ADVERTISEMENT

ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരത്തിന്റെ ഫലം പങ്കിടാൻ പലർ ശ്രമിക്കുന്നുവെന്നതാണ് ഗോവയിൽ കോൺഗ്രസ് നേരിടുന്ന പ്രശ്നം. ബിജെപി വിരുദ്ധ വോട്ട് പലർക്കു കൊടുത്താൽ പാഴാകും എന്നു പറഞ്ഞ് പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. 

ബിജെപി ജയിച്ചാൽ ഉത്തരവാദിത്തം കോൺഗ്രസിനെന്ന് തൃണമൂൽ കോൺഗ്രസും ശിവസേനയും പറഞ്ഞുകഴിഞ്ഞു. ഭരണവിരുദ്ധ വികാരമുൾപ്പെടെ തങ്ങൾക്കു പ്രശ്നങ്ങൾ പലതുണ്ടെങ്കിലും എതിർവോട്ടുകൾ ഭിന്നിക്കുമെന്നും ബാക്കിയൊക്കെ 2017 മോഡൽ അട്ടിമറിയിലൂടെ സാധിക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. 

ആകെ 40 സീറ്റുള്ള സംസ്ഥാനത്ത്, ഭൂരിപക്ഷം മണ്ഡലങ്ങളിലും മുപ്പതിനായിരത്തിൽ താഴെയാണ് വോട്ടർമാരുടെ എണ്ണം. കോൺഗ്രസ് + ഗോവ ഫോർവേഡ് പാർട്ടി, തൃണമൂൽ + എംജിപി, ശിവസേന + എൻസിപി എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കൂട്ടുകെട്ടുകൾ; ആം ആദ്മി പാർട്ടി തനിച്ചു മത്സരിക്കുന്നു. 

ഭരണമല്ല, ദേശീയ പാർട്ടി പദവിക്കു സഹായകമാകുന്ന വോട്ടുകൾ പിടിക്കുകയെന്നതാണു സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ പ്രധാന ലക്ഷ്യം. 2017 ൽ 39 സീറ്റിൽ മത്സരിച്ച് എല്ലായിടത്തും പരാജയപ്പെട്ടെങ്കിലും ആം ആദ്മിക്ക് 6.27% വോട്ട് ലഭിച്ചു. തൃണമൂലുമായി സഖ്യത്തിന് ആം ആദ്മി ചില ചർച്ചകൾ നടത്തിയിരുന്നു. സഖ്യചർച്ചയ്ക്കു തയാറെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോൺഗ്രസിനോടും സൂചിപ്പിച്ചു; കോൺഗ്രസ് പ്രതികരിച്ചില്ല. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം വേണ്ടിവന്നാൽ ആം ആദ്മിയുടെ പിന്തുണ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 

സഖ്യത്തിനു തയാറാകാത്തതിന് അഭിഷേക് ബാനർജി, മഹുവ മൊയ്ത്ര, പവൻ വർമ തുടങ്ങിയ തൃണമൂൽ നേതാക്കൾ കോൺഗ്രസിനെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി വിമർശിച്ചു. പി.ചിദംബരവും പവൻ വർമയും ചർച്ച നടത്തിയെങ്കിലും കൂട്ടുകെട്ടിനെക്കുറിച്ച് വ്യക്തമായ ധാരണ മറുപക്ഷത്തുനിന്നു ലഭിച്ചില്ലെന്നാണ് കോൺഗ്രസ് ഒൗദ്യോഗികമായി പറയുന്നത്. എന്നാൽ, തങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഗോവയിൽ എത്തിയിരിക്കുന്ന തൃണമൂലുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസിനു താൽപര്യമില്ലായിരുന്നു. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലേറോയെ പിടിച്ചെടുത്ത് ബംഗാളിൽനിന്നു രാജ്യസഭാംഗമാക്കിയാണ് തൃണമൂൽ ഗോവയിൽ കളി തുടങ്ങിയത്. തൃണമൂലുമായി സഹകരണം ആലോചിക്കാവുന്നതെന്നു വാദിച്ചതേറെയും ജി23 ലെ നേതാക്കളാണെന്നതും പ്രശാന്ത് കിഷോറാണ് തൃണമൂലിന്റെ മുഖ്യ തന്ത്രജ്ഞൻ എന്നതും കോൺഗ്രസ് കണക്കിലെടുത്തു. 

മഹാരാഷ്ട്ര മോഡൽ കൂട്ടുകെട്ടു താൽപര്യപ്പെട്ട ശിവസനയുമായും എൻസിപിയുമായും കോൺഗ്രസ് ചർച്ച നടത്തി. എന്നാൽ, ചോദിച്ച സീറ്റുകളുടെ എണ്ണവും അവർക്ക് സംസ്ഥാനത്തുള്ള ബലവുമായി പൊരുത്തമില്ലെന്ന് വിലയിരുത്തിയാണ് കോൺഗ്രസ് പിൻമാറിയത്. എൻസിപി കഴിഞ്ഞ തവണ 17 സീറ്റിൽ മത്സരിച്ചു, 16ലും പണം പോയി, ഒരിടത്തു ജയിച്ചു, മൊത്തം 2.28% വോട്ട് നേടി. ശിവസേന മത്സരിച്ച മൂന്നിടത്തും പണം പോയി, 0.09% വോട്ടാണ് ലഭിച്ചത്. 

കോൺഗ്രസുമായി സഖ്യമുള്ള ഗോവ ഫോർവേഡ് പാർട്ടി ഇത്തവണ മൂന്നിടത്താണ് മത്സരിക്കുന്നത്; കഴിഞ്ഞ തവണ 4 സീറ്റിൽ മത്സരിച്ചു, മൂന്നിൽ ജയിച്ചു, 3.48% വോട്ടും നേടി. പ്രചാരണത്തിനു പണമൊഴുക്കുന്നതിൽ തൃണമൂലുമായി കോൺഗ്രസ് മത്സരത്തിനില്ല, പണത്തിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയോടു പിടിച്ചുനിൽക്കാനുമാവില്ല. അപ്പോൾ, ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന പ്രചാരണത്തിന് ഊന്നൽ നൽകുകയെന്നതാണ് ഗോവയിലെ പ്രതിസന്ധിക്കു കോൺഗ്രസ് കാണുന്ന പരിഹാരം. 

Content Highlight: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com