ADVERTISEMENT

ന്യൂഡൽഹി ∙ മൊത്തം 6.29 ലക്ഷം കോടി രൂപയെന്നു കണക്കാക്കി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജ് പിന്തുണയുടേതാണ്, പ്രതീക്ഷയുടെയും.

പല മേഖലകൾക്കും കൈത്താങ്ങെന്ന സമീപന രീതി തുടരുന്നു; വൈകാതെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ മുന്നോട്ടുവയ്ക്കുന്നു.വായ്പ തിരിച്ചടവിന് വീണ്ടും മൊറട്ടോറിയം നൽകുമോയെന്ന ചോദ്യത്തിന് ധനമന്ത്രി മറുപടി നൽകിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം നിയന്ത്രിക്കുമോയെന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു.

വായ്പകളല്ല, വായ്പകൾക്കുള്ള ഈടാണ് കേന്ദ്രം വീണ്ടും പ്രഖ്യാപിക്കുന്നത്. കൂടുതൽ വായ്പയെന്നാൽ കൂടുതൽ സമ്മർദം എന്നല്ലേയെന്ന ചോദ്യത്തിന് ധനമന്ത്രാലയം 4 കാര്യങ്ങളാണ് മറുപടിയായി പറഞ്ഞത്: വായ്പ നൽകാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക, വായ്പ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, പണലഭ്യത ഉറപ്പാക്കുക, സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുക. 

ധനമന്ത്രാലയം പറഞ്ഞ നാലു കാര്യങ്ങളിലും ചോദ്യത്തിനുള്ള കൃത്യമായ മറുപടിയില്ല; വായ്പ നൽകാൻ ബാങ്കുകൾ മടിക്കുന്നുവെന്നു പരോക്ഷമായി സമ്മതിക്കുന്നുണ്ട്.

വായ്പ വിതരണത്തിൽ ബാങ്കുകൾക്കുള്ള താൽപര്യക്കുറവെന്നത് കോവിഡ് പ്രതിസന്ധിക്കു മുൻപേയുള്ളതാണ്. 3 കോടി രൂപയുടെ വായ്പ ഗാരന്റി പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ ഇതിനകം 1.1 ലക്ഷം സംരംഭങ്ങൾ തയാറായെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. 

ഇതിനകം 2.73 ലക്ഷം കോടി ഈടു നൽകുന്നതിന് അനുമതിയായെന്നും. വായ്പകൾക്ക് കേന്ദ്രം ഈടു നൽകുന്നത് ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്ക് വലിയ ഉത്തേജനമാകുന്നുവെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇപിഎഫ് ആനുകൂല്യം മാർച്ച് വരെ 

ന്യൂഡൽഹി ∙ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനെന്നോണം, ഇപിഎഫ് വിഹിതം കേന്ദ്രം നൽകുന്ന പദ്ധതി അടുത്ത മാർച്ച് 31 വരെ നീട്ടി. പുതിയ കോവിഡ് സമാശ്വാസ പാക്കേജിന്റെ ഭാഗമായാണിത്. 15,000 രൂപയിൽ താഴെ ശമ്പളമുള്ളവർക്കാണ് ആനുകൂല്യം. പദ്ധതി ഈ മാസം 30നു തീരേണ്ടതായിരുന്നു.

1000 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും വിഹിതം (മൊത്തം 24 %) കേന്ദ്രം നൽകും. 1000 ജീവനക്കാരിൽ കൂടുതലെങ്കിൽ, ജീവനക്കാരുടെ വിഹിതം മാത്രം (12 %) കേന്ദ്രം നൽകും.

മറ്റു പ്രഖ്യാപനങ്ങൾ:

∙ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന ഭാരത്‌നെറ്റ് പദ്ധതിക്ക് 19,041 കോടി കൂടി.

∙ ഇലക്ട്രോണിക്സ് ഉൽപാദന മേഖലയിലെ വൻകിട സംരംഭങ്ങൾക്ക് ആനുകൂല്യം നൽകുന്ന പദ്ധതി 2025–26 വരെ നീട്ടി.

∙ വൈദ്യുതി മേഖലയിൽ 25 കോടി സ്മാർട് മീറ്റർ, 10,000 ഫീഡർ തുടങ്ങിയവ സ്ഥാപിക്കാൻ 3,03,058 കോടിയുടെ പദ്ധതി. ഇതിൽ 97,631 കോടി കേന്ദ്രം മുടക്കും. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.

∙ വിവിധ മേഖലകൾക്കായി അടിയന്തര വായ്പ ഗാരന്റി പദ്ധതിക്ക് 1.5 ലക്ഷം കോടി കൂടി വകയിരുത്തും. നേരത്തേ 3 ലക്ഷം കോടി അനുവദിച്ചിരുന്നു.

∙ നിലവിലുള്ള വായ്പയുടെ 20 % കൂടി അധിക വായ്പ എന്ന പരിധി ഉയർത്തും.

English Summary: Nirmala Sitharaman announces economic relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com