ADVERTISEMENT

ന്യൂഡൽഹി ∙ ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) അകലുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക സൂചിപ്പിച്ച് ബിജെപി നീക്കങ്ങൾ നടത്തുകയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് സൂചിപ്പിക്കുകയും ചെയ്തതോടെ യുപിയിലെ തിരഞ്ഞെടുപ്പുകളം ചൂടുപിടിക്കുകയാണ്. അഖിലേഷും സമാജ്‌വാദി പാർട്ടിയും ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ബിജെപി പരോക്ഷമായി സമ്മതിച്ചുകഴിഞ്ഞു.

ടിക്കറ്റ് ലഭിക്കില്ലെന്നു സൂചന ലഭിച്ചപ്പോഴാണ് സമാജ്‌വാദി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ മുലായം സിങ് യാദവിന്റെ മകൾ അപർണ യാദവ് തീരുമാനിച്ചത്. അപർണയെ പാർട്ടിയിലേക്ക് സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ, ബിജെപിയുമായി യുപിയിൽ സഖ്യത്തിലുള്ള അപനാ ദൾ –എസിന്റെയും നിഷാദ് പാർട്ടിയുടെയും നേതാക്കൾ ബിജെപി ആസ്ഥാനത്തെത്തി. കേന്ദ്രമന്ത്രികൂടിയായ അനുപ്രിയ പട്ടേലും സഞ്ജയ് നിഷാദും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കൊപ്പം പത്രസമ്മേളനം നടത്തി. പിന്നാക്ക വിഭാഗങ്ങൾക്കായുൾപ്പെടെ സാമൂഹിക നീതിക്കായി മോദി സർക്കാർ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് അനുപ്രിയയും സഞ്ജയും പറഞ്ഞത്.

അനുപ്രിയ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പിന്നാലെ അപ്നാദൾ എംഎൽഎമാരായ ചൗധരി അമർ സിങ്, ആർ.കെ.വർമ എന്നിവർ പാർട്ടി വിട്ട് എസ്പിയിൽ ചേരുകയും ചെയ്തു. ഇതിനു പിന്നാലെ അനുപ്രിയയെ ബിജെപി കേന്ദ്രനേതൃത്വം ബന്ധപ്പെട്ട് എൻഡിഎയിൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമം നടത്തി.

3 മന്ത്രിമാരുൾപ്പെടെ 10 എംഎൽഎമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി വിട്ടത്. മിക്കവരും സമാജ്‌വാദി പാർട്ടിയിൽ ചേർന്നുകഴിഞ്ഞു. ടിക്കറ്റ് ലഭിക്കില്ലെന്നതിനാലാണ് ഇവരുടെ പാർട്ടിമാറ്റം എന്ന ബിജെപിയുടെ ആരോപണത്തിന് കരുത്തില്ല. അപർണ പാർട്ടി വിട്ടത് ടിക്കറ്റ് ലഭിക്കില്ലെന്ന സ്ഥിതിയിലെന്ന് അഖിലേഷ് സൂചിപ്പിച്ചു; അപർണ അതു നിഷേധിച്ചിട്ടുമില്ല.

യാദവ ഇതര പിന്നാക്ക വോട്ടുകളും പരമാവധി ഏകോപിപ്പിക്കാനാണ് അഖിലേഷിന്റെ ശ്രമം. കഴിഞ്ഞ തവണ ബിജെപിയുടെ കൂട്ടത്തിലായിരുന്ന എസ്ബിഎസ്പിയുൾപ്പെടെ, 7 പാർട്ടികളെങ്കിലും അഖിലേഷിനൊപ്പമാണ്.

യുപിയിൽ എല്ലാ സീറ്റിലും ബിജെപിയുമായി സഖ്യമെന്നാണ് അപ്നാ ദളിന്റെയും നിഷാദ് പാർട്ടിയുടെയും നിലപാട്. അതിലൂടെ സൂചിപ്പിക്കപ്പെടുന്നത് ബിജെപിയുമായുള്ള വിലപേശൽ തന്നെയാണ്. 2017 ൽ ആകെ 403 സീറ്റിൽ 384 ൽ ബിജെപി, 11 ൽ അപ്നാ ദൾ, എട്ടെണ്ണത്തിൽ എസ്ബിഎസ്പി എന്നിങ്ങനെയായിരുന്നു പങ്കിടൽ. ബിജെപി – 312, അപ്നാ ദൾ – 9, എസ്ബിഎസ്പി – 4 വീതം സീറ്റുകളിൽ ജയിച്ചു. ബിജെപി ഉൾപ്പെട്ടിരിക്കുന്ന പ്രതിസന്ധി മുതലെടുക്കാമെന്നു പ്രതീക്ഷിക്കുന്ന അപ്നാ ദൾ ഇപ്പോൾ 36 സീറ്റാണ് ചോദിക്കുന്നത്. കഴിഞ്ഞ തവണ 72 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തു മാത്രമാണ് നിഷാദ് പാർട്ടി ജയിച്ചത്. 15 സീറ്റ് ബിജെപി വാഗ്ദാനം ചെയ്തുകഴിഞ്ഞെന്നും കൂടുതൽ ലഭിക്കാൻ ചർച്ച നടത്തുന്നുവെന്നുമാണ് നിഷാദ് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നത്.

അഖിലേഷ് അസംഗഡിൽ മത്സരിച്ചേക്കും

ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ പ്രചാരണത്തിൽ ശ്രദ്ധിക്കുന്ന പതിവു രീതി വിട്ട് ഇക്കുറി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കളത്തിലിറങ്ങും. അഖിലേഷിനെ മുൻപു ലോക്സഭയിലേക്കു തിരഞ്ഞെടുത്തുവിട്ട അസംഗഡ് തന്നെ നിയമസഭയിലേക്കുള്ള കന്നിപ്പോരാട്ടത്തിനും അദ്ദേഹം തിരഞ്ഞെടുക്കുമെന്നാണു സൂചന.

5 വർഷം മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിച്ചെങ്കിലും അഖിലേഷ് ഇതുവരെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. 2012 ൽ പാർട്ടി ജയിച്ച് അധികാരത്തിലെത്തിയപ്പോൾ അഖിലേഷ് നിയമസഭാ കൗൺസിലിലാണ് അംഗമായത്. 2017 ലെ തിരഞ്ഞെടുപ്പിലും മത്സരിക്കാനിറങ്ങാതെ പ്രചാരണം നയിച്ചു. ഇക്കുറിയും മത്സരിക്കില്ലെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടം മുറുകിയതോടെ അഖിലേഷും കളത്തിലിറങ്ങുമെന്ന് അണികൾ വിശ്വസിക്കുന്നു. 2 മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നു വരെ ശ്രുതിയുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം അസംഗഡിലെ എന്റെ ജനതയോടു ചോദിക്കണം എന്നാണ് ഇന്നലെ അഖിലേഷ് പ്രതികരിച്ചത്. നിയമസഭാ കൗൺസിൽ വഴിയെത്തിയ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തവണ മത്സരിക്കുന്നുണ്ട്.

Content Highlight: Uttar Pradesh Assembly Elections 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com