ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയെ നേരിടാൻ വിശാല പ്രതിപക്ഷ നിര ഉയർന്നു വരണമെന്ന ആവശ്യം ശക്തമാകുമ്പോഴും അതിന്റെ മുൻനിരയിൽ നിൽക്കേണ്ട കോൺഗ്രസും തൃണമൂലും തമ്മിൽ പോരു മുറുകുന്നു. ബംഗാളിനു പുറത്തേക്കു സ്വാധീനം വർധിപ്പിക്കാൻ തൃണമൂൽ നടത്തുന്ന നീക്കങ്ങൾ ആഘാതമേൽപ്പിക്കുന്നതു കോൺഗ്രസിനാണ്.

മഹിളാ കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് (അസം), ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്റോ എന്നിവരെ കോൺഗ്രസിൽനിന്ന് അടർത്തിയെടുത്ത തൃണമൂൽ ഏറ്റവുമൊടുവിൽ യുപിയിലെ മുതിർന്ന നേതാക്കളായ രാജേഷ്പതി ത്രിപാഠി, മകൻ ലളിതേഷ്പതി ത്രിപാഠി എന്നിവരെയും കഴിഞ്ഞ ദിവസം സ്വന്തമാക്കി.

സുഷ്മിതയെ രാജ്യസഭാംഗവും ലൂസീഞ്ഞോയെ പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമാക്കിയ മമത നൽകുന്ന സന്ദേശം വ്യക്തം – വന്നാൽ സ്ഥാനമുറപ്പ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മത്സരിക്കാനും തൃണമൂൽ ലക്ഷ്യമിടുന്നു. കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആണ് ഉന്നമിടുന്നത്.

ദേശീയശ്രദ്ധ നേടുന്ന വിഷയങ്ങളിൽ കോൺഗ്രസിനെ പിന്തള്ളാനുള്ള അവസരങ്ങളും തൃണമൂൽ പാഴാക്കുന്നില്ല. ലഖിംപുർ ഖേരിയിലെ കർഷകരുടെ വീടുകളിലേക്ക് ആദ്യമെത്തിയത് തൃണമൂൽ നേതാക്കളാണ്.

ബിജെപിക്കെതിരെ ഒന്നിക്കണമെന്ന ആവശ്യവുമായി മമത സോണിയ ഗാന്ധിയെ കണ്ടത് വിശാല പ്രതിപക്ഷ നിരയ്ക്കുള്ള സാധ്യതകൾ സജീവമാക്കിയെങ്കിലും ഇപ്പോൾ അതു മങ്ങിയനിലയിലാണ്.

∙ ‘യുപിയിൽ കഴിഞ്ഞ 15 വർഷത്തിനിടെ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിനു സാധിക്കാത്തതിനാൽ, ബിജെപിക്കെതിരായ പോരാട്ടം ഞങ്ങൾ ഏറ്റെടുക്കും. ഒരു ലക്ഷണരേഖയ്ക്കും ഞങ്ങളെ തടയാനാവില്ല.’ – മമത ബാനർജി (ബംഗാൾ മുഖ്യമന്ത്രി)

English Summary: Trinamool Congress hijacking Congress leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com