ചു. സാഷേ പാക്കറ്റുകളിൽ ലഭ്യമാകുന്ന മരുന്നിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

മരുന്നിന്റെ പ്രവർത്തനം എങ്ങനെ ?

ഒആർഎസ് ലായനി പോലെ വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്. സാധാരണ കോവിഡ് ചികിത്സയിൽ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഗുരുതര കോവിഡ് രോഗികൾക്കു കൃത്രിമമായി വേണ്ടിവരുന്ന ഓക്സിജന്റെ അളവ് 40% വരെ കുറയ്ക്കാനും ഇതുവഴി കഴിയുന്നു. നിലവിലുള്ള കോവിഡ് ചികിത്സയ്ക്കൊപ്പം നൽകാമെന്നാണ് അടിയന്തര അനുമതി നൽകിക്കൊണ്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.

മരുന്ന് ആർക്കൊക്കെ?

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യുവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. 

ഘടന, പരീക്ഷണം

ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. 30 ആശുപത്രികളിലെ കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇതിന് അനുമതി നൽകിയത്.

English Summary: 10,000 Packets Of DRDO's Anti-Covid Oral Drug To Be Distributed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com