ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാകാമെന്ന ആശങ്ക നിലനിൽക്കെ, ജില്ലാതലത്തിൽ നിയന്ത്രണ നടപടികൾ ലഘൂകരിക്കാൻ 3 ഘടകങ്ങളെ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ചു.

കോവിഡ് സ്ഥിരീകരണ നിരക്ക് ഒരാഴ്ചയിൽ കൂടുതൽ 5 ശതമാനത്തിൽ താഴെയായിരിക്കണം, കോവിഡ് പിടിപെടാൻ സാധ്യതയേറിയ വിഭാഗക്കാരിൽ 70% പേർക്കും വാക്സീൻ നൽകണം, അകലം, മാസ്ക്, ശുചിത്വം എന്നിവയിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം എന്നീ നിർദേശങ്ങളാണ് ഐസിഎംആർ മുന്നോട്ടുവയ്ക്കുന്നത്. 

നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ഘട്ടംഘട്ടമായാണെങ്കിൽ വലിയൊരു വ്യാപനം ഇനിയുണ്ടാകില്ലെന്നും അതേസമയം, വാക്സീൻ പരമപ്രധാനമാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

മുൻഗണന വിഭാഗങ്ങളിൽ 70 ശതമാനത്തിനു വാക്സീൻ നൽകുന്നതോടെ കൂട്ടപ്രതിരോധം ലഭിക്കുമെന്നാണു കേന്ദ്രം പ്രതീക്ഷിക്കുന്നത്. 

ഈ വർഷാവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സീൻ നൽകാൻ കഴിഞ്ഞേക്കും. ജൂലൈയിലോ ഓഗസ്റ്റ് ആദ്യമോ പ്രതിദിനം ഒരു കോടിയാളുകൾക്കു വാക്സീൻ നൽകാൻ കഴിയുമെന്നു ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

വൈറസ് മാറിയാൽ കുട്ടികളിലും കടുക്കാം

വൈറസിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായാൽ കുട്ടികളെ ബാധിക്കുന്ന രീതിയിലും വ്യത്യാസം വരാമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് പിടിപെട്ടവരിൽ 2–3% കുട്ടികൾക്കു മാത്രമേ നിലവിൽ ആശുപത്രി ചികിത്സ ആവശ്യമായി വന്നുള്ളു. കുട്ടികളുടെ പ്രതിരോധത്തിന് പുതിയ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി.

സിനോവാക് വാക്സീനും അനുമതി

ജനീവ ∙ ചൈനയിലെ സിനോവാക് ബയോടെക് നിർമിച്ച് കോവിഡ്–19 വാക്സീൻ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുമതി നൽകി. 18 വയസ്സ് കഴിഞ്ഞവർക്ക് 2 ഡോസായി ഇതു നൽകാം. ആദ്യ ഡോസിനുശേഷം 2–4 ആഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ്. ഡബ്ല്യുഎച്ച്ഒയുടെ ആഗോള വാക്സിനേഷൻ പരിപാടിയായ കോവാക്സിലും ഇത് ഉൾപ്പെടുത്തി. അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ വാക്സീനാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com