ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വൻ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. ഡൽഹിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ ഇവിടെ അറുനൂറിലേറെ നഴ്സുമാരുണ്ട്. ഇതിൽ നാനൂറിലേറെ പേരും (66%) മലയാളികളാണ്. നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റു സംസ്ഥാനക്കാരായ സഹപ്രവർത്തകർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇതേക്കുറിച്ചു പരാതി ലഭിച്ചതിനാൽ ജോലി സ്ഥലത്തു മലയാളം പാടില്ലെന്നുമായിരുന്നു ശനിയാഴ്ച നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവ്. ഇംഗ്ലിഷിലോ ഹിന്ദിയിലോ ആശയവിനിമയം നടത്തണം. അല്ലാത്ത പക്ഷം കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവർ മലയാളത്തിൽ ട്വീറ്റ് ചെയ്താണ് ഉത്തരവിനെതിരെ പ്രതിഷേധിച്ചത്. ഭാഷയ്ക്കു വേണ്ടിയുള്ള പ്രതിഷേധം ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇന്ത്യയിലെ മറ്റു ഭാഷകളെപ്പോലെ ഭാരതീയമാണു മലയാളമെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ഉത്തരവ് അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവും വംശീയവും വിവേചനപരവുമാണെന്ന് പ്രിയങ്ക കുറിച്ചു. ഒരു ഭാഷയും ഒരു സ്ഥലത്തും നിരോധിക്കാൻ പാടില്ലെന്നു യച്ചൂരി പ്രതികരിച്ചു.

സർക്കാരോ ആശുപത്രി അധികൃതരോ അറിയാതെയായിരുന്നു ഉത്തരവെന്നാണ് വിശദീകരണം. സംഭവത്തിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ റിപ്പോർട്ട് തേടി. ഇതേപ്പറ്റി അന്വേഷിക്കുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ അഗർവാൾ ‘മനോരമ’യോടു പറഞ്ഞു.

English Summary: Facing backlash, Delhi hospital withdraws ‘no Malayalam’ order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com