ADVERTISEMENT

മുംബൈ ∙ ഗോവയിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. ഭരണം തുടർച്ചയായ 10 വർഷം പിന്നിടുമ്പോൾ തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിങ്ങനെ മുറുമുറുപ്പുകളേറെ. എന്നാൽ, അതു മുതലാക്കാൻ മറുവശത്തൊരു ശക്തിയില്ലെന്നതാണു നിലവിലെ ചിത്രം. ഭരണത്തുടർച്ച തേടി ബിജെപി നിൽക്കുമ്പോൾ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, എൻസിപി, ശിവസേന എന്നിങ്ങനെ നീളുന്നു മറുവശത്തെ ചിത്രം. 40 സീറ്റുകൾ മാത്രമുള്ള നിയമസഭയിലേക്കാണ് ഇൗ പാർട്ടികളെല്ലാം കച്ചമുറുക്കുന്നത്. 

ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം കോൺഗ്രസിനു ലഭിച്ചേക്കുമെന്ന പ്രതീതി കുറച്ചുനാൾ മുൻപുവരെയുണ്ടായിരുന്നു. എന്നാൽ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ദേശീയതലത്തിലേക്കു ചിറകുവിടർത്താനുള്ള മോഹവുമായി ഗോവയിൽ പോരിനിറങ്ങുമ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറാനാണു സാധ്യത. 

40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള 12 മണ്ഡലങ്ങളും 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുള്ള 7 മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്. കോൺഗ്രസും തൃണമൂലും എഎപിയും നോട്ടമിടുമ്പോൾ ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ചിതറും. ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ അതു ബിജെപിക്കു സഹായവുമാകും. ന്യൂനപക്ഷ, ഭരണവിരുദ്ധ വോട്ടുകൾ ഇൗ 3 പാർട്ടികളിലേക്ക് ഒഴുകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനാണു ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്തിന്റെ നീക്കം. ജാതിക്കും മതത്തിനും അപ്പുറം ഏവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ ഒരു മനോഹർ പരീക്കർ ഇല്ലെന്നതാണു ഗോവയിൽ ബിജെപിയുടെ  വെല്ലുവിളി. 

പരീക്കറാണു ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയിലേക്കു കൂടുതൽ അടുപ്പിച്ചത്. 2012 ൽ അദ്ദേഹത്തിന്റെ ഇടപെടലിലൂടെ 6 സീറ്റുകൾ ക്രിസ്ത്യൻ വിഭാഗത്തിനു നൽകി. എല്ലാവരും വിജയിച്ചു. 2017 ൽ 8 സീറ്റുകൾ നൽകിയ നീക്കവും ഫലംകണ്ടു. അത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 13 ബിജെപിക്കാരിൽ 7 പേരും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. 17 സീറ്റ് ലഭിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് 2017 ൽ സർക്കാർ രൂപീകരിക്കാൻ വൈകിയപ്പോൾ പ്രതിരോധമന്ത്രിയായിരുന്ന പരീക്കറെ ഗോവയിലേക്ക് അയച്ച് അധികാരം പിടിക്കുകയായിരുന്നു ബിജെപി. 

എന്നാൽ, പരീക്കറുടെ മരണശേഷം ബിജെപിയിലെ ക്രിസ്ത്യൻ എംഎൽഎമാരിൽ പലരും അതൃപ്തരാണ്. 2 പേർ അടുത്തിടെ രാജിവച്ചു. കോൺഗ്രസിൽ ഇപ്പോൾ 2 പേർ മാത്രമാണു ശേഷിക്കുന്നത്. 40 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു പറയുന്ന ആം ആദ്മി പാർട്ടി, സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തിറക്കിക്കഴിഞ്ഞു. കോൺഗ്രസും ഗോവ ഫോർവേഡ് പാർട്ടിയും തമ്മിൽ ഇതിനകം സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി തൃണമൂൽ കോൺഗ്രസ് സഖ്യത്തിലാണ്. ബിജെപി ഒറ്റയ്ക്ക് ഇറങ്ങുന്നു. 

സ്ത്രീകൾക്കു നേരിട്ട് അക്കൗണ്ടിൽ 5000 രൂപ പ്രതിമാസം നിക്ഷേപിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ  വാഗ്ദാനങ്ങളുമായിട്ടാണു തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലെയ്റോ, ശിവസേനയിൽ നിന്നു കോൺഗ്രസിലെത്തിയ രാഖി പ്രഭുദേശായ് നായിക് തുടങ്ങിയ നേതാക്കൾ തൃണമൂലിലേക്കു ചേക്കേറിയിട്ടുണ്ട്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി സഖ്യത്തിനു തൃണമൂൽ ശ്രമം തുടങ്ങിയെന്നതാണു പുതിയ വാർത്ത. കോൺഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്ദക്, ഗോവ ഫോർവേഡ്, തൃണമൂൽ എന്നീ പാർട്ടികൾ ചേർന്നാൽ ബിജെപിയെ വീഴ്ത്താമെന്നു തൃണമൂൽ കരുതുന്നു. കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.

മുഖ്യപോരാളികൾ

പ്രമോദ് സാവന്ത്: നിലവിൽ മുഖ്യമന്ത്രി. മനോഹർ പരീക്കറെപ്പോലെ സ്വീകാര്യത നേടാനാകുന്നില്ല. 

ലൂസി‍ഞ്ഞോ ഫലെയ്റോ: മുൻ മുഖ്യമന്ത്രി. കോൺഗ്രസ് വിട്ട് തൃണമൂലിൽ. 

English Summary: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com