ADVERTISEMENT

കൊൽക്കത്ത ∙ മുതിർന്ന നേതാവ് മുകുൾ റോയിയുടെ തിരിച്ചുവരവിനു പിന്നാലെ ബംഗാളിൽ ഡസനിലധികം ബിജെപി എംഎൽഎമാർ കൂടി തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ജൂലൈ 2 ന് അകം ബിജെപിയുടെ അംഗസംഖ്യ വീണ്ടും കുറയുമെന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. ബംഗാൾ നിയമസഭയിൽ 77 സീറ്റിലാണു ബിജെപി ജയിച്ചത്.

ഒരു കാലത്തു തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായിരുന്ന മുകുൾ റോയിയുടെ തിരിച്ചുവരവിനു ചുക്കാൻ പിടിച്ചതു പാ‍ർട്ടിയിലെ പുതിയ ശക്തികേന്ദ്രവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ്. ബിജെപിയിലേക്കു പോകുമ്പോൾ അഭിഷേകിനോടു പിണക്കത്തിലായിരുന്നുവെങ്കിലും ഇപ്പോൾ അതേ അഭിഷേക് തന്നെയാണു മുകുളിനെ തന്ത്രപരമായി തിരിച്ചെത്തിച്ചത്. 

ദേശീയതലത്തിൽ ബിജെപി ഇതര കക്ഷികളുടെ സഖ്യം ഉണ്ടാകുമെന്നും അതിൽ തൃണമൂൽ നേതൃപരമായ പങ്കു വഹിക്കുമെന്നും അഭിഷേക് നേരത്തേ പറഞ്ഞിരുന്നു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ ദേശീയ സാന്നിധ്യമാണു  മമതയുടെ ഉന്നം. മമതയുടെ നിർദേശപ്രകാരമാണു തൃണമൂലിന്റെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ കൂടിയായിരുന്ന പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരത് പവാറിനെ മുംബൈയിൽ പോയിക്കണ്ടത്.

നേതാക്കളെ അടർത്തിയെടുക്കുന്ന ബിജെപിയെ, അവരുടെ അതേ ശൈലിയിൽ മമത ആക്രമിക്കുന്നതും തകരാൻ പോകുന്ന പാർട്ടിയാണു ബിജെപി എന്ന ധാരണയുണ്ടാക്കാൻ കൂടിയാണ്. ‘മുകുൾ റോയിയുടെ തിരിച്ചുവരവിനു ബംഗാളിനപ്പുറത്തേക്കു പ്രാധാന്യമുണ്ട്. ഇതിന്റെ ദേശീയതല പ്രത്യാഘാതങ്ങൾ കാത്തിരുന്നു കാണുക’- മമതാ ബാനർജി പറഞ്ഞു. അതേസമയം, തനിക്കു നൽകിയ സെഡ് കാറ്റഗറി സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുകുൾ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തെഴുതി. 

തന്ത്രവും കരുത്തും തെളിയിച്ച്  അഭിഷേക് 

34 വർഷത്തെ ഇടതഭരണത്തിനുശേഷം ബംഗാളിലെ ഏറ്റവും പ്രശസ്തമായ വിലാസമായ ഹരീഷ് മുഖർജി ലെയ്നിലെ മമതയുടെ വീടാണു ബംഗാളിലെ അധികാര കേന്ദ്രം. മുപ്പത്തിമൂന്നുകാരനായ അഭിഷേകിന്റെ രംഗപ്രവേശത്തോടെ പുതിയൊരു അധികാര കേന്ദ്രവും കൂടി ഉയർന്നു. ഡയമണ്ട് ഹാർബറിലെ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മുഖ്യ പ്രചാരകനായും കരുത്തുകാട്ടി. മുകുൾ റോയിയും സുവേന്ദു അധികാരിയും അടക്കം നേതാക്കൾ പാർട്ടി വിട്ടത് അഭിഷേക് ശക്തികേന്ദ്രമായതോടെയാണ്.

English Summary: More BJP leaders express willingness to join TMC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com