ADVERTISEMENT

ന്യൂഡൽഹി∙ ആയിരം രൂപ വരെ വിലയുള്ള തുണിത്തരങ്ങൾക്ക് ഇന്നു മുതൽ നടപ്പാക്കാനിരുന്ന നികുതി വർധന ജിഎസ്ടി കൗൺസിൽ മരവിപ്പിച്ചതിനാൽ നിലവിലെ വില തുടരും. എന്നാൽ 1,000 രൂപ വരെ വിലയുള്ള ചെരിപ്പുകൾക്ക് ജിഎസ്ടി 5% ആയിരുന്നത് 12% ആക്കിയ തീരുമാനം ഇന്നു മുതൽ നടപ്പാകുമെന്നതിനാൽ അവയ്ക്കു വില കൂടും. ആയിരത്തിനു മുകളിൽ വിലയുള്ള ചെരിപ്പുകൾക്കു നിലവിൽ തന്നെ 12% നികുതിയാണ്.

ആയിരം രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് നിലവിലുള്ള 5% നികുതി 12 ശതമാനമാക്കാനായിരുന്നു തീരുമാനം. എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തു. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പു കൂടി പരിഗണിച്ചാണു മരവിപ്പിക്കൽ.

മുണ്ട്, പ്രത്യേക തുന്നൽപ്പണികളില്ലാത്ത സാരി എന്നിവയ്ക്കു വിലപരിധിയില്ലാതെ 5% ആണു നികുതി. ഇതു 12% ആയെങ്കിൽ കാര്യമായ വിലവർധന ഉണ്ടായേനെ എന്നു വസ്ത്രവ്യാപാരികൾ പറഞ്ഞു. കേരളത്തിലെ പരമ്പരാഗത വസ്ത്ര വ്യാപാരശാലകളിൽ കച്ചവടത്തിന്റെ 60–70 ശതമാനവും 5% നികുതിനിരക്കു ബാധകമായ ഉൽപന്നങ്ങളാണ്.

പഠന റിപ്പോർട്ട് അടുത്ത മാസം

നിരക്ക് ഏകീകരണം പഠിക്കാൻ നിയോഗിച്ച മന്ത്രിതല സമിതി, തുണിത്തരങ്ങളുടെ നിരക്കു വീണ്ടും പരിശോധിച്ചു ഫെബ്രുവരി അവസാനം നടക്കുന്ന ജിഎസ്ടി യോഗത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് ഇന്നലത്തെ നിർദേശം. കേരള ധനമന്ത്രി കെ.എൻ ബാലഗോപാലും ഈ സമിതിയിൽ അംഗമാണ്.

കേരളവും എതിർത്തു

നിരക്ക് വർധനയെ ജിഎസ്ടി കൗൺസിലിൽ കേരളം, ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും എതിർത്തു. വർധന ഉൽപാദകരെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. എല്ലാത്തരം സർക്കാർ നിർമാണ കരാറുകൾ‌ക്കുമുള്ള ജിഎസ്ടി നിരക്ക് ഇന്നു മുതൽ 12ൽ നിന്ന് 18 ശതമാനമാക്കുന്നതിനെയും കേരളം എതിർത്തു.

English Summary: Nirmala Sitharaman on Footwear GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com