ADVERTISEMENT

കൊച്ചി ∙ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു. വെറും 8 മാസത്തിനുള്ളിൽ 10,000 പോയിന്റ് വർധനയോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 60,000 കടന്നു. ഇന്നലെ മാത്രം ഉയർന്നത് 163 പോയിന്റ്; 60,048 പോയിന്റിലാണു ക്ലോസ് ചെയ്തത്. 

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 100 പോയിന്റ് കൂടി 17,853 ൽ എത്തി. സെൻസെക്സ് 50,000 തൊട്ടത് ഇക്കൊല്ലം ജനുവരി 21നാണ്. വെറും 166 ഇടപാടു ദിവസങ്ങൾ കൊണ്ടാണ് 10,000 പോയിന്റ് വർധിച്ചത്. ഇത്ര കുറഞ്ഞ കാലത്തിനുള്ളിൽ 10,000 പോയിന്റ് വർധിക്കുന്നത് ആദ്യമാണ്. 65 ലക്ഷം കോടി രൂപയാണു നിക്ഷേപകർക്കുള്ള നേട്ടം. 

കോവിഡ് ആശങ്കകളെത്തുടർന്ന് 2020 മാർച്ചിൽ 26,674 വരെ താഴ്ന്ന സെൻസെക്സാണ് ഇപ്പോൾ ഇരട്ടിയിലേറെ തിരിച്ചുകയറിയത്.

കുതിപ്പിനുള്ള കാരണങ്ങൾ

1. റീട്ടെയ്ൽ നിക്ഷേപത്തിലെ വൻവർധന: ഇന്ത്യയിൽ കോവിഡിനു മുൻപ് 2 കോടി നിക്ഷേപകരാണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 5 കോടിയായി. അവർ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നു. ബാങ്ക് എഫ്ഡി പലിശ നിരക്കു തീരെ കുറഞ്ഞതും ഇതിനു കാരണമാണ്.

2. വിദേശ നിക്ഷേപത്തിലെ കുതിപ്പ്: ഇക്കൊല്ലം വിദേശ സ്ഥാപന നിക്ഷേപകരിലൂടെ (എഫ്ഐഐ) ഒഴുകിയെത്തിയത് 60,000 കോടി രൂപയാണ്. വിദേശ ഓഹരി വിപണികളിലെല്ലാം നിക്ഷേപം കൂടി. പലിശ നിരക്ക് അടുത്ത വർഷം കൂട്ടുമെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് സൂചന നൽകിയതു മറ്റൊരു കാരണം.

3. കോവിഡ് അതിജീവനം: വാക്സിനേഷൻ വ്യാപകമായതും കോവിഡിന്റെ രൂക്ഷത കുറഞ്ഞതും വിപണിയിലും ശുഭപ്രതീക്ഷ പകരുന്നു.

മുന്നോട്ട്

അടുത്ത ജൂണിൽ സെൻസെക്സ് 70,000 കടക്കുമെന്നും 3 വർഷത്തിനകം ഒരു ലക്ഷത്തിലെത്തുമെന്നും പ്രവചിക്കുന്നവരുണ്ട്. ഇപ്പോഴത്തെ കുതിപ്പിൽ ഇതു സ്വാഭാവികമാണെന്നു വിദഗ്ധർ കരുതുന്നു.  അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായില്ലെങ്കിൽ അതിൽ കൂടുതൽ വളർന്നേക്കാം.

മുന്നറിയിപ്പ്

വിപണിയിൽ ഹ്രസ്വകാല തിരുത്തലുകൾ (കറക്‌ഷൻ) വരാം. 5–10 % കറക്‌ഷനുള്ള സാധ്യത എപ്പോഴുമുണ്ട്. കഴിഞ്ഞ 8 മാസത്തിനിടെ തന്നെ പലതവണ കറക്‌ഷൻ  ഉണ്ടായി.

English Summary: Sensex crosses 60000-mark for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com