ഗോവയിൽ വിശാല പ്രതിപക്ഷ സഖ്യം: ചർച്ചകളുമായി ശരദ് പവാർ

HIGHLIGHTS
  • ലക്ഷ്യം മഹാരാഷ്ട്ര മാതൃക; മനസ്സു തുറക്കാതെ കോൺഗ്രസ്
Sharad Pawar (Photo by Punit PARANJPE / AFP)
ശരദ് പവാർ (Photo by Punit PARANJPE / AFP)
SHARE

മുംബൈ ∙ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി മാതൃകയിൽ ഗോവയിൽ വിശാലസഖ്യത്തിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. കോൺഗ്രസും തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന് എൻസിപിയിൽനിന്നു പ്രഫുൽ പട്ടേലും ശിവസേനയിൽനിന്നു സഞ്ജയ് റാവുത്തും ചർച്ച നടത്തിവരികയാണെന്നു പവാർ പറഞ്ഞു. കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. 

ഗോവയിൽ നാമമാത്ര സാന്നിധ്യമുള്ള പാർട്ടികളാണ് എൻസിപിയും ശിവസേനയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.3 % വോട്ടും ഒരു എംഎൽഎയും മാത്രമാണ് എൻസിപിക്കുണ്ടായിരുന്നത്. എംഎൽഎ ചർച്ചിൽ അലിമാവോ ഈയിടെ തൃണമൂൽ കോൺഗ്രസിലേക്കു കൂറുമാറുകയും ചെയ്തു. കഴിഞ്ഞ തവണ ശിവസേന മത്സരിച്ച ഗോവ സുരക്ഷ മഞ്ച് സഖ്യത്തിന് 1.2 % വോട്ട് മാത്രമാണ് ലഭിച്ചത്. 

അതേസമയം, ഗോവയിൽ ധാരണയ്ക്കായി തൃണമൂൽ കോൺഗ്രസുമായി സഖ്യചർച്ച നടത്തിയെന്ന വാർത്ത കോൺഗ്രസ് ഹൈക്കമാൻഡ് തള്ളി. വിശാലസഖ്യത്തിന് കഴിഞ്ഞ ദിവസം തൃണമൂൽ താൽപര്യം അറിയിച്ചിരുന്നു. ഇൗ വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടന്നെന്ന പ്രചാരണം ശരിയല്ലെന്നു മുതിർന്ന നേതാവ് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിൽനിന്ന് ഒട്ടേറെ നേതാക്കളെ അടർത്തി മാറ്റിയ തൃണമൂലുമായി എങ്ങനെ സഖ്യമുണ്ടാക്കുമെന്ന ചോദ്യമാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ഗോവയിലേക്കു കാലെടുത്തുവയ്ക്കുന്നതിനു മുൻപ് തൃണമൂൽ ഇക്കാര്യം ആലോചിക്കണമായിരുന്നുവെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു കഴിഞ്ഞ ദിവസം പറഞ്ഞത്. 

ലോബോയും സംഘവും കോൺഗ്രസിൽ

കഴിഞ്ഞ ദിവസം ബിജെപി സർക്കാരിൽനിന്നു രാജിവച്ച മന്ത്രി മൈക്കിൾ ലോബോയും പ്രാദേശിക നേതാവായ ഭാര്യ ഡെലില ലോബോയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ എതിർപ്പ് മറികടന്നാണ് സംസ്ഥാന നേതൃത്വം ഇരുവർക്കും അംഗത്വം നൽകിയത്. 

സ്വതന്ത്ര എംഎൽഎയായ മന്ത്രി ബിജെപിയിൽ

സ്വതന്ത്രനായി സഭയിലെത്തിയ ഗോവ മന്ത്രി ഗോവിന്ദ് ഗൗഡ എംഎൽഎ സ്ഥാനം രാജിവച്ചു. ബിജെപിയിൽ ചേരുമെന്നു പ്രഖ്യാപിച്ചു. ഒരു മന്ത്രിയും എംഎൽഎയും കഴിഞ്ഞ ദിവസം ബിജെപി വിട്ടതിനു പിന്നാലെയാണ് സ്വതന്ത്ര എംഎൽഎയെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നത്. 

English Summary: In Talks With Congress And Trinamool For Goa Alliance, Says Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA