ADVERTISEMENT

ന്യൂഡൽഹി∙ 3 വർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സുരക്ഷയ്ക്കും യാത്രാസൗകര്യങ്ങൾക്കും മുൻതൂക്കം നൽകും. റെയിൽവേക്ക് ഇത്തവണ 1,40,367.13 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ 1,36,100 കോടി രൂപ മൂലധനച്ചെലവിനാണ്.

നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നതോടൊപ്പം ഇവ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും മുൻഗണന നൽകും. രാജ്യത്തെ വിവിധ മെട്രോ പദ്ധതികൾക്കായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള വന്ദേഭാരത് ട്രെയിനുകൾ ഇപ്പോൾ 2 റൂട്ടുകളിലാണ് ഓടുന്നത്. 95 ശതമാനം ബുക്കിങ്ങുള്ളവയാണിവ. ഈ ട്രെയിനുകളുടെ രണ്ടാംഘട്ട റേക്കുകൾ ഏപ്രിലോടെ പരീക്ഷണം പൂർത്തിയാക്കും. ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തിൽ റേക്കുകൾ നിർമിച്ചു തുടങ്ങും. 

ഒരു മാസം 7–8 റേക്കുകൾ വീതം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വന്ദേഭാരത് ട്രെയിനുകളുടെ രൂപകൽപനയിൽ നിരന്തര നവീകരണവും ഉറപ്പാക്കും. 7977.84 കോടി രൂപ റോളിങ് സ്റ്റോക്കിനായി ബജറ്റിൽ നീക്കി വച്ചു.

∙റെയിൽവേ ലൈനിൽ അതീവസുരക്ഷ ഉറപ്പു വരുത്തുന്ന ‘കവച്’ പദ്ധതിക്കു കീഴിൽ ഇക്കൊല്ലം 2000 കിലോമീറ്റർ റെയിൽ കൊണ്ടുവരും. കവച് സംവിധാനം കയറ്റുമതി ചെയ്യും.

∙ഓരോ ്രപദേശത്തെയും ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് പ്രാമുഖ്യം നൽകാൻ ‘ഒരു സ്റ്റേഷൻ ഒരുൽപന്നം’ പദ്ധതി.

∙ പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ 100 എണ്ണം രാജ്യത്തു നിർമിക്കും. ഏതു തരത്തിലുള്ള ഉൽപന്നങ്ങളുടെ നീക്കത്തിനും കാർഗോ ടെർമിനൽ ഉപയോഗിക്കാം. വൈദ്യുതീകരണം അടക്കമുളള ഉത്തരവാദിത്തം റെയിൽവേ ഏറ്റെടുക്കും.

∙ യാത്രാവരുമാനമായി 58,500 കോടിയും ചരക്കു നീക്കത്തിൽ നിന്ന് 1,65,000 കോടിയും വരുമാനം പ്രതീക്ഷിക്കുന്നു.

∙ റെയിൽവേ വൈദ്യുതീകരണം 2023ൽ 100% പൂർത്തീകരിക്കും. ഈ വർഷം 6500 കിലോമീറ്റർ കൂടി വൈദ്യുതീകരിക്കും.

∙ പാതയിരട്ടിപ്പിക്കലിന് 12,108.08 കോടി രൂപ നീക്കിവച്ചു. 300 കിലോമീറ്റർ പുതിയ ലൈനുകൾക്ക് 25,243 കോടി. സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിന് 2500 കോടി.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com