ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് വിവാദം കത്തിപ്പടരുന്നതിനിടെ ചാര സോഫ്റ്റ്‍വെയറുകൾ വിൽക്കുന്ന എൻഎസ്ഒ ഗ്രൂപ്പ് അടക്കമുള്ള ഇസ്രയേൽ സൈബർ കമ്പനികളുടെ അടിയന്തര യോഗം ചേർന്നതായി റിപ്പോർട്ട്. പെഗസസ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനു പുറമേ കാൻഡിരു, ടോക്ക, റെയ്സോൺ, ക്വാഡ്രീം, കോഗ്നൈറ്റ് തുടങ്ങിയ കമ്പനികൾക്കും ക്ഷണമുണ്ടായിരുന്നു. വിവാദങ്ങൾക്കിടെ കമ്പനികൾ തമ്മിലുള്ള സഹകരണത്തിന് വഴിതുറക്കാനാണ് യോഗമെന്നും വിലയിരുത്തലുണ്ട്. 

ഇസ്രയേൽ സൈബർ മേഖലയിലെ പ്രധാനിയും എൻഎസ്ഒ ഗ്രൂപ്പിന്റെ ഉപദേശകനുമായ ഡാനിയേൽ റെയ്സ്നറുടെ നേതൃത്വത്തിലായിരുന്നു യോഗമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ മുൻ പ്രസിഡന്റ് കായിം ഹെർസോഗ് സ്ഥാപിച്ച ഹെർസോഗ് ഫോക്സ് ആൻഡ് നീമാൻ ലോ സ്ഥാപനത്തിലെ അഭിഭാഷകനാണ് റെയ്സ്നർ. 

നിലവിലെ പ്രസിഡന്റ് യിസാക് ഹെർസോഗും ഈ നിയമസ്ഥാപനത്തിന്റെ ഭാഗമായിരുന്നു.

പെഗസസ് വിഷയത്തിൽ പ്രത്യാഘാതങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും കമ്പനികൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ സൈബർ വ്യവസായത്തെ തകർക്കുകയാണ് പെഗസസ് വിവാദത്തിന്റെ ലക്ഷ്യമെന്ന് എൻഎസ്ഒ സിഇഒ ഷാലെവ് ഹൂലിയോ ആരോപിച്ചിരുന്നു. മറ്റൊരു സൈബർ ഇന്റലിജൻസ് കമ്പനിയായ സെലിബ്രൈറ്റിന്റെ ആദ്യ പൊതുവിൽപന (ഐപിഒ) തടയാൻ ശ്രമിക്കുന്നതും കാൻഡിരു എന്ന കമ്പനിക്കെതിരെയുള്ള റിപ്പോർട്ട് ഇതേ സമയത്തു പ്രസിദ്ധീകരിച്ചതും യാദൃച്ഛികമല്ലെന്ന് ഹൂലിയോ പറഞ്ഞിരുന്നു.

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പിഴവുപയോഗിച്ചാണ് കാൻഡിരു ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 10 രാജ്യങ്ങളിലായി നൂറോളം ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, വിമതർ എന്നിവരുടെ വിവരങ്ങൾ ചോർത്തിയത്. തുടർന്ന് ജൂലൈ 13ന് മൈക്രോസോഫ്റ്റ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ് പുറത്തിറക്കി. കാൻഡിരുവിന്റെ പേരു വ്യക്തമാക്കിയില്ലെങ്കിലും ഇസ്രയേൽ കേന്ദ്രമായ ഏജൻസിയുടെ സോഫ്റ്റ്‍വെയർ എന്നാണ് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചത്.

Content Highlight: Pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com