ADVERTISEMENT

ന്യൂഡൽഹി ∙ ‘പത്മഭൂഷൺ ബഹുമതിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്കു പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഞാനതു നിരസിക്കുന്നു’ – ബഹുമതി നിരസിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കിയതിങ്ങനെ. 

നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇഎംഎസ് പത്മവിഭൂഷൺ നിരസിച്ചിരുന്നു. 1996–98ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനു ഭാരതരത്നവും സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിനു പത്മവിഭൂഷണും നൽകാൻ ആലോചിച്ചിരുന്നു. സ്വീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കിയതിനാൽ പ്രഖ്യാപനമുണ്ടായില്ല. 

പത്മ പുരസ്കാരങ്ങൾ, താമ്രപത്രം തുടങ്ങിയ ഭരണകൂട ബഹുമതികൾ സ്വീകരിക്കില്ലെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണെന്നും പുരസ്കാരത്തിനായി പൊതുജന സേവനം എന്നതല്ല തങ്ങളുടെ രീതിയെന്നും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 

അതിനിടെ, ബംഗാളി ഗായിക സന്ധ്യ മുഖർജി (90) പത്മശ്രീ നിരസിക്കുന്നതായി കുടുംബം അറിയിച്ചു. ബംഗ്ലാ ബിഭൂഷൺ‌ ഉൾപ്പെടെ വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഗായികയ്ക്ക് പത്മശ്രീ നൽകാനുള്ള തീരുമാനം കരിയറിനെ താഴ്‌ത്തിക്കെട്ടുന്നതാണെന്നു കുടുംബം ചൂണ്ടിക്കാട്ടി.

ഗുലാം നബിയെ പരിഹസിച്ച് ജയ്റാം രമേഷ്

പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ പരോക്ഷ പരിഹാസവുമായി മുതിർന്ന നേതാവ് ജയ്റാം രമേഷ്. പത്മഭൂഷൺ നിരസിച്ച സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണു പരാമർശം. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യം. ആസാദ് (സ്വതന്ത്രൻ) ആകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്, ഗുലാം (സേവകൻ) ആകാനല്ല – ജയ്റാം രമേഷ് കുറിച്ചു. പുരസ്കാര നേട്ടത്തിൽ ഗുലാം നബിയെ അഭിനന്ദിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. അതേസമയം, തന്റെ ട്വിറ്റർ പ്രൊഫൈലിൽ മാറ്റം വരുത്തിയെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്ന് ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.

English Summary: If I have been awarded, I refuse it: Buddhadeb Bhattacharjee 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com