ADVERTISEMENT

ന്യൂഡൽഹി ∙ പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി (38) അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറാണ്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന അഫ്ഗാൻ പട്ടണമായ സ്പിൻ ബോൽദാക്കിൽ അഫ്ഗാൻ സേനയ്ക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണു സിദ്ദീഖി കൊല്ലപ്പെട്ടത്. മൃതദേഹം റെഡ്ക്രോസിനു കൈമാറിയെന്നു താലിബാൻ അറിയിച്ചു.

ബംഗ്ലദേശ് തീരത്തു ബോട്ടിൽ വന്നിറങ്ങിയ രോഹിൻഗ്യൻ അഭയാർഥി, ഒരു കുട്ടിയെ തൂക്കിയെടുത്ത് കരയിലേക്കു നീങ്ങുന്നു (2017). ഡാനിഷ് സിദ്ദീഖിക്ക് പുലിറ്റ്സർ നേടിക്കൊടുത്ത ചിത്രം.
ബംഗ്ലദേശ് തീരത്തു ബോട്ടിൽ വന്നിറങ്ങിയ രോഹിൻഗ്യൻ അഭയാർഥി, ഒരു കുട്ടിയെ തൂക്കിയെടുത്ത് കരയിലേക്കു നീങ്ങുന്നു (2017). ഡാനിഷ് സിദ്ദീഖിക്ക് പുലിറ്റ്സർ നേടിക്കൊടുത്ത ചിത്രം.

ആക്രമണത്തിൽ ഒരു അഫ്ഗാൻ ഓഫിസറും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ചയാണു കാണ്ടഹാർ താവളത്തിൽനിന്നുള്ള അഫ്ഗാൻ സേനയ്ക്കൊപ്പം സംഘർഷം റിപ്പോർട്ട് ചെയ്യാനായി സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. കശ്മീർ സ്വദേശിയാണ്. ഭാര്യ: ജർമൻ സ്വദേശി റൈക്. 2 മക്കളുണ്ട്.

താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന മുന്നേറുമ്പോൾ ഇന്നലെ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടർന്ന്  വൈദ്യസഹായം നൽകി. അതിനുശേഷം മാർക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നിൽക്കുമ്പോഴാണു താലിബാൻ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2 ദിവസം മുൻപ് കാണ്ടഹാറിനു സമീപം റോക്കറ്റാക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതിന്റെ വിഡിയോ  ട്വീറ്റ് ചെയ്തിരുന്നു.

ഡാനിഷ് സിദ്ദീഖി
ഡാനിഷ് സിദ്ദീഖി

ഹിന്ദുസ്ഥാൻ ടൈംസിലും ടിവി ടുഡേ ചാനലിലും പ്രവർത്തിച്ചശേഷം 2010 മുതൽ റോയിട്ടേഴ്സിലാണ്. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ, രോഹിൻഗ്യൻ അഭയാർഥി പ്രശ്നം, ഹോങ്കോങ് പ്രക്ഷോഭം, 2015 ലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2018 ലെ പുലിറ്റ്സർ പുരസ്കാരം അദ്നാൻ അബിദിക്കൊപ്പം പങ്കിട്ടു.

സിദ്ദീഖി പകർത്തിയ ‍ഡൽഹി കലാപ ദൃശ്യങ്ങൾ 2020 ലെ മികച്ച റോയിട്ടേഴ്സ് ഫോട്ടോകളിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം കോവിഡ് വ്യാപനത്തിന്റെ ഭയാനകതയും സിദ്ദീഖിയുടെ ചിത്രങ്ങളിലൂടെ ലോകമറിഞ്ഞു. മാധ്യമപ്രവർത്തകർക്കു കടന്നുചെല്ലുക എളുപ്പമല്ലാത്ത ഉത്തര കൊറിയയിൽനിന്നു വരെ ചിത്രങ്ങൾ പകർത്തി. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

അഫ്ഗാനിൽ നിന്ന് ഡാനിഷ് പിന്നിട്ട ദിവസങ്ങളിൽ നൽകിയ ട്വീറ്റുകൾ ചുവടെ....

English Summary: Indian photojournalist Danish Siddiqui killed in Afghanistan’s Kandahar province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com