ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു വേണ്ടി നിശ്ചയിച്ച ഔദ്യോഗിക വസതി ഒഴിപ്പിച്ചെടുക്കാൻ നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥർ തല പുകയ്ക്കുന്നു. അവിടെ താമസിക്കുന്ന സ്ഥാനം പോയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാൽ വസതി ഒഴിയാൻ മടിക്കുന്നതാണു കാരണം. 

ജ്യോതിരാദിത്യയ്ക്ക് ആത്മബന്ധമുള്ളതാണ് പൊക്രിയാൽ താമസിക്കുന്ന 27, സഫ്ദർജങ് റോഡിലെ 7 മുറികളുള്ള ബംഗ്ലാവ്. മൻമോഹൻ സർക്കാരിൽ മന്ത്രിയായിരുന്നപ്പോഴും പിതാവ് മാധവറാവു സിന്ധ്യ മന്ത്രിയായിരുന്നപ്പോഴും താമസിച്ചിരുന്ന വീടാണിത്.  സ്ഥാനമൊഴിഞ്ഞ് ഒരു മാസത്തിനകം വസതി ഒഴിയണമെന്നാണെങ്കിലും മുൻ വിദ്യാഭ്യാസ മന്ത്രി പൊക്രിയാൽ ഒഴിയാൻ തയാറായിട്ടില്ല. വേറെ വീടു കൊടുത്തെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. 

സിന്ധ്യയാകട്ടെ ഈ വീടു കിട്ടും വരെ ഔദ്യോഗിക വസതി വേണ്ടെന്നു വച്ച് ഡൽഹിയിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ചട്ടപ്രകാരം ടൈപ്പ്–8 വിഭാഗത്തിൽപ്പെട്ട ഇത്തരം വലിയ ബംഗ്ലാവുകൾ കേന്ദ്രമന്ത്രിമാർ, ജുഡീഷ്യൽ അധികാരികൾ, രാജ്യസഭാംഗങ്ങൾ എന്നിവർക്കേ നൽകാനാവൂ. 

രമേശ് പൊഖ്രിയാൽ (Image Courtesy - PIB)
രമേഷ് പൊക്രിയാൽ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവച്ചിട്ടും വസതി ഒഴിയാഞ്ഞതിന് വൻതുക അടയ്ക്കാൻ രമേഷ് പൊക്രിയാൽ അടക്കമുള്ള മുൻ മുഖ്യമന്ത്രിമാരോട് ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനെതിരെ നൽകിയ ഹർജി ഇപ്പോൾ സുപ്രീം കോടതിയിലാണ്. പൊക്രിയാലിൽനിന്ന് 41.64 ലക്ഷം രൂപ ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിപണി നിരക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർതന്നെ നൽകിയ കണക്കനുസരിച്ചാണ് തുക നിശ്ചയിച്ചത്. 

പൊതുപദവി ഒഴിയുന്ന വ്യക്തിയും സാധാരണക്കാരും തമ്മിൽ വ്യത്യാസമില്ല. അതിന്റെ പേരിൽ ഒരാളെ പ്രത്യേക ഗണത്തിൽ പെടുത്തി ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അന്നു കോടതി വ്യക്തമാക്കി. 

English Summary: Jyotiraditya Scindia yet to get official home in delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com