ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ചു പാർലമെന്റിനുള്ളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. ഇന്നലെ പാർലമെന്റ് സമ്മേളിക്കുന്നതിനു മുൻപ് യോഗം ചേർന്നാണ് ഇരു സഭകളിലും കേന്ദ്രത്തിനെതിരെ ഒന്നിച്ചു പോരാടാൻ പ്രതിപക്ഷം തീരുമാനിച്ചത്.

കോൺഗ്രസ്, തൃണമൂൽ, എൻസിപി, ആർജെഡി, സിപിഎം, സിപിഐ, ഡിഎംകെ, എസ്പി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം), ആർഎസ്പി എന്നീ കക്ഷികളാണു പ്രതിഷേധത്തിനായി കൈകോർക്കുന്നത്. ആം ആദ്മി പാർട്ടിയെയും ഒപ്പം കൂട്ടാൻ ശ്രമിക്കും. ബിഎസ്പി വിട്ടു നിൽക്കുകയാണ്. സഭാ കക്ഷി നേതാക്കളായ മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ്), ശരദ് പവർ (എൻസിപി) എന്നിവരാണു യോഗത്തിനു മുൻകയ്യെടുത്തത്.

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അന്വേഷണത്തിനു കേന്ദ്രം തയാറാകും വരെ ഇരു സഭകളിലും പ്രതിഷേധമുയർത്തും. സഭയിലെ മറ്റു നടപടികൾ നിർത്തിവച്ച് വിഷയത്തിൽ പ്രത്യേക ചർച്ച നടത്താൻ കേന്ദ്രം തയാറായാൽ അതിൽ പങ്കെടുക്കുമെങ്കിലും ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും ആവശ്യപ്പെടും.

ചർച്ചയ്ക്കോ അന്വേഷണത്തിനോ കേന്ദ്രം തയാറായില്ലെങ്കിൽ വർഷകാല സമ്മേളനം പൂർണമായി സ്തംഭിപ്പിക്കേണ്ടി വന്നാലും അതിനു മടിക്കരുതെന്നു കക്ഷി നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റിനു പുറത്തും സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ട്.

ഫോൺ ചോർത്തലിനെക്കാൾ സാധാരണക്കാരനെ നേരിട്ടു ബാധിക്കുന്ന വിഷയം ഇന്ധന വിലക്കയറ്റമാണെന്നും അതിനെതിരെയും പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. നാളെ മുതൽ പാർലമെന്റിലേക്കു ദിവസേന പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ച കർഷക സംഘടനകൾക്കു പിന്തുണയുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങും. പാർലമെന്റിൽ സംയുക്ത പോരാട്ടത്തിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകാൻ പതിവായി യോഗം ചേരാനും കക്ഷികൾ തീരുമാനിച്ചു. അതേസമയം, കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ഗുരുതര സാഹചര്യം കണക്കിലെടുത്ത്, അതെക്കുറിച്ച് ഇന്നലെ രാജ്യസഭയിൽ ചേർന്ന പ്രത്യേക ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷം തയാറായി.

നാളെ രാജ്യമാകെ രാജ്ഭവൻ മാർച്ച്

ന്യൂഡൽഹി ∙ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നാളെ സംസ്ഥാന തലസ്ഥാനങ്ങളിൽ‌ രാജ്ഭവനുകളിലേക്കു പ്രകടനം നടത്താൻ പിസിസി നേതൃത്വങ്ങൾക്ക് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർദേശം നൽകി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണു പ്രകടനം.

English Summary: Oppostion united against central government in pegasus issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com