ADVERTISEMENT

ന്യൂഡൽഹി ∙ പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്നും അതു നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ രേഖാമൂലം 2 ആഴ്ചയ്ക്കകം അറ്റോർണി ജനറലിനു (എജി) ലഭ്യമാക്കാൻ ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനാ‍യ ബെ‍ഞ്ച് സംസ്ഥാനങ്ങളോടു വീണ്ടും നിർദേശിച്ചു. 

ഇതുമായി ബന്ധപ്പെട്ട 133 ഹർജികളാണ് 3 അംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. കേസ് അടുത്ത മാസം 5ന് പരിഗണിക്കാൻ മാറ്റി. നേരിടുന്ന പ്രശ്നങ്ങൾ എജി: കെ.കെ. വേണുഗോപാലും ഏതാനും സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിരുന്നു. പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നൽകണമെന്നുണ്ടെങ്കിൽ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ വേണമെന്ന് 2006 ൽ എം.നാഗരാജ് കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതു തെറ്റെന്ന് 2018 ൽ സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് വിധിച്ചു. ഈ വിധികൾ പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്നു കോടതി പറഞ്ഞു. ഇന്ദിര സാഹ്നി കേസിൽ (മണ്ഡൽ കമ്മിഷൻ) നൽകിയ വിധി തെറ്റെന്ന വാദവും പരിഗണിക്കില്ല. നേരത്തെ വ്യക്തമാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമാണു ഹർജികൾ പരിഗണിക്കുകയെന്നും കോടതി പറഞ്ഞു.

എന്നാൽ, സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതിനാൽ നാഗരാജ് കേസിലെ വിധിയെക്കുറിച്ചു കോടതിയുടെ വ്യാഖ്യാനം ആവശ്യമാണെന്നു എജി പറഞ്ഞു. വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കരുതെന്നു കരുതി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അടുത്തകാലത്ത് 1400 താൽക്കാലിക സ്ഥാനക്കയറ്റങ്ങൾ നൽകിയിട്ടുണ്ട്. അതു തന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 

എന്നാൽ, നടപടിയുടെ പേരിൽ ആഭ്യന്തര സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നിലവിലുണ്ട്. ഈ കേസിൽ കോടതി നൽകിയ നോട്ടിസ് പിൻവലിക്കണമെന്നും എജി ആവശ്യപ്പെട്ടു. എന്നാൽ, അതു പിൻവലിക്കുന്നില്ലെന്നും കോടതിയലക്ഷ്യ ഹർജിയും മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കാൻ സംസ്ഥാനങ്ങളോടു നേരത്തെയും നിർദേശിച്ചതാണ്. പ്രശ്നങ്ങളെ 11 ഗണമായി തിരിക്കാമെന്നാണു മനസ്സിലാക്കുന്നത്. സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ചു പരസ്പര വിരുദ്ധമായ വിധികൾ ഹൈക്കോടതികൾ നൽകിയിട്ടുണ്ടെന്നും അതിനാൽ ഒഴിവുകൾ നികത്താനാവാത്ത സ്ഥിതി സംസ്ഥാനങ്ങളിലുണ്ടെന്നും കോടതി പറഞ്ഞു. 

ഭരണഘടനയുടെ 16(4), 16(4)(എ) വകുപ്പുകൾ വ്യാഖ്യാനിച്ചു നിയമമെന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതലായി നയമെന്തെന്നു പറയാനാവില്ല. നയം നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. വകുപ്പുകൾ വ്യാഖ്യാനിച്ചുള്ള വിധികളുടെ പുനഃപരിശോധന ആവശ്യമില്ലെന്നാണ് എജിയുടെയും നിലപാടെന്നു കോടതി പറഞ്ഞു.

Content Highlight: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com