സൈനയ്ക്ക് എതിരെ ട്വീറ്റ്: നടൻ സിദ്ധാർഥ് വിവാദക്കുരുക്കിൽ
Mail This Article
ന്യൂഡൽഹി ∙ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ തമിഴ് നടൻ സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷൻ അധ്യക്ഷ രേഖ ശർമ വിഷയത്തിൽ അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്കും നിർദേശം നൽകി. ഇതിനിടെ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീകളെ അപമാനിക്കുന്നതായൊന്നും ട്വീറ്റിലില്ലെന്നും സിദ്ധാർഥ് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ തടഞ്ഞതിനു പിന്നാലെ മോദിക്കു പിന്തുണയുമായി സൈന ട്വീറ്റ് ചെയ്തിരുന്നു. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായാൽ ആ രാജ്യത്തിനു സ്വയം സുരക്ഷിതമാണെന്നു പറയാനാകില്ല. ഏറ്റവും ശക്തമായി ഞാൻ ഇക്കാര്യത്തിൽ അപലപിക്കുന്നു. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത് ’ എന്നായിരുന്നു ട്വീറ്റ്. നടൻ സിദ്ധാർഥ് ഇതു റീട്വീറ്റ് ചെയ്തപ്പോൾ ഉപയോഗിച്ച പരിഹാസ പരാമർശമാണു വിവാദമായത്.
താൻ ഉപയോഗിച്ച വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് അത് ഉപയോഗിച്ചതെന്നും സിദ്ധാർഥ് വിശദീകരിച്ചു. നടനെന്ന നിലയിൽ സിദ്ധാർഥനെ താൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപ്പോയെന്നും സൈനയും പ്രതികരിച്ചു. നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭർത്താവും ബാഡ്മിന്റൻ താരവുമായ പി.കശ്യപ് തുടങ്ങി പലരും സിദ്ധാർഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
English Summary: Actor Siddharth in controversy over tweet against saina nehwal