ADVERTISEMENT

ന്യൂഡൽഹി ∙ ഏകലോകം, ഏകാരോഗ്യം എന്ന സമീപനമാണ് കോവിഡ് മഹാമാരിയുടെ കാലത്തു വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 രാജ്യങ്ങളുടെ യോഗത്തിൽ അതിഥിയായി വെർച്വൽ പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് വാക്സീൻ നിർമാണം വ്യാപകവും സുതാര്യവുമാക്കാൻ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ ഇളവു നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്തുണ നൽകാനും മോദി അഭ്യർഥിച്ചു.

ഭാവിയിൽ ഉണ്ടാകാനിടയുള്ള മഹാമാരികൾക്കെതിരെ ലോകം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു മോദി പറഞ്ഞു. ജർമനിയും ഓസ്ട്രേലിയയും മോദിയുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചതായി വിദേശകാര്യ വ‍ൃത്തങ്ങൾ പറഞ്ഞു. പ്രസംഗത്തിനിടെ കോവിഡ് നേരിടുന്നതിൽ ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്ക് മോദി നന്ദി പറഞ്ഞു. മഹാമാരിയെ നേരിടുന്നതിലും വാക്സീൻ ഉൽപാദനത്തിലും വിതരണത്തിലും ഇന്ത്യയുടെ അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു.

യുകെ, കാനഡ, ഫ്രാൻസ്, യുഎസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി–7 രാജ്യങ്ങൾ. ഇത്തവണത്തെ സമ്മേളനത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ആതിഥേയരായ ബ്രിട്ടൻ ക്ഷണിച്ചിരുന്നു. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള രണ്ടാംഘട്ട ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ജി–7 രാജ്യങ്ങൾ തയാറാക്കിയ കരടു പ്രസ്താവനയിൽ പറഞ്ഞു.

‘ചെറു’ചേരികളല്ല ലോകം ഭരിക്കുന്നത്: ചൈന

ലണ്ടൻ ∙ ജി7 ഉച്ചകോടി ചർച്ചകളിലെ പ്രകടമായ ചൈനാവിരുദ്ധതയ്ക്കെതിരെ ശബ്ദമുയർത്തി ലണ്ടനിലെ ചൈനീസ് എംബസി. ചെറു‌ചേരികൾ ആഗോളവിധി നിശ്ചയിക്കുന്ന കാലം കഴിഞ്ഞെന്ന് എംബസി വക്താവ്. വലുതോ ചെറുതോ കരുത്തരോ ദുർബലരോ സമ്പന്നരോ ദരിദ്രരോ ആകട്ടെ, എല്ലാ രാജ്യങ്ങളും തുല്യരാണെന്നും ആഗോള തീരുമാനങ്ങളെടുക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിക്കണമെന്നുമാണ് എംബസി അഭിപ്രായപ്പെട്ടത്.

English Summary: Narendra Modi speech in G7 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com