ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു പട്ടിണി മരണങ്ങൾ ഇല്ലെന്നു കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞതിനെതിരെ ചോദ്യമുയർത്തി സുപ്രീം കോടതി. കഴി‍ഞ്ഞ ഏതാനും വർഷമായി ഒരു സംസ്ഥാനത്തും പട്ടിണി മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു എജിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഹിമ കോലിയാണ് ഇതിനെ വിമർശിച്ചത്.

കഴിഞ്ഞ 5 വർഷം ഉണ്ടായിട്ടില്ല എന്ന മട്ടിൽ സർക്കാർ കാര്യങ്ങളെ കാണരുതെന്നും രാജ്യത്ത് ഇന്നു പട്ടിണി മരണങ്ങൾ ഇല്ലെന്നു സർക്കാരിനു പറയാൻ കഴിയുമോയെന്നും ജസ്റ്റിസ് ഹിമ കോലി ചോദിച്ചു.

ഇതിനിടെ, രാജ്യത്തു സാമൂഹിക അടുക്കളകൾ സജ്ജമാക്കുന്നതിനുള്ള മാതൃകാ പദ്ധതി തയാറാക്കണമെന്നും ഇതിനായി സംസ്ഥാനങ്ങൾക്കു അധിക ഭക്ഷ്യധാന്യം അനുവദിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. രാജ്യത്തു പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ സാമൂഹിക അടുക്കള പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണു നിർദേശം.

ഭക്ഷ്യധാന്യങ്ങളും മറ്റും അതത് ഇടങ്ങളിൽ എത്തിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന അറ്റോർണി ജനറലിന്റെ നിർദേശം കോടതി അംഗീകരിച്ചു. പട്ടിണി മരണം സംബന്ധിച്ചു 2019–20 കുടുംബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് കോടതിയുടെ പക്കലുള്ളതെന്നും പുതിയതു ലഭ്യമാക്കണമെന്നും നിർദേശിച്ചു. 

വിഷയത്തിൽ നേരത്തെ ഹർജി നൽകാൻ വൈകിയ സംസ്ഥാന സർക്കാരുകൾക്കു പിഴ ചുമത്തിയതു കോടതി ഒഴിവാക്കി നൽകി. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും.

English Summary: No State has reported starvation deaths, Centre tells SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com