ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു തിരിച്ചടിയായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുതിർന്ന അംഗം സ്വാമി പ്രസാദ് മൗര്യയും 4 എംഎൽഎമാരും രാജിവച്ച് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. രാജി പ്രഖ്യാപനത്തിനു പിന്നാലെ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മൗര്യയ്ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത‌ിരുന്നു. ബിജെപിയും എസ്പിയും നേർക്കുനേർ പോരാടുന്ന യുപിയിൽ, ഒബിസി വിഭാഗത്തിൽനിന്നുള്ള മന്ത്രിയുടെ രാജി ബിജെപിക്കു കനത്ത തിരിച്ചടിയാണ്. 

പിന്നാക്ക വിഭാഗക്കാർക്കിടയിൽ കാര്യമായ സ്വാധീനമുള്ള നേതാവാണു മൗര്യ. മകൾ സംഘമിത്ര ബിജെപിയുടെ ലോക്സഭാംഗമാണ്. ദലിത്, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവരോടു സർക്കാരിനുള്ള സമീപനത്തിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് രാജി. എന്നാൽ, ഗവർണർ ആനന്ദിബെൻ പട്ടേലിനുള്ള കത്തിൽ, വിരുദ്ധ അഭിപ്രായങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിലാണ് രാജിയെന്നാണ് മൗര്യ പറയുന്നത്.

ഒരുകാലത്തു മായാവതിയുടെ വിശ്വസ്തനായിരുന്ന മൗര്യ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ബിജെപിയിലെത്തിയത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 5 തവണ എംഎൽഎയായി. മൗര്യയുടെ രാജി വാർത്ത വന്നതിനു പിന്നാലെ, റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും രാജി പ്രഖ്യാപിച്ചു. ബിഎസ്പിയിൽനിന്ന് മൗര്യയ്ക്കൊപ്പം ബിജെപിയിലെത്തിയവരാണ് ആദ്യ മുന്നു പേർ. 

അനുനയിപ്പിക്കാൻ ബിജെപി

സ്വാമി പ്രസാദ് മൗര്യയുടെ രാജിക്കു പിന്നാലെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ടതായി സൂചന. സ്വാമി പ്രസാദ് മൗര്യയെ തിരിച്ചെത്തിക്കാൻ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള ഭിന്നതകളെക്കുറിച്ച് മൗര്യ ദേശീയ നേതൃത്വത്തിനു പരാതി നൽകിയിരുന്നു. തുടർന്നും നടപടിയില്ലാതെ വന്നതിൽ അദ്ദേഹം അതൃപ്തനായിരുന്നു. 

രാജിവച്ചതിനു പിന്നാലെ, അദ്ദേഹം തിരിച്ചുവരണമെന്ന അഭ്യർഥന ഉപമുഖ്യമന്ത്രി നടത്തി. രാജിവച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ഏതു പ്രശ്നവും ചർച്ച ചെയ്തു പരിഹരിക്കാമെന്നും പറഞ്ഞു. ഇക്കാര്യം നേരത്തെ എന്തുകൊണ്ട് ചിന്തിച്ചില്ലെന്നു സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചു. 

English Summary: BJP Loses Top Uttar Pradesh Minister, It's Akhilesh Yadav's Gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com