ADVERTISEMENT

ന്യൂഡൽഹി∙ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പദ്ധതികൾ അഹമ്മദാബാദിൽ നടപ്പാക്കുന്നതിനു ചുക്കാൻ പിടിച്ചയാളാണു ‘ദാദ’ എന്നറിയപ്പെടുന്ന എൻജിനീയർ ഭൂപേന്ദ്ര പട്ടേൽ. അന്ന് അഹമ്മദാബാദ് ഡവലപ്മെന്റ് അതോറിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന പട്ടേൽ പിന്നീട് അതോറിറ്റിയുടെ ചെയർമാനായി. പാലങ്ങളും റോ‍ഡുകളും നഗരസൗന്ദര്യവൽക്കരണവുമായി അഹമ്മദാബാദിന്റെ മുഖം മിനുക്കിയ ഭൂപേന്ദ്രപട്ടേലിനെ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖം മിനുക്കാൻ മുഖ്യമന്ത്രിയായി നിയോഗിച്ചത് പ്രധാനമന്ത്രി തന്നെ.

എല്ലാവർക്കും സ്വീകാര്യൻ

മുൻ മുഖ്യമന്ത്രിയും ഇപ്പോൾ യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ വലംകയ്യായാണ് ഭൂപേന്ദ്ര പട്ടേൽ അറിയപ്പെടുന്നത്. ബിജെപിയോട് നീരസത്തിലായ പട്ടേൽ വിഭാഗത്തെ അനുനയിപ്പിക്കാനും തിരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്രമന്ത്രിമാരായ പർഷോത്തം രൂപാല, മൻസുഖ് മാണ്ഡവ്യ എന്നിവരേക്കാൾ നല്ലത് താരതമ്യേന അറിയപ്പെടാത്ത ഭൂപേന്ദ്ര പട്ടേൽ തന്നെയാണെന്ന മുൻ മുഖ്യമന്ത്രി ആനന്ദിബെന്നിന്റെ നിർദേശം മോദി അംഗീകരിക്കുകയായിരുന്നു. 

ജനകീയനും ശക്തനും അനുഭവസമ്പത്തുള്ള ആളും എന്നതിലപ്പുറം നിർണായക സമയത്ത് എല്ലാവർക്കും സ്വീകാര്യനായിരിക്കുക എന്നതു കൂടിയായിരുന്നു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ഇന്നലെ രാവിലെ എംഎൽഎമാർക്കിടയിൽ സമവായമുണ്ടാക്കാൻ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും സംസ്ഥാന പ്രസിഡന്റ് സി.ആർ പാട്ടീലുമൊത്ത് ചർച്ച നടത്തി. 

3 മണിക്ക് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് അൽപം മുൻപാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് അംഗീകരിച്ചതായി ഹൈക്കമാൻഡ് അറിയിപ്പെത്തിയത്. 

നോട്ടം പട്ടേൽ വോട്ട് ബാങ്കിൽ

ഗുജറാത്തിൽ 14% വരുന്ന പട്ടിദാർ(പട്ടേൽ) സമുദായം കുറഞ്ഞത് 90 മണ്ഡലങ്ങളിലെങ്കിലും വിജയ പരാജയങ്ങൾ തീരുമാനിക്കാൻ വോട്ടുള്ളവരാണ്. 2015ൽ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ സമരത്തോടെ ഈ സമുദായത്തിലെ ഉപ വിഭാഗങ്ങളായ കഡ്‌വ, ല്യൂവ എന്നിവർക്കിടയിൽ ബിജെപിയുടെ പിന്തുണയ്ക്ക് കാര്യമായ ഇടിവുണ്ടായി. 

ആം ആദ്മി പാർട്ടിയുടെ വരവും കോവിഡ് കൈകാര്യം ചെയ്തതിലും മറ്റും രുപാണി സർക്കാരിനു പറ്റിയ പാളിച്ചകളും ഭരണ വിരുദ്ധ വികാരവും ചേർന്നാൽ 2022ൽ തിരിച്ചടിയുണ്ടാവുമെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ തലമാറ്റത്തിനു പിന്നിൽ.

ഭൂപേന്ദ്ര പട്ടേലാണ് അടുത്ത തിര‍ഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുകയെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം മോദിയുടെ മറ്റൊരു വിശ്വസ്തനായ മൻസുഖ് മാണ്ഡവ്യ മുഖ്യമന്ത്രി പദത്തിലെത്താനുള്ള സാധ്യതയും വിരളമല്ല.

English Summary: Bhupendra Patel and Gujarat politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com