ADVERTISEMENT

കൊൽക്കത്ത∙ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു മിന്നുന്ന ജയം. 58000 വോട്ടാണ് ഭൂരിപക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം. ഉപതിരഞ്ഞെടുപ്പു നടന്ന ബംഗാളിലെ 3 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസ് നേടി. മമതയ്ക്ക് 85263 വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് ലഭിച്ചത് 26428 വോട്ടു മാത്രം.

ഉപതിരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിഞ്ഞു. മൂന്നു പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎമ്മിന്റെ ശ്രീജിബ് ബിശ്വാസിന് ലഭിച്ചത് 4226 വോട്ട്. കെട്ടിവച്ച കാശും പോയി. പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഭവാനിപുരിലെ എല്ലാ വാർഡുകളിലും തൃണമൂൽ ഭൂരിപക്ഷം നേടി. ഭവാനിപുരിൽ 29000 വോട്ടിനാണ് സോവൻദേവ് ചതോപാധ്യായ അഞ്ചു മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

ഈ മാസം ഏഴിന് നിയമസഭാംഗമായി മമത സത്യപ്രതിജ്ഞ ചെയ്യും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. സ്വന്തം മണ്ഡലമായ ഭവാനിപൂരിനെ ഉപേക്ഷിച്ചാണ് സുവേന്ദുവിനെ നേരിടാൻ മമത അന്ന് നന്ദിഗ്രാമിലെത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന സമർഗഞ്ചിലും ജാംഗിപുരിലും തൃണമൂൽ വിജയം നേടി.സമർഗഞ്ചിൽ അമീറുൽ ഇസ് ലാം 26379 വോട്ടിന് ജയിച്ചു. കോൺഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബിജെപി മൂന്നാമതായി.ജാംഗിപുരിൽ തൃണമൂലിന്റെ സാക്കിർ ഹുസൈൻ 92480 വോട്ടിന്റെ വൻഭൂരിപക്ഷം നേടി. 

നിയമസഭാ തിരഞ്ഞെടുപ്പിൽ 294 ൽ 213 സീറ്റ് നേടിയാണു തൃണമൂൽ അധികാരത്തിലെത്തിയത്. ബിജെപി 77 സീറ്റ് നേടി.

English Summary: Mamata Banerjee wins Bhowanipore bypolls by more than 58,000 votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com