ADVERTISEMENT

മാർഷൽ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ മലയാള കഥാകൃത്ത് കേണൽ (റിട്ട.) കെ.ആർ.മണിയും ഭാര്യ ബ്രിഗേഡിയർ (റിട്ട.) കല്യാണിയും ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ പടിഞ്ഞാറൻ മുന്നണിയിലുണ്ടായിരുന്നു. ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത മലയാളി ദമ്പതികൾ ആ കാലം ഓർത്തെടുക്കുന്നു. 

1971 ഓഗസ്റ്റ് 23ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ആ സമയത്തു തന്നെ അതിർത്തിയിൽ പടനീക്കങ്ങൾ ആരംഭിച്ചിരുന്നു. പടയിൽ ഒരു കുട എന്ന പോലെ (യുദ്ധകാല) അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അങ്ങനെ, വിവാഹം കഴിഞ്ഞ് അധികനാളാകും മുൻപേ ഞങ്ങൾ യുദ്ധമുഖത്തേക്കു നീങ്ങി. പടിഞ്ഞാറൻ മേഖലയിൽപ്പെട്ട പഞ്ചാബിൽ യുദ്ധം തുടങ്ങുമെന്ന് അറിഞ്ഞ് അവിടെ സുരക്ഷയ്ക്കായി ആരംഭിച്ച സൈനികവ്യൂഹത്തിലായിരുന്നു ‍ഞങ്ങൾക്കു ജോലി. ഞാൻ 52–ാം ഇൻഫന്ററി ബ്രിഗേഡിൽ ബ്രിഗേഡ് ഓർഡിനൻസ് ഓഫിസർ; പത്നി കല്യാണി രാജാമണി ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്സ് ഹിമാചലിലെ ഡൽഹൗസിയിലും.

മൂന്നു മാസം യുദ്ധം ചെയ്യാൻ ആവശ്യമായ പടക്കോപ്പുകളും വാഹനങ്ങളുമായാണു സൈനികവ്യൂഹം നിലയുറപ്പിച്ചിരുന്നത്. 1971 ഡിസംബർ 3ന് പഞ്ചാബിലെ പ്രധാന നഗരങ്ങളി‍ൽ നർക്ക് സൈന്യം (പാക് സൈന്യത്തെ ഞങ്ങൾ അങ്ങനെയാണു വിളിച്ചിരുന്നത്) ബോംബ് വർഷം ആരംഭിച്ചു. ഞങ്ങൾ കമാൻഡ് പോസ്റ്റും മറ്റു ബങ്കറുകളും സ്ഥാപിക്കുന്നതിനായി വണ്ടികളിൽ ചരക്കുമായി എത്തിയ സമയമായിരുന്നു അത്. അപ്പോഴാണു ശത്രുപക്ഷത്തെ തോക്കുകളിൽനിന്ന് ആർട്ടിഷെല്ലുകൾ റാപ്പിഡ് ഫയർ വേഗത്തിൽ പാഞ്ഞുവരുന്നത്. ആ സമയത്ത് പലൻപാല ഗ്രാമവാസികൾ പൂർണമായും അവിടം വിട്ടുപോയിരുന്നില്ല. സുരക്ഷിത ക്യാംപുകളിലേക്കു പോയവരല്ലാതെ ശേഷിച്ച സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം വാവിട്ടു നിലവിളി തുടങ്ങി. ബസുകളും ട്രക്കുകളും വരുത്തി മുഴുവൻ ഗ്രാമീണരെയും ക്യാംപുകളിലേക്ക് അയയ്ക്കാൻ 2– 3 മണിക്കൂറെടുത്തു. കന്നുകാലികൾ കുഴിബോംബുകളിൽ ചവിട്ടി ചത്തുവീഴുന്നതു വേദനാജനകമായ കാഴ്ചയായിരുന്നു. ഈ കുഴിബോംബുകൾ ശത്രുക്കൾ മുന്നോട്ടു വരാതിരിക്കാൻ എൻജിനീയർ കമ്പനികൾ‌ മുൻകൂട്ടി പാകി വച്ചവയായിരുന്നു.

ഛംബ്ബിനും ജോരിയയ്ക്കും ഇടയ്ക്കുള്ള മനോവർ തവി പുഴയിലെ പാലം വേണ്ടി വന്നാൽ തകർക്കാൻ പാകത്തിൽ നാം സ്ഫോടകവസ്തുക്കൾ നിറച്ചുവച്ചിരുന്നു. പഠാൻകോട്ട് വരെ പിടിച്ചടക്കുകയാണു ശത്രുസൈന്യത്തിന്റെ യുദ്ധതന്ത്രം എന്നു മനസ്സിലാക്കിയ ഇന്ത്യൻ സൈന്യം പിന്നീട് അതിനു തടസ്സം സൃഷ്ടിക്കാനായി ഈ പാലം തകർക്കുകയും ചെയ്തു. എന്നിട്ടും നർക്ക് വ്യൂഹത്തിലെ രണ്ടു കമ്പനികൾ തവി നീന്തി ഒന്നരക്കിലോമീറ്റർ വടക്കുഭാഗത്തേക്കു കടന്നു വന്നു. ഭാഗ്യമെന്നു പറയട്ടെ, അവർ കയറിയെത്തിയത് 33 മീഡിയം ആർട്ടിലറി റജിമെന്റിന്റെ നേരെ മുൻപിലേക്കായിരുന്നു. അവർ എല്ലാവരെയും കൊന്നൊടുക്കി.

നദിയുടെ തെക്കുവശത്തുകൂടി കയറിവന്ന ആദ്യ സെക്‌ഷൻ നർക്ക് ഭടന്മാരെ ബയണറ്റുകൾകൊണ്ട് കുത്തിവീഴ്ത്തി. 30 ശത്രുഭടന്മാരെ പിടിച്ചെടുത്ത് അവരിൽ നിന്ന് ആയുധങ്ങൾ വാങ്ങി, ട്രക്കിൽ കയറ്റി കൊണ്ടുപോയി കൈമാറുകയായിരുന്നു. ഇതിനിടെ നർക്ക് ജെറ്റ് വിമാനങ്ങളിൽനിന്നു റോക്കറ്റ് വർഷവും വെടിവയ്പും പല നേരവും ഉണ്ടായി. റോക്കറ്റ് നേരെ പതിച്ചു കേണൽ ഗുഹയും അദ്ദേഹത്തിന്റെ രണ്ടു പടയാളികളും മരിച്ചതു വേദനയായി. ഞങ്ങളുടെ ഡോഗ്ര റൈഫിൾമാൻ കർണ്യാൽ സിങ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

പിന്നെപ്പിന്നെ നർക്ക് വ്യൂഹങ്ങളുടെ പടയോട്ടം നിലച്ചു. നമ്മുടെ ജെറ്റ് വിമാനങ്ങൾ കൂട്ടം കൂട്ടമായി താണുപറന്ന് അപ്പുറത്തു കൂടിയിരുന്ന ശത്രുതാവളങ്ങളെ വളഞ്ഞ് തകർത്തുവാരാൻ തുടങ്ങി. കൂടാതെ ഫീൽഡ് ആർട്ടിലറി റജിമെന്റുകളും മീഡിയ റജിമെന്റിന്റെ ബാറ്ററികളും ആർമർ സ്ക്വാഡ്രന്റെ 6 ടാങ്കുകളും നിർബാധം ഷെൽ വർഷം തുടങ്ങി. കുറെ പട്ടാളക്കാർക്കു മുറിവേറ്റു. അവരെ പഠാൻകോട്ടിലേക്കും ഡൽഹി ആർമി ബേസ് ഹോസ്പിറ്റലിലേക്കും അയച്ചുകൊണ്ടിരുന്നു. ഡിസംബർ 17നു വെടിനിർത്തൽ ഉത്തരവു വരും വരെ രാപകലില്ലാതെ ഫയറിങ് തുടർന്നു.

ഡൽഹി കന്റോൺമെന്റ് കിർബി പ്ലേസിലെ എന്റെ ആർമി ക്വാർട്ടേഴ്സിൽ ഒരിക്കൽ താമസിക്കാൻ എത്തിയപ്പോൾ, അവിടത്തെ അലങ്കാര വസ്തുക്കളായ പിച്ചള സ്തൂപങ്ങൾ നോക്കി വികെഎൻ എന്നോടു ചോദിച്ചു; ഇതെല്ലാം ഒഴിഞ്ഞ ഷെല്ലുകളാണല്ലേ? അതെ എന്നു ഞാൻ പറഞ്ഞപ്പോൾ യുദ്ധത്തിന്റെ ഓർമയ്ക്കായി മറ്റൊന്നുമെടുത്തില്ലേ എന്നായി വികെഎ‍ൻ. എടുത്തില്ല എന്നു പറയാൻ പറ്റില്ലായിരുന്നു. കാരണം, കുറെ ഓർമകളെ മസ്തിഷ്കത്തിൽ ഏറ്റിനിൽപാണല്ലോ.

ശക്കർഗഡ് സെക്ടറിൽ 19–ാം ബ്രിഗേഡ് ചിക്കൻ നെക്ക് പിടിച്ചെടുത്ത ശേഷം അവിടെ ഫയറിങ്ങിനും ഷെല്ലിങ്ങിനും തടസ്സമായി നിന്ന കുറച്ചു മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. അവ പെട്ടികളാക്കി മാറ്റിയതിൽനിന്ന് ഒരു കരിവീട്ടിപ്പെട്ടി എനിക്കും കിട്ടിയിരുന്നു.

അതെന്തിനാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതെന്നു വികെഎൻ ചോദിച്ചു. ‘സർക്കാർ അനുവദിച്ച അങ്കമാലി– കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപാസ് എന്റെ വീട്ടിലൂടെ കടന്നുപോകാൻ സാധ്യതയുള്ളതിനാൽ അന്നു വീട്ടിൽനിന്നു പുറത്താക്കുകയാണെങ്കിൽ എനിക്കും ശ്രീമതിക്കും ഈ കരിവീട്ടിപ്പെട്ടിയിൽ ഒതുങ്ങാമല്ലോയെന്നു ഞാൻ മറുപടി പറഞ്ഞു!  

‘‘യുദ്ധമുഖത്തു പരുക്കേറ്റെത്തുന്ന സൈനികരെ പരിചരിക്കുകയായിരുന്നു ഞങ്ങളുടെ ദൗത്യം. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ശക്കർഗഡ് സെക്ടറിൽനിന്ന് ഒരു രാത്രി കൊണ്ടുവന്നത് ഇപ്പോഴും ഓർക്കുന്നു; ലാൻസ് നായിക് ഷൺമുഖൻ. ഒട്ടേറെ മുറിവുകൾ. കഠിനമായ വേദന. എന്നെ കണ്ടതും ആ ജവാൻ ദൈന്യതയോടെ അടുത്തേക്കു വിളിച്ചു ചോദിച്ചു: ‘‘മാഡം, നിങ്ങൾ 258 ഫീൽഡ് വർക്‌ഷോപ് കമ്പനിയിലെ ക്യാപ്റ്റൻ മണി സാറിനെ അറിയുമോ?’

‘‘അറിയാം, അദ്ദേഹം എന്റെ ഭർത്താവ് ആണ്’’– ഞാൻ പറഞ്ഞു.

അതുകേട്ടു ഷൺമുഖം പൊട്ടിക്കര‍ഞ്ഞു. ‘‘ക്യാപ്റ്റൻ സാർ ഞങ്ങളുടെ കമ്പനിയിലെ ഓഫിസറാണ്. മാഡത്തിന്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. ദയവായി എന്നെ ചികിത്സിക്കൂ മാഡം. എനിക്കു വേഗം അപ്പായെയും അമ്മയെയും പോയി കാണണം.’’

അന്നു രാത്രിതന്നെ ഷൺമുഖനെയും ഗുരുതരമായി പരുക്കേറ്റ ഒന്നുരണ്ട് ‘പേരെയും ഡൽഹിയിലെ ബേസ് ഹോസ്പിറ്റിലേക്കു ഹെലികോപ്റ്ററിൽ വിട്ടു. യുദ്ധം അവസാനിച്ച ശേഷവും മാസങ്ങളോളം കഠിനമായ ജോലിയായിരുന്നു ഞങ്ങൾക്ക്.

 ബ്രിഗേഡിയർ (റിട്ട.)കല്യാണി രാജാമണി (റിട്ട.മിലിറ്ററി നഴ്സിങ് സർവീസ്).

English Summary: Malayali writer Marshal remembers 1971 Indo Pak war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com