ADVERTISEMENT

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ബെഞ്ചിൽ ആരൊക്കെ വേണമെന്നു ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശേഷമായിരിക്കും തുടർവാദം. ഇതോടെ പിഎഫ് കേസുകളിലെ തീർപ്പ് വീണ്ടും നീളുമെന്നുറപ്പായി. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാത്തതിനു കേന്ദ്രത്തെ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കിയുള്ള ഇടക്കാല ഉത്തരവു നിലനിൽക്കുമെന്നും ജഡ്ജിമാരായ യു.യു. ലളിത്, അജയ് രസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആർ.സി. ഗുപ്ത കേസിൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു കേരള ഹൈക്കോടതി വിധി. പെൻഷൻ ഫണ്ടിലേക്ക് പണം അടയ്ക്കുന്നതിനുള്ള ശമ്പള പരിധിയെ കുറിച്ചായിരുന്നു ആർ.സി. ഗുപ്ത കേസിലെ വിധി. ഇതു പരിഗണിക്കാതെ നിലവിലെ നിയമപ്രശ്നം പരിശോധിക്കാനാകില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കി.

ഈ വിധി രണ്ടംഗ ബെഞ്ചിന്റേതാണെന്നിരിക്കെ, കേസ് മൂന്നിൽ കുറയാതെ ജഡ്ജിമാരുള്ള ബെഞ്ചിനു വിടണമെന്നും കോടതി നിലപാടെടുത്തു. അതേസമയം, ആർ.സി. ഗുപ്ത കേസിലെ വിധിയിൽ സംശയമുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉത്തരവിൽ ഒഴിവാക്കണമെന്നു പിഎഫ് അംഗങ്ങൾക്കു വേണ്ടി ഹാജരായ കപിൽ സിബൽ, ജി. ശങ്കരനാരായണൻ, ആർ. ബസന്ത്, നിഷെ ശങ്കർ രാജൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, രണ്ടും വ്യത്യസ്ത സാഹചര്യങ്ങളിലുള്ളതാണെന്ന വാദം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു (ഇപിഎഫ്ഒ) വേണ്ടി ആര്യാമ സുന്ദരം ആവർത്തിച്ചു. ഹർജികൾ മൂന്നംഗ ബെഞ്ചിനു വിടുന്നതിന് മുൻപ് തങ്ങൾക്കു പറയാനുള്ളതു കൂടി കേൾക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടി.നേരത്തെ, പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാണ് ഇപിഎഫ്ഒയും തൊഴിൽ മന്ത്രാലയവും ആവശ്യപ്പെടുന്നത്.

English Summary: PF pension case at high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com