ന്യൂഡൽഹി ∙ തലയ്ക്കേൽക്കുന്ന പരുക്ക് സുപ്രധാനമാണെന്നും ഇതു ശ്രദ്ധയിൽപെട്ടില്ലെന്നതുകൊണ്ടു മാത്രം ഒരാളെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽ ജയ് ദത്ത് എന്ന കൊലക്കേസ് പ്രതിയെ കുറ്റക്കാരനായി വിധിച്ചുകൊണ്ടാണ് ജഡ്ജിമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
ജയദത്തിനെ കൊലക്കുറ്റത്തിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, പ്രതിയുടെ അപ്പീൽ ഭാഗികമായി ശരിവച്ച അലഹാബാദ് ഹൈക്കോടതി പ്രതിക്കെതിരായ കുറ്റം മാരകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ എന്നാക്കി മാറ്റി. പ്രതിയുടെ അക്രമത്തിൽ പരുക്കേറ്റ് 6 ദിവസത്തിനു ശേഷമാണ് ആളു മരിച്ചതെന്നതും പരുക്ക് കണ്ടെത്തിയില്ലെന്നും നിരീക്ഷിച്ചായിരുന്നു കൊലക്കുറ്റം ഒഴിവാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി തലയ്ക്കു പരുക്കേറ്റിരുന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി.
Content Highlight: Supreme Court