ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പാർലമെന്റിൽ നൽകിയ ഉറപ്പു പാലിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, അതിനുമുൻപ് മണ്ഡല പുനഃക്രമീകരണവും സമാധാനപരമായ തിരഞ്ഞെടുപ്പും നടക്കേണ്ടതു സുപ്രധാനമാണെന്നും ജമ്മു കശ്മീരിൽനിന്നുള്ള നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടി.

2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും സംസ്ഥാനം 2 കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ഇതാദ്യമായാണ് നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ച 3 മണിക്കൂർ നീണ്ടു. മണ്ഡല പുനഃക്രമീകരണ നടപടികളോട് പല പാർട്ടികളും സഹകരിക്കാത്ത സാഹചര്യത്തിലാണ് ചർച്ചയ്ക്കു കേന്ദ്രം മുൻകൈയെടുത്തത്. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ നേരിടുന്നതിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്ന് രാജ്യാന്തരതലത്തിൽ വിമർശനവുമുണ്ടായി.

മണ്ഡലപുനഃക്രമീകരണം പൂർത്തിയായാലുടൻ നിയമസഭാ തിരഞ്ഞെടുപ്പിനു നടപടികൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചർച്ചയിൽ എല്ലാവരും ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പിന്നീടു പറഞ്ഞു. പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ നിയമപരവും ഭരണഘടനാപരവുമായ പോരാട്ടം തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

English Summary: Delimitation has to happen at quick pace so that polls can take place, says PM Modi after all-party meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com