ADVERTISEMENT

ഇന്ദിര ഗാന്ധി

1966ൽ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയുടെ ഭരണകാലം ചരിത്രസന്ദർഭങ്ങളാൽ സംഭവബഹുലമായിരുന്നു. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധമാണ് അവർ നേരിട്ട ആദ്യ പ്രധാനവെല്ലുവിളി. യുദ്ധത്തിനു മുന്നോടിയായി രാജ്യാന്തര പിന്തുണ നേടാനുളള നയതന്ത്ര ശ്രമങ്ങൾ വിജയകരമായി നീക്കിയ അവർ യുദ്ധവേളയിലും ഉജ്വല നേതൃത്വം നൽകി. ആറാം കപ്പൽപ്പടയെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കയച്ച് ഇന്ത്യയെ വിരട്ടാനുളള യുഎസ് ശ്രമത്തെ, അന്നു കരുത്തരായിരുന്ന സോവിയറ്റ് യൂണിയനുമായി പ്രതിരോധ ഇടപാടുണ്ടാക്കി ഇന്ദിര ചെറുത്തു.

1966 മുതൽ 1977 വരെയും 1980 മുതൽ 84 വരെയും പ്രധാനമന്ത്രിയായിരുന്നു. 1984 ഒക്ടോബർ 31ന് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.

ഫീൽഡ് മാർഷൽ സാം മനേക് ഷാ

ഇതിഹാസതുല്യനായ ഈ സൈന്യാധിപന്റെ നേതൃത്വത്തിലാണ് ഇന്ത്യ 1971ൽ യുദ്ധവിജത്തിലേക്കു കുതിച്ചത്. 1914 ഏപ്രിൽ മൂന്നിന് അമൃത്സറിൽ ജനിച്ച സാം ഹോർമുസ്‌ജി ഫ്രാംജി ജംഷെഡ്‌ജി മനേക് ഷാ രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് സേനയുടെ ഭാഗമായി ബർമയ്‌ക്കും ജപ്പാനുമെതിരെ ഗൂർഖപ്പടയെ നയിച്ചു. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാൻ സൈനികരെ നേരിടുന്നതിനിടെ വെടിയേറ്റു മരണത്തെ മുഖാമുഖം കണ്ട അദ്ദേഹം അദ്ഭുതകരമായാണു ജീവിതത്തിലേക്കു തിരിച്ചു വന്നത്. 1969 ജൂൺ ഏഴിനാണ് ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റത്.

ഏഴുമാസത്തെ തയാറെടുപ്പിനുശേഷം ബംഗ്ലദേശ് വിമോചനയുദ്ധത്തിനു ഇന്ത്യൻ സേനയെ സജ്ജമാക്കിയ മനേക് ഷാ 13 ദിവസംകൊണ്ടു പാക്ക് സൈന്യത്തെ നിലംപരിശാക്കി ഇന്ത്യൻ വിജയക്കൊടി നാട്ടി. 13 ദിവസവും മുന്നണിയിൽ സാധാരണ പട്ടാളക്കാരോടൊപ്പം ചെലവഴിച്ചാണു ജനറൽ യുദ്ധതന്ത്രങ്ങൾക്കു രൂപംനൽകിയത്. 1973ൽ ഫീൽഡ് മാർഷൽ പദവി നൽകി രാഷ്‌ട്രം ആദരിച്ചു. 1972 ൽ പത്മവിഭൂഷണും നേടി. 1973ൽ വിരമിച്ച അദ്ദേഹം 2008 ജൂൺ 27ന് 94–ാം വയസിൽ അന്തരിച്ചു.

അഡ്മിറൽ എസ്.എം. നന്ദ

1971 ൽ ഇന്ത്യൻ നാവികസേനയ്ക്ക് അഭിമാനകരമായ വിജയം കൈവരിക്കാനായത് അഡ്മിറൽ സർദാറിലാൽ മത്രദാസ് നന്ദ എന്ന എസ്.എം. നന്ദയുടെ നേതൃത്വത്തിലായിരുന്നു. 1970 മുതൽ 1973 വരെ നാവികസേനാ മേധാവിയായിരുന്നു. പഞ്ചാബ് ലുധിയാന സ്വദേശി. 1941ൽ റോയൽ ഇന്ത്യൻ നേവൽ വൊളന്റിയർ സർവീസിൽ ചേർന്നു. 1973ൽ വിരമിച്ച അദ്ദേഹം 2009ൽ അന്തരിച്ചു. പത്മവിഭൂഷൺ, പരമ വിശിഷ്‌ട സേവാമെഡൽ, അതിവിശിഷ്‌ട സേവാമെഡൽ തുടങ്ങിയ ബഹുമതികൾക്കുടമ.

എയർ ചീഫ് മാർഷൽ പി. സി. ലാൽ

ബംഗ്ലദേശ് യുദ്ധത്തിൽ വ്യോമസേന വഹിച്ച മികച്ച പങ്കിന് സമർത്ഥമായ നേതൃത്വം നൽകിയത് എയർ ചീഫ് മാർഷൽ പ്രതാപ്ചന്ദ്ര ലാൽ ആയിരുന്നു.1916ൽ ലുധിയാനയിൽ ജനിച്ച പി.സി ലാൽ രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് വായുസേനയിൽ ചേർന്നു. 1969ൽ ഇന്ത്യൻ വ്യോമസേനയുടെ എയർ ചീഫ് മാർഷലായി. 1973ൽ വിരമിച്ചു. എയർ ഇന്ത്യയുടേയും ഇന്ത്യൻ എയർലൈൻസിന്റേയും ചെയർമാനായിരുന്നു. പത്മഭൂഷൺ ജേതാവ്. 1982ൽ അന്തരിച്ചു.

ലഫ്. ജനറൽ ജഗ്‌ജിത് സിങ് അറോറ

1971 ൽ കിഴക്കൻ മേഖലയിലെ കരസേനയുടെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്ന ലഫ്. ജനറൽ ജഗ്‌ജിത് സിങ് അറോറയാണ് ഇന്ത്യയ്‌ക്കു ചരിത്രവിജയം നേടിത്തന്ന തന്ത്രങ്ങൾ പൂർണമായും ആസൂത്രണം ചെയ്‌തത്. കരസേനാ മുന്നേറ്റത്തിനു വേഗം പകരാൻ വ്യോമസേനയുടെ ആക്രമണ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തി ശത്രുസേനാ താവളങ്ങളും അവരുടെ യുദ്ധവിമാനങ്ങളും തകർത്തതും എതിരാളികളുടെ യുദ്ധവിമാനങ്ങളെ കബളിപ്പിക്കാനായി പ്രധാന നിരത്തുകൾ ഒഴിവാക്കി ചെറുപാതകളിലൂടെ സേനാമുന്നേറ്റം നടത്തിയതും അറോറയുടെ വിജയതന്ത്രങ്ങളായിരുന്നു. പാക്ക് പടയെ നയിച്ച ലഫ്. ജനറൽ എ.എ.കെ. നിയാസി, ആയുധം അടിയറവച്ചു കീഴടങ്ങൽ കരാറിൽ ഒപ്പുവച്ചത് അറോറയ്‌ക്കു മുൻപിലാണ്. ഇപ്പോൾ പാക്കിസ്‌ഥാനിലുൾപ്പെട്ട ഝലം ജില്ലയിലെ കാലെ ഗുജരൺ ഗ്രാമത്തിൽ 1916ൽ ജനിച്ച അറോറയുടെ കോളജ് സഹപാഠിയായിരുന്നു നിയാസി. കോളജ് വിട്ടശേഷം ഇവർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച ബംഗ്ലാദേശിലെ കീഴടങ്ങൽ വേദിയിലാണ്. 2005ൽ അന്തരിച്ചു.

ലഫ്റ്റനന്റ് ജനറൽ കെ. പി.കാൻഡത്ത്

ബംഗ്ലദേശ് യുദ്ധത്തിൽ പശ്‌ചിമ മേഖലാ കമാൻഡറായി നിർണായകനേതൃത്വം നൽകിയ മലയാളി സൈനിക ഓഫിസറാണ് ലഫ്റ്റനന്റ് ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാൻഡത്ത്. അദ്ദേഹത്തിന്റെ ആസൂത്രണ– ഏകോപനത്തിലുളള ഇന്ത്യൻ മുന്നേറ്റം ലാഹോറിന് അടുത്തുവരെയെത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച ഏക മലയാളിയും ബ്രിട്ടിഷ് ഭരണകാലത്തു വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ മകളുടെ മകനാണു കാൻഡത്ത്. പത്രപ്രവർത്തകനും മലയാള സാഹിത്യത്തിലെ ആദ്യ ചെറുകഥയെന്നു വിശേഷിപ്പിക്കുന്ന ‘വാസനാവികൃതി’യുടെ രചയിതാവുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ പ്രഫ. എം.എ. കാൻഡത്താണ് പിതാവ്.

ഒറ്റപ്പാലത്ത്, 1916 ലായിരുന്നു കെ.പി. കാൻഡത്തിന്റെ ജനനം. രണ്ടാം ലോകയുദ്ധ കാലം മുതൽ സേനയുടെ ഭാഗമായി. പോർച്ചുഗീസുകാരിൽ നിന്ന് 1961ൽ ഗോവ പിടിച്ചെടുക്കാനുളള ‘ഓപ്പറേഷൻ വിജയ്’ സൈനികനടപടിക്ക് നേത‍ൃത്വം നൽകിയ അദ്ദേഹം ‘ഗോവയുടെ വിമോചകൻ’ എന്നറിയപ്പെടുന്നു. ഗോവ ലഫ്. ഗവർണറായിരുന്നു. 1972ൽ സൈന്യത്തിൽനിന്നു വിരമിച്ചു. പരമവിശിഷ്ടസേവാ മെഡലും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2003ൽ അന്തരിച്ചു.

ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ല 

1971 യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പടക്കപ്പൽ ഐഎൻഎസ് ഖുക്രിയുടെ നായകനായിരുന്നു ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ല. 71 ഡിസംബർ 9 രാത്രി 8.45ന്, അറബിക്കടലിൽ പാക്കിസ്ഥാൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ ഖുക്രി തകർന്നു. കപ്പൽ മുങ്ങുമെന്നു മനസ്സിലാക്കിയ ക്യാപ്റ്റൻ മുല്ല, തന്റെ കീഴിലുളള പരമാവധി സൈനികരെ രക്ഷിക്കാനുളള നടപടികൾ സ്വീകരിച്ചു. സ്വന്തം ലൈഫ് ജാക്കറ്റ് വരെ ഒരു യുവസൈനികനു നൽകി നീന്തി രക്ഷപെടുവാൻ ഉത്തരവു നൽകി. എഴുപതോളം പേർ രക്ഷപ്പെട്ടു. അസാമാന്യമായ ധീരതയും സംയമനവുമാണ് ക്യാപ്റ്റൻ മുല്ല പ്രകടിപ്പിച്ചത്. കപ്പൽ മുങ്ങിത്താഴുന്ന നിമിഷങ്ങളിലും, കൊടിമരത്തിനു സമീപമുളള കസേരയിൽ ശാന്തനായി ഇരുന്ന് നീന്തി രക്ഷപെടുന്നവരെ കൈവീശി പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു അദ്ദേഹം. (പുകവലിച്ച് ഇരിക്കുകയായിരുന്നുവെന്നും ചില റിപ്പോർട്ടുകളിലുണ്ട്) മരണാനന്തരം മഹാവീരചക്ര ബഹുമതിക്ക് അർഹനായി. മലയാളികളടക്കം 18 ഓഫിസർമാരും 176 നാവികരുമാണ് കപ്പലിനൊപ്പം കടലിൽ മറഞ്ഞത്.

ഷെയ്ഖ് മുജീബുർ റഹ്മാൻ

‘ബംഗബന്ധു’ എന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ ബംഗ്ലദേശിന്റെ സ്ഥാപകനേതാവും രാഷ്ട്രപിതാവുമാണ്. പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനെതിരായ രാഷ്ട്രീയ പോരാട്ടത്തിലൂടെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവായി. മുജീബിന്റെ അവാമി ലീഗ് 1970ലെ പൊതുതിരഞ്ഞെടുപ്പിൽ വൻവിജയം നേടിയെങ്കിലും പാക്കിസ്ഥാൻ ആ ജനവിധി അംഗീകരിക്കാൻ വിസമ്മതിച്ചു. 1971 മാർച്ച് 7ന് മുജീബുർ റഹ്മാൻ ബംഗ്ലദേശിന്റെ സ്വാതന്ത്യം പ്രഖ്യാപിച്ചു. തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിലെ ജനമുന്നേറ്റം അടിച്ചമർത്താനുളള പാക്ക് ശ്രമം കലാപത്തിലെത്തി. മുജീബുർ റഹ്മാനെ അറസ്റ്റ് ചെയ്ത് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ തടങ്കലിലാക്കി. ഇന്ത്യൻ സൈനിക ഇടപെടലിന് ശേഷം രൂപീകരിച്ച സ്വതന്ത്ര ബംഗ്ലദേശിൽ 1972ലാണ് മുജീബുർ  തിരിച്ചെത്തുന്നത്. തുടർന്ന്  ആദ്യ പ്രധാനമന്ത്രിയായി. പിന്നീട് 1975 ൽ പ്രസിഡന്റായി സ്‌ഥാനമേറ്റ മുജീബ് സൈനിക അട്ടിമറിയിൽ കൊല്ലപ്പെടുകയായിരുന്നു.1975 ഓഗസ്‌റ്റ് 15നു ധാക്കയിലെ വസതിയിലെത്തിയ അക്രമികൾ മുജീബിന്റെ ഭാര്യയെയും മൂന്നു പുത്രന്മാരെയും രണ്ടു പുത്രഭാര്യമാരെയും അടക്കം 20 പേരെയുംകൂടി വധിച്ചു. അന്ന് വിദേശത്തായിരുന്നതിനാൽ രക്ഷപ്പെട്ട രണ്ടു പെൺമക്കളിൽ ഒരാളാണ് നിലവിൽ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന.

English Summary: 1971 India- Pak war; Indira Gandhi other heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com