ന്യൂഡൽഹി∙ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ കേന്ദ്ര ജീവനക്കാരുടെ പെൻഷൻ തടഞ്ഞുവയ്ക്കുകയോ വൈകിക്കുകയോ ചെയ്യരുതെന്നു വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും കേന്ദ്രസർക്കാരിന്റെ നിർദേശം. വകുപ്പുതല/ജുഡീഷ്യൽ നടപടികളല്ലാതെ മറ്റു കാരണങ്ങളാൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കപ്പെട്ട ജീവനക്കാരുടെ കണക്ക് അതതു വകുപ്പുകൾ 3 മാസത്തിലൊരിക്കൽ കേന്ദ്ര പെൻഷൻ വകുപ്പിനു നൽകണമെന്നും ഉത്തരവിലുണ്ട്.
ജാതി സർട്ടിഫിക്കറ്റിന്മേലുള്ള പരിശോധന പൂർത്തിയാക്കാത്തതിന്റെ പേരിൽ വിരമിക്കൽ ആനുകൂല്യം തടഞ്ഞുവയ്ക്കുന്നതിനെതിരെ പട്ടികവിഭാഗക്ഷേമത്തിനുള്ള പാർലമെന്ററി സമിതി രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.
സർക്കാർ/പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ജാതി സർട്ടിഫിക്കറ്റിന്മേലുള്ള പരിശോധന അവർ ജോലിയിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ സ്ഥാപനം പൂർത്തിയാക്കണമെന്നും അതിനു സാധിച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റ് ആധികാരികമായി കണക്കാക്കണമെന്നും സമിതി ശുപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിർദേശം നൽകിയിട്ടില്ല.
English Summary: Pension should not be withheld in the name of caste certificate