ADVERTISEMENT

ന്യൂഡൽഹി ∙ മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാർ ഉൾപ്പെടെ സുപ്രീം കോടതിയിലേക്കു 9 പുതിയ ജഡ്ജിമാരെ നിയമിച്ചു. 3 പേർ വനിതകളാണ്. ജസ്റ്റിസ് രവികുമാറിനു പുറമേ, ജഡ്ജിമാരായ ബി.വി. നാഗരത്ന, ഹിമ കോഹ്‍ലി, ബി.എം. ത്രിവേദി, അഭയ് ഓക്ക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി, എം.എം. സുന്ദരേശ്, മുതിർന്ന അഭിഭാഷകൻ പി.എസ്. നരസിംഹ എന്നിവരെയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജഡ്ജിമാരായി നിയമിച്ചത്. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയുണ്ടായേക്കും.

സീനിയോറിറ്റി പരിഗണിക്കുമ്പോൾ, ജസ്റ്റിസ് ബി.വി. നാഗരത്ന 2027 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാനുള്ള സാധ്യതയേറി. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യവനിതയാകും ജസ്റ്റിസ് നാഗരത്ന. 34 ആണ് സുപ്രീം കോടതിയിലെ അനുവദനീയ അംഗബലം.  ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാർശ അതേപടി അംഗീകരിച്ച കേന്ദ്രസർക്കാർ നൽകിയ പട്ടികയാണ് രാഷ്ട്രപതി അംഗീകരിച്ചത്.

കേരള ഹൈക്കോടതിയിലെ സീനിയർ ജ‍ഡ്ജിയായ സി.ടി. രവികുമാർ 1960 ജനുവരി ആറിന് മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് തേവന്റെയും സരസ്വതിയുടെയും മകനായി ജനിച്ചു. 1986 ജൂലൈ 12 ന് അഭിഭാഷകനായി എൻറോൾ ചെയ്തു. സീനിയർ ഗവൺമെന്റ് പ്ലീഡർ, സ്പെഷൽ ഗവൺമെന്റ് പ്ലീഡർ (എസ്‌സി/എസ്ടി) എന്നീ നിലകളിലും പ്രവർത്തിച്ചു. 2009 ജനുവരി 5ന് ഹൈക്കോടതി ജഡ്ജിയായി. നിലവിൽ കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനാണ്. ഭാര്യ അഡ്വ. സൈറ. മക്കൾ: അഡ്വ. നീതു രവികുമാർ, നീനു രവികുമാർ (ഗവേഷക, മൈസൂരു), മരുമകൻ: അഡ്വ. ശബരീഷ് സുബ്രഹ്മണ്യം (സുപ്രീം കോടതി)

English Summary: C.T. Ravikumar Supreme Court judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com