ADVERTISEMENT

ന്യൂഡൽഹി ∙ എൻസിപി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ശരദ് പവാറിന്റെ വസതിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം കോൺഗ്രസിനെ ‘ചൂടുപിടിപ്പിച്ചു’. കോൺഗ്രസ് നേതാവ് കമൽ നാഥ്, പവാറുമായി കൂടിക്കാഴ്ച നടത്തി. താരിഖ് അൻവറും മല്ലികാർജുൻ ഖർഗെയും മറ്റും ഇടതു നേതാക്കളുമായും സംസാരിച്ചു. അടുത്ത ഫെബ്രുവരി – മാർച്ചിൽ തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവയെന്നാണു സൂചന.

പവാറിന്റെ വസതിയിൽ നടന്ന ‘രാഷ്ട്ര മഞ്ച്’ യോഗം മൂന്നാം മുന്നണി രൂപീകരണ ശ്രമമെന്നു തെറ്റിദ്ധരിക്കപ്പെട്ടെന്നാണു സംഘാടകരുടെ നിലപാട്. രാജ്യം നേരിടുന്ന വെല്ലുവിളിയും അതിനെ െചറുക്കാൻ ബദൽ സമീപനവും വ്യക്തമാക്കി ദർശന രേഖ പുറത്തിറക്കണമെന്നു മാത്രമാണ് യോഗ തീരുമാനം.

രാഷ്ട്രീയ ചർച്ചയല്ല, ആശങ്കകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനുള്ള യോഗം മാത്രമെന്നാണ് രാഷ്ട്ര മഞ്ച് നേതാവ് യശ്വന്ത് സിൻഹ ആമുഖമായി പറഞ്ഞത്. ഏതു വിഷയത്തിലും രാഷ്ട്രീയമുണ്ടെന്നും അതു പ്രത്യേകമായി പറയേണ്ടതില്ലെന്നും ഒമർ അബ്ദുല്ല പറഞ്ഞപ്പോൾ ഇടതു പ്രതിനിധികളുൾപ്പെടെ അതിനോടു യോജിച്ചു. അപ്പോഴും, കോൺഗ്രസില്ലാതെയുള്ള ചർച്ചയുടെ പ്രസക്തിയെക്കുറിച്ച് പലരും സംശയം ഉന്നയിച്ചു. കോൺഗ്രസിനെ ഒഴിവാക്കി ഒരേ‍ർപ്പാടിനുമില്ലെന്ന് പവാർ തന്നെ വിശദീകരിച്ചു.

തന്റെ വസതിയിൽ രാഷ്ട്ര മഞ്ച് യോഗം നടത്തി, അതിൽ താൻ പങ്കെടുത്തുവെന്നു മാത്രം എന്നു പറഞ്ഞ് അകലം പാലിക്കാൻ പവാർ ശ്രമിക്കുന്നുണ്ട്. താൻ മുന്നിട്ടിറങ്ങിയാൽ എങ്ങനെയാവും പ്രതികരണങ്ങൾ എന്നു മനസ്സ‌ിലാക്കുകയായിരുന്നു പവാറിന്റെ ഉദ്ദേശ്യമെന്നും വിലയിരുത്തലുണ്ട്.

രാഷ്ട്ര മഞ്ച് ചർച്ചാവേദി

കോൺഗ്രസിലെ മനീഷ് തിവാരിയും മുൻ നയതന്ത്രജ്ഞൻ കെ.സി.സിങ്ങും മുന്നോട്ടുവച്ചതും യശ്വന്ത് സിൻഹ ഏറ്റെടുത്തതുമാണ് രാഷ്ട്ര മഞ്ച് എന്ന ആശയം. എഴുത്തുകാരെയും തൊഴിലാളി നേതാക്കളെയും മാധ്യമപ്രവർത്തകരെയുമുൾപ്പെടെ സംഘടിപ്പിച്ച് ദേശീയ വിഷയങ്ങളിൽ പൊതുനിലപാട് സ്വീകരിക്കുകയെന്നതാണ് 2018ൽ രൂപീകരിച്ച മഞ്ചിന്റെ ലക്ഷ്യമായി പറഞ്ഞത്.

English Summary: Kamal Nath hold talks with Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com