ADVERTISEMENT

കൊൽക്കത്ത ∙ ബിജെപി ദേശീയ ഉപാധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ മടങ്ങിയെത്തി. കൊൽക്കത്തയിൽ ടിഎംസി ആസ്ഥാനത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ മുകുളും മകൻ ശുഭ്രാൻഷുവും പാർട്ടി അംഗത്വമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിറകെ ബിജെപിക്കു ലഭിച്ച ഏറ്റവും വലിയ പ്രഹരമായി ടിഎംസിയുടെ സഹസ്ഥാപകൻ കൂടിയായ മുകുൾ റോയിയുടെ ‘ഘർവാപസി.’

മൂന്നര വർഷം മുൻപു ബിജെപിയിൽ ചേർന്ന മുകുൾ പാർട്ടിക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തൃണമൂലിൽനിന്നു ബിജെപിയിലേക്കുള്ള നേതാക്കളുടെയും അണികളുടെയും ഒഴുക്കിനു ശക്തി നൽകിയതും മുകുളാണ്. മമതയുടെ വിശ്വസ്തനും കേന്ദ്രമന്ത്രിയുമായിരുന്ന മുകുളിന്റെ മടക്കം, ബിജെപിയിലേക്കു പോയവരുടെ തിരിച്ചൊഴുക്കിന് ആക്കം കൂട്ടും.

Mamata Banerjee, Mukul Roy
ഇനി ഒരേ സ്വരം: ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുകുൾ റോയിയെ (വലത്ത്) സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി മമത ബാനർജി. ചിത്രം: പിടിഐ

ബിജെപിയിൽ തനിക്കു ശ്വാസംമുട്ടുന്നുവെന്നു മുകുൾ അടുപ്പക്കാരോടു സൂചിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിനു ബിജെപി നൽകിയില്ല. മമതയെ നന്ദിഗ്രാമിൽ തോൽപിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയ്ക്കാണ് പ്രാമുഖ്യം ലഭിച്ചത്. ഇതും മടക്കത്തിനു കാരണമായി.മമതയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയാണ് മമത – മുകുൾ മഞ്ഞുരുകലിനു അരങ്ങൊരുക്കിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന മുകുളിനെയും ഭാര്യയെയും അഭിഷേക് സന്ദർശിച്ചിരുന്നു. 

മമതാ ബാനർജി, മുകുൾ റോയ്
മമതാ ബാനർജി, മുകുൾ റോയ്

ആരോഗ്യനില മമതയും പലവട്ടം ആരാഞ്ഞു. അഭിഷേക് ബാനർജിയുടെ സന്ദർശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുകുളിനെ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. 

2015 ൽ നാരദ ഒളിക്യാമറ ഓപ്പറേഷനിൽപെട്ടതിനു പിന്നാലെയാണ് പാർട്ടിയിൽ രണ്ടാമനായിരുന്ന മുകുളിനെ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കിയത്. 2017 നവംബറിലാണ് ബിജെപിയിൽ ചേർന്നത്. നാരദ കേസിനു പുറമേ ശാരദ ചിട്ടി തട്ടിപ്പു കേസിലും മുകുളിന്റെ പേരുണ്ടായിരുന്നു. ബിജെപിയിൽ ചേർന്ന ശേഷം ദേശീയ ഏജൻസികളുടെ കേസുകളിൽ അനക്കമുണ്ടായില്ല.

തൃണമൂലിലേക്കു തിരികെയെത്താൻ മുൻ മന്ത്രിമാരും മുൻ എംഎൽഎമാരുമായ ഒട്ടേറെ ബിജെപി നേതാക്കൾ മമതയുടെ അനുമതി കാത്തു നിൽക്കുകയാണ്. മുൻ എംഎൽഎ സൊനാലി ഗുഹ മമതയുടെ കരുണതേടി കരയുന്ന വിഡിയോ പുറത്തു വിട്ടിരുന്നു. വരും ദിവസങ്ങളിൽ പലർക്കും അനുമതി ലഭിക്കുമെന്നാണു കരുതുന്നത്. 

∙ ‘ഒട്ടേറെ ബിജെപി എംഎൽഎമാർ തൃണമൂലിലേക്കു വരാൻ ആഗ്രഹിക്കുന്നു. സന്ദിഗ്ധ ഘട്ടത്തിൽ ബിജെപി എന്നെ സഹായിച്ചില്ല. ഭാര്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. മുഖ്യമന്ത്രിയാണ് എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.’ – മുകുൾ റോയ്

∙ ‘മുകുൾ വീട്ടിലേക്കു മടങ്ങിയെത്തി. ഇനിയും ആളുകൾ തിരികെ വരും. മറ്റുള്ളവരെപ്പോലെ ചതിയനല്ലായിരുന്നില്ല മുകുൾ. ചതിയന്മാരെ തിരിച്ചെടുക്കില്ല.’ – മമത ബാനർജി

തൃണമൂലിലേക്കില്ല: അഭിജിത് മുഖർജി

ഇതിനിടെ കോൺഗ്രസ് വിട്ടു തൃണമൂലിൽ ചേരുമെന്ന അഭ്യൂഹം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി നിഷേധിച്ചു. ജിതിൻ പ്രസാദയെപ്പോലെ അഭിജിത്തും കോൺഗ്രസ് വിടുമെന്ന് ചില ചാനലുകൾ റിപ്പോർട്ടു ചെയ്തിരുന്നു.

English Summary: Mukul Roy Returns To Trinamool, Mamata Banerjee Says Not A 'Gaddar'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com