ADVERTISEMENT

മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മാതൃകയിലുള്ള വിശാലസഖ്യമെന്ന തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻസിപി പാർട്ടികളുടെ ആവശ്യം തള്ളിയ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ശിവസേനയും എൻസിപിയും പ്രത്യേക മുന്നണിയായി മത്സരിക്കും. വലിയ ആരവം സൃഷ്ടിച്ചു കളത്തിലിറങ്ങിയ തൃണമൂൽ കോൺഗ്രസ് ഏതാണ്ട് ഒറ്റപ്പെട്ടു.

ഇതിനിടെ, കോൺഗ്രസ് വിട്ടു തൃണമൂലിലേക്കു പോയ മുൻ എംഎൽ‍എ അലക്സിയോ റെജിനാൾഡോ ഒരു മാസത്തിനുള്ളിൽ കോൺഗ്രസിൽ തിരിച്ചെത്തി. പാർട്ടിയുടെ ഗോവ വർക്കിങ് പ്രസിഡന്റായിരുന്ന അലക്സിയോ തൃണമൂ‍ലിൽ ചേർന്നതിനു പ്രവർത്തകരോടു മാപ്പു പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.3 % വോട്ടാണ് എൻസിപിക്കു ലഭിച്ചത്. ശിവസേനയ്ക്ക് 1.2 ശതമാനവും. ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനമില്ലാത്തതാണ് ഇരുപാർട്ടികളുടെയും സഖ്യം സംബന്ധിച്ച ഇവരുടെ നിർദേശങ്ങൾ കോൺഗ്രസ് അവഗണിക്കാൻ കാരണം.

ഇതുവരെ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ (24) പ്രഖ്യാപിച്ചത് കോൺഗ്രസ് ആണെന്നും അവരെല്ലാം പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞെന്നും കോൺഗ്രസിന്റെ മൂന്നംഗ തിരഞ്ഞെടുപ്പു സ്ക്രീനിങ് കമ്മിറ്റി അംഗമായ ഹൈബി ഇൗ‍‍ഡൻ എംപി പറഞ്ഞു. കഴിഞ്ഞ തവണ 6.3 % വോട്ട് നേടിയ ആം ആദ്മി പാർട്ടി സജീവമായി കളത്തിലുണ്ട്. തൃണമൂലും ആം ആദ്മി പാർട്ടിയും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നതല്ലാതെ ഒരു ചലനവും ഉണ്ടാക്കില്ലെന്നാണ് ഗോവയിലെ കോൺഗ്രസ് നിരീക്ഷകൻ പി. ചിദംബരം പറയുന്നത്.

കോൺഗ്രസിൽ നിന്നടക്കം അടർത്തിയെടുത്ത ഏതാനും നേതാക്കളും മുൻ എൻസിപി എംഎൽഎ ചർച്ചിൽ അലിമാവോയും അല്ലാതെ തൃണമൂലിന് ഗോവയിൽ കാര്യമായ അടിത്തറയില്ല. വൻതോതിൽ പണം ഇറക്കുന്നുണ്ടെങ്കിലും അതനുസരിച്ചു പ്രവർത്തകരെ അണിനിരത്താനായിട്ടില്ല.

തിരഞ്ഞെടുപ്പുഫലം വന്ന ശേഷം ബിജെപിയും തൃണമൂലും ഒഴികെയുള്ള പ്രധാന പാർട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയും കോൺഗ്രസിന് ആശ്വാസവാർത്തയാണ്.

40 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ആദ്യമായാണ് എല്ലാ സീറ്റുകളിലും പാർട്ടി പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത മാസം 14നാണ് ഗോവയിലെ തിരഞ്ഞെടുപ്പ്.

ബിജെപി വിട്ടെത്തിയ ലോബോ കോൺഗ്രസ് സ്ഥാനാർഥി

ബിജെപി വിട്ടെത്തിയ മുൻ മന്ത്രി മൈക്കിൾ ലോബോ കാലൻഗൂട്ടിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. ഇതുൾപ്പെടെ 9 മണ്ഡലങ്ങളിലേക്കു കൂടിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഈ മാസം ആദ്യമാണ് ബിജെപി സർക്കാരിൽനിന്നു മൈക്കിൾ ലോബോ രാജിവച്ചത്.

English Summary: No Maharashtra model grand alliance against bjp in Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com