ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണു കാശി ധാം ഇടനാഴിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശിധാം  രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 

‘‘കടന്നുകയറ്റക്കാർ ഈ നഗരം ആക്രമിച്ചു. ഔറംഗസേബിന്റെ അതിക്രമങ്ങൾ ചരിതം കണ്ടതാണ്. വാളുപയോഗിച്ചു ചരിത്രവും സംസ്കാരവും മാറ്റാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ, ഈ മണ്ണിന്റെ ചരിത്രം മറ്റു ലോകരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാണ്. എപ്പോഴൊക്കെ ഔറംഗസേബുമാർ ഉണ്ടായോ അപ്പോഴെല്ലാം ഒരു ശിവാജിയും ഉയർത്തെഴുന്നേറ്റു’’– മോദി പറഞ്ഞു. 

രാവിലെ വാരാണസിയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ മോദി ഖിർക്കിയ ഘാട്ടിലെത്തി ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. അതിനു ശേഷം ഗംഗയിൽ കുളിച്ചു. പുണ്യജലവുമായാണു മോദി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. 

സിറ്റി മ്യൂസിയം, കാശിയുടെ ചരിത്രം പറയുന്ന വാരാണസി വെർച്വൽ ഗാലറി, ഓഡിറ്റോറിയം, ഭക്തർക്കും പുരോഹിതർക്കും വിശ്രമകേന്ദ്രങ്ങൾ, മോക്ഷഭവനം, ലൈബ്രറി, ടൂറിസ്റ്റ് സെന്റർ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി  തയാറാക്കുന്നുണ്ട്. 

വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ
വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

പദ്ധതിയുടെ 70% ജോലികളും പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണു ഗംഗ. മണികർണിക, ലളിത ഘട്ടുകളിൽ നിന്നു 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. 5 ഹെക്ടർ സ്ഥലത്തു തയാറാക്കുന്ന പദ്ധതിയിൽ മഹാറാണി അഹല്യാബായ് ഹോൽക്കറുടെ പ്രതിമയുമുണ്ട്. 

രണ്ടാം ഘട്ടമായി ഗംഗാതീരത്തെ കടവുകൾ വികസിപ്പിക്കുന്ന പദ്ധതിയുമുണ്ട്. സെൻട്രൽ വിസ്റ്റ രൂപകൽപന ചെയ്ത ബിമൽ പട്ടേലിന്റെ എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനമാണു കാശി ധാമിന്റെയും രൂപകൽപന നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവരും പങ്കെടുത്തു. 

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയിലെ തൊഴിലാളികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയിലെ തൊഴിലാളികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

തൊഴിലാളികൾക്ക് പുഷ്പവൃഷ്ടി

കാശി ധാം നിർമാണത്തിൽ ഭാഗമായവർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം പുറത്തെത്തിയപ്പോഴാണു സമീപത്തെ ഗാലറിയിൽ ജോലിക്കാരെ കണ്ടത്. പൂക്കളുമായി ഇവരുടെ അടുത്തെത്തിയ പ്രധാനമന്ത്രി ഇവരുടെ മേൽ പുഷ്പവൃഷ്ടി നടത്തി. ഗാലറിയിലെത്തി ഇവർക്കൊപ്പം ചിത്രങ്ങളെടുത്തു. ഒപ്പം ഭക്ഷണം കഴിച്ചു.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി
kashi-vishwanath-corridor-1248-14

English Summary: Kashi Vishwanath Corridor: Launch by PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com