എൻപിഎസ്: സർക്കാർ ജീവനക്കാർക്കും 75% ഓഹരി നിക്ഷേപം അനുവദിച്ചേക്കും

National-Pension-Scheme
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി ∙ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) നിക്ഷേപിക്കുന്ന തുകയിൽ 75% വരെ ഓഹരിയിലേക്കു മാറ്റാൻ സർക്കാർ ജീവനക്കാർക്കും അവസരമൊരുങ്ങിയേക്കും. എൻപിഎസിൽ നിക്ഷേപിക്കുന്ന തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, മറ്റു സാമ്പത്തിക ആസ്തികൾ എന്നിങ്ങനെ വീതിച്ചാണ് നിക്ഷേപിക്കുന്നത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നിലവിൽ പരമാവധി 50% വരെയാണ് ഓഹരിയിൽ നിക്ഷേപിക്കാൻ അനുമതി.

3 വർഷം മുൻപ് സർക്കാർ ഇതര എൻപിഎസ് അംഗങ്ങൾക്ക് 75% വരെ ഓഹരി നിക്ഷേപത്തിന് അവസരം നൽകിയിരുന്നു. ഇതേ രീതി സർക്കാർ മേഖലയ്ക്കു കൂടി ബാധകമാക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരുമായി പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ഉടൻ ചർച്ചനടത്തും.

നിക്ഷേപം എങ്ങനെ മാറും?

പെൻഷൻ തുക വിവിധ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കാൻ 2 തരത്തിലാണ് എൻപിഎസിൽ സൗകര്യം. അവസരം നോക്കി നിക്ഷേപങ്ങൾ മാറ്റാൻ സാധിക്കുന്നവർക്കുള്ള 'ആക്ടീവ് ചോയ്‌സ്' രീതിയും അല്ലാത്തവർക്കായി 'ഓട്ടോ ചോയ്സ്' രീതിയും. ആക്ടീവ് ചോയ്സിന് റിസ്കും ലാഭവും കൂടുതലാണ്. 

ഓട്ടോ ചോയ്സിൽ റിസ്ക് കുറവും. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഓട്ടോ ചോയ്സ് അനുസരിച്ച് പരമാവധി 50% ഓഹരിയിൽ നിക്ഷേപിക്കാം. എന്നാൽ 35 വയസ്സുവരെ മാത്രമേ ഈ 50% നിക്ഷേപം സാധിക്കൂ. 

36 വയസ്സു മുതൽ ഓരോ വർഷവും ഓഹരിയിലെ നിക്ഷേപം ആനുപാതികമായി കുറയുകയും കടപ്പത്രം പോലെയുള്ള നിക്ഷേപങ്ങളിലേക്കു മാറ്റുകയും ചെയ്യും. പുതിയ തീരുമാനം നടപ്പായാൽ സർക്കാർ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ 75% വരെ ഓഹരിയിൽ നിക്ഷേപിക്കാൻ കഴിയും.

എന്താണ് എൻപിഎസ്?

സർക്കാരിന്റെ പെൻഷൻ നിക്ഷേപ സ്കീമുകളിൽ ജനകീയമായ ഒന്നാണ് എൻപിഎസ്. 18 വയസ്സു മുതൽ 70 വയസ്സുവരെയുള്ള ജോലി ചെയ്യുന്ന ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരിയടക്കുള്ള വിവിധ സാമ്പത്തിക ആസ്തികളിൽ വീതിച്ച് നിക്ഷേപിക്കാനും കഴിയും. സർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്റെ 10% നിക്ഷേപിക്കുമ്പോൾ 14% തുക സർക്കാരും ബാങ്കും നിക്ഷേപിക്കും. 

പങ്കാളിത്ത പെൻഷൻ‌ പദ്ധതിയിൽ പെടുന്ന ജീവനക്കാരുടെ പേരിൽ കേരള സർക്കാർ 10 ശതമാനമാണ് എൻപിഎസിൽ നിക്ഷേപിക്കുന്നത്. മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ ഉടമയുടെ വിഹിതമായി നൽകുന്ന തുകയ്ക്ക് സ്ഥാപനത്തിനു നികുതി ഇളവ് ലഭിക്കും.

പിഎഫ് നിക്ഷേപം: 5 ലക്ഷം വരെ നികുതി ഒഴിവാക്കിയേക്കും

ന്യൂഡൽഹി ∙ പ്രോവിഡന്റ് ഫണ്ടുകളിലെ നികുതിയില്ലാത്ത നിക്ഷേപ പരിധി 5 ലക്ഷം രൂപയായി ഉയർത്തുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. പിഎഫിൽ പ്രതിവർഷം 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്കു ലഭിക്കുന്ന പലിശയ്ക്ക് കഴിഞ്ഞ ബജറ്റിൽ നികുതി ഏർപ്പെടുത്തിയിരുന്നു. 

പിന്നീട് പരിധി 5 ലക്ഷം വരെയായി ഉയർത്തിയെങ്കിലും തൊഴിലുടമയുടെ വിഹിതം അടയ്ക്കാത്തവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ജനറൽ പ്രോവിഡന്റ് ഫണ്ടിനു (ജിപിഎഫ്) മാത്രമാണ് ബാധകമാവുന്നതെന്നും തന്മൂലം സർ‌ക്കാർ ജീവനക്കാർക്കു മാത്രമായിരുന്നു ഗുണകരമെന്നും പരാതിയുയർന്നു. തൊഴിലുടമയും വിഹിതം അടയ്ക്കുന്ന ഇപിഎഫ് അടക്കമുള്ളവയ്ക്കും ആനുകൂല്യം വേണമെന്നും ആവശ്യമുയർന്നു. 2.5 ലക്ഷത്തിലധികം രൂപ പ്രതിവർഷം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്കു നിക്ഷേപിക്കുന്നവർ ഒരു ശതമാനത്തിൽ താഴെയാണെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.

Content Highlight: National Pension Scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA