ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ചു നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. രാഹുലിന്റെ 2 ഫോൺ നമ്പറുകളാണു പട്ടികയിലുള്ളത്. സന്തതസഹചാരികളായ അലങ്കാർ സവായ്, സച്ചിൻ റാവു എന്നിവരുടെയും രാഹുലിന്റെ 5 സുഹൃത്തുക്കളുടെയും നമ്പറുകളും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് 2018– 19 ൽ നിരീക്ഷിക്കപ്പെട്ടതായാണ് ‘ദ് വയർ’ പോർട്ടലിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്.

രാവിലെ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തെ പ്രക്ഷുബ്ധമാക്കിയ ചാര വിവാദം പുതിയ വെളിപ്പെടുത്തലോടെ കൂടുതൽ കത്തിപ്പടർന്നു. രാവിലെ സർക്കാർ നിലപാട് വിശദീകരിക്കാൻ ശ്രമിച്ച കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും വരെ നിരീക്ഷിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, 

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ, തിരഞ്ഞെടുപ്പു ക്രമക്കേടുകൾ വിലയിരുത്തുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിലെ (എഡിആർ) ജഗദീപ് ഛോക്കർ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പഴ്സനൽ സെക്രട്ടറി എന്നിവരുടെ നമ്പറുകളും ചോർത്തിയതായാണു വെളിപ്പെടുത്തൽ.

2019 ലെ പൊതുതിരഞ്ഞെടുപ്പു കാലത്ത് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയതിൽ അന്നു തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ലവാസ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ആരോപണമുന്നയിച്ച വനിതയുടെയും അവരുമായി ബന്ധപ്പെട്ട ചിലരുടെയും നമ്പറുകളും പട്ടികയിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ കക്ഷികളും അന്വേഷണം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനക്കുതിപ്പു തടയാൻ വിഘടനവാദികളും പ്രതിലോമശക്തികളും ചേർന്നുള്ള ഗൂഢാലോചനയാണിതെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ആരോപിച്ചു.

ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ചർച്ചയ്ക്കുള്ള ആവശ്യം തള്ളിയതിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിഞ്ഞില്ല. 

ഇവിടെ മാത്രം എന്തിന് വിവാദം: രവിശങ്കർപ്രസാദ്

ന്യൂഡൽഹി ∙ 45 രാജ്യങ്ങൾ ഉപയോഗിക്കുന്ന പെഗസസ് സോഫ്റ്റ്‌വെയറിനെച്ചൊല്ലി ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണു വിവാദമെന്നു മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. നിരീക്ഷണം നടന്നതായി ആദ്യം ആരോപിക്കപ്പെട്ട 2019 ൽ രവിശങ്കർ പ്രസാദ് ആയിരുന്നു ഐടി മന്ത്രി. പെഗസസിന്റെ ഇടപാടുകാരിൽ കൂടുതലും പാശ്ചാത്യ രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആരുടെയും ഫോൺ ചോർത്താനാവില്ലെന്നാണ് ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

‌English Summary: Central Government in heat on Pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com