ADVERTISEMENT

ന്യൂഡൽഹി ∙ ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചറിലൂടെ നിശ്ചിത ആവശ്യങ്ങൾക്കു പണമിടപാടു നടത്താനാകുന്ന ‘ഇ–റുപ്പി’ സേവനം തുടങ്ങി. സർക്കാർ സഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ‘ഇ–റുപ്പി’ സേവനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സർക്കാർ ഏജൻസികൾക്കും കോർപറേറ്റുകൾക്കും നിശ്ചിത വ്യക്തികൾക്കു വൗച്ചർ ഡിജിറ്റലായി നൽകാം. ഉദാഹരണത്തിന്, ജീവനക്കാർക്കു വാക്സിനേഷനുള്ള തുകയുടെ ഇ–റുപ്പി വൗച്ചർ മൊബൈൽ ഫോണിൽ മെസേജായി നൽകാൻ കമ്പനിക്കു സാധിക്കും വാക്സീനെടുക്കാൻ ആശുപത്രിയിലെത്തുമ്പോൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ വൗച്ചർ സ്കാൻ ചെയ്യും. ഇതോടെ വൗച്ചറിലെ തുക ആശുപത്രിയുടെ അക്കൗണ്ടിലെത്തും.

സർക്കാരിന്റെ നേരിട്ടുള്ള സഹായങ്ങളും മറ്റും വൗച്ചറായി ലഭ്യമാക്കിയാൽ ഇടനിലക്കാരിലൂടെയുള്ള ചോർച്ച തടയമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. വൗച്ചറായതിനാൽ പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമില്ല. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണു പദ്ധതി നടപ്പാക്കുന്നത്.

എങ്ങനെ

∙ സർക്കാർ ഏജൻസികൾക്കോ കോർപറേറ്റുകൾക്കോ പദ്ധതിയിൽ ഉൾപ്പെട്ട ബാങ്കുകളെ സമീപിച്ച് നിശ്ചിത ഗുണഭോക്താക്കൾക്ക് നിശ്ചിത തുകയുടെ വൗച്ചർ ഇഷ്യു ചെയ്യാം. ഗുണഭോക്താക്കളുടെ ഫോണിൽ ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ആയോ എസ്എംഎസ് ആയോ വൗച്ചർ ലഭിക്കും.

∙ പേയ്മെന്റ് നടത്തേണ്ട സ്ഥലത്ത് ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസിലുള്ള സ്ട്രിങ് വാല്യു കാണിക്കുക. അവർ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യും.

∙ സ്കാൻ ചെയ്യുമ്പോൾ ഗുണഭോക്താവിന്റെ ഫോണിലെത്തുന്ന 6 അക്ക ഓതന്റിക്കേഷൻ കോഡ് കൗണ്ടറിൽ ഇരിക്കുന്ന ആൾക്കു പറഞ്ഞുകൊടുക്കണം. ഇതോടെ വൗച്ചർ വെരിഫിക്കേഷൻ പൂർത്തിയാകുകയും പേയ്മെന്റ് നടക്കുകയും ചെയ്യും.

ഗുണം

∙ ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട്, കറൻസി, ഓൺലൈൻ ബാങ്കിങ് സേവനം എന്നിവയൊന്നും വേണ്ട.

∙ പ്രിന്റഡ്, കാർഡ് രൂപത്തിലുള്ള വൗച്ചർ ആവശ്യമില്ല.

∙ ഓതന്റിക്കേഷൻ കോഡ് വേണ്ടതിനാൽ ഒരാളുടെ കോഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

∙ ഇടപാടു നടക്കുമ്പോൾ വ്യക്തിഗത വിവരങ്ങളൊന്നും കൈമാറേണ്ട.

പൊതുവായ സംശയങ്ങൾ‌

∙ വ്യക്തികൾ തമ്മിൽ പണം കൈമാറാൻ കഴിയുമോ?

വ്യക്തികൾ തമ്മിലുള്ള ഇടപാടിനല്ല ഇ–റുപ്പി. നിശ്ചിത ആവശ്യത്തിനായി തയാറാക്കുന്ന വൗച്ചറുകൾ ആ സ്ഥാപനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

∙ ബാങ്ക് അക്കൗണ്ടില്ലാതെ എങ്ങനെയാണ് ഇടപാട്?

ഇടപാട് നടത്താൻ ഗുണഭോക്താവിനു വേണ്ടത് സർക്കാരോ കോർപറേറ്റുകളോ ബാങ്ക് മുഖേന നൽകുന്ന വൗച്ചറാണ്. ഇത് കൗണ്ടറിൽ കാണിക്കുന്നതിന് അക്കൗണ്ടോ വ്യക്തിഗത റജിസ്ട്രേഷനോ ആവശ്യമില്ല. സ്മാർട്ഫോൺ ഇല്ലെങ്കിൽ എസ്എംഎസ് (സ്ട്രിങ്) രൂപത്തിലായിരിക്കും കോഡ്. അതും സ്കാൻ ചെയ്യാനുള്ള സംവിധാനം അവർക്കുണ്ടാകും.

∙ ഒരു വൗച്ചർ എത്ര തവണ ഉപയോഗിക്കാം?

ഒരു തവണ മാത്രമേ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ. നിലവിൽ 10,000 രൂപ വരെയുള്ള വൗച്ചർ നൽകാം. മറ്റൊരു വ്യക്തിക്കു കൈമാറാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ല.

∙ ഏതൊക്കെ ബാങ്കുകൾ സേവനം നൽകുന്നു?

എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ്, ഇന്ത്യൻ ബാങ്ക്, കോട്ടക് ബാങ്ക്.

Content Highlight: e Rupi launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com