ADVERTISEMENT

ന്യൂഡൽഹി∙ ക്രിപ്റ്റോ കറൻസിയടക്കം വെർച്വൽ ഡിജിറ്റൽ ആസ്തികളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനത്തിനു ബജറ്റിൽ നികുതി ഏർപ്പെടുത്തി. എല്ലാ കൈമാറ്റങ്ങൾക്കും ഒരു ശതമാനം ടിഡിഎസും (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകമായിരിക്കും. ഏപ്രിൽ ഒന്നു മുതൽ ചട്ടം പ്രാബല്യത്തിൽ വരും. ക്രിപ്റ്റോകറൻസി നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇവയ്ക്ക് ആസ്തിയെന്ന നിലയിൽ പരോക്ഷ അംഗീകാരം നൽകിയുള്ള പ്രഖ്യാപനം.

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻ‌സികൾ, എൻഎഫ്ടി (നോൺ–ഫഞ്ചിബൾ ടോക്കൺ) എന്നിവ വെർച്വൽ ഡിജിറ്റൽ ആസ്തിയായി പരിഗണിക്കുമെന്ന് ധനബിൽ പറയുന്നു. വെർച്വൽ ആസ്തികൾ കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന നഷ്ടം മറ്റു വരുമാനങ്ങൾക്കൊപ്പം പരിഗണിക്കാനാവില്ല. സമ്മാനമായി നൽകുന്ന വെർച്വൽ ആസ്തിയുടെ നികുതി ബാധ്യത അത് സ്വീകരിക്കുന്ന വ്യക്തിക്കായിരിക്കും.

അംഗീകരിച്ചോ?

സാങ്കേതികമായി അംഗീകാരം ആയിട്ടില്ല. ക്രിപ്റ്റോയെ നിയന്ത്രിക്കാനുള്ള ബിൽ സംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നതേയുള്ളൂ. ബജറ്റിന്റെ ദിശ കണക്കാക്കിയാൽ ക്രിപ്റ്റോ കറൻസികൾ നിരോധിക്കാനുള്ള സാധ്യത പുതിയ ബില്ലിലുണ്ടാകില്ലെന്നാണ് സൂചന. സ്വർണം പോലെ ആസ്തിയായി സൂക്ഷിക്കാൻ അനുവദിച്ചേക്കും. നിയമപരമായ ഇടപാടിന് (ലീഗൽ ടെൻഡർ) അനുവദിച്ചേക്കില്ല.

എൻഎഫ്ടി

ബ്ലോക്ചെയിനിൽ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എൻഎഫ്ടി. ഡിജിറ്റൽ ആയ ഏത് ഉൽപന്നത്തെയും എൻഎഫ്ടിയാക്കാം. ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ, ഓഡിയോ, വിഡിയോ, സിനിമ തുടങ്ങിയവയൊക്കെ ഇങ്ങനെയാക്കാം.

∙ ‘നികുതി ഏർപ്പെടുത്തിയെന്നതിനർഥം വെർച്വൽ ആസ്തികൾക്ക് നിയമപ്രാബല്യം നൽകിയെന്നല്ല. ഡിജിറ്റൽ കറൻസിയെന്നത് റിസർവ് ബാങ്ക് ഇറക്കുന്നതാണ്, ബാക്കിയുള്ളവ വ്യക്തികൾ സൃഷ്ടിക്കുന്ന ആസ്തികളാണ്. അവയെ കറൻസിയെന്ന് വിളിക്കാനാകില്ല. ആളുകൾ ഇതിലൂടെ വരുമാനമുണ്ടാക്കുന്നതിനാൽ നികുതി ചുമത്തുന്നു.’ – കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം: പ്രഫ. ക്രിഷ് പിള്ള (ഐടി–മാനേജ്മെന്റ് കൺസൽറ്റന്റ്, യുഎസ്)

ബജറ്റിൽ ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നത്, ഇതുവരെ ഇന്ത്യയിൽ അംഗീകാരം ഇല്ലാതിരുന്ന ഇവയ്ക്ക് ഫലത്തിൽ അംഗീകാരം നൽകിയതു പോലെയാണ്. പല രാജ്യങ്ങളിലും ഡിജിറ്റൽ കറൻസി വ്യാപാരത്തിലെ ലാഭത്തിനു നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.

ഒട്ടേറെ നവീന സാങ്കേതിക വിദ്യകളെ സ്വാധീനിക്കുന്ന ഫിൻടെക് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ് ഡിജിറ്റൽ കറൻസികൾ . ലോകവ്യാപകമായി ഉള്ളതിനാൽ, ഇന്ത്യ മാത്രം മേഖലയിൽ നിന്നു മാറി നിൽക്കുന്നത് അഭികാമ്യമല്ല. ബാങ്കുകളും ഓഹരി എക്സ്ചേഞ്ചുകളും ബ്രോക്കറേജുകളുമൊന്നും ഇടനിലക്കാരായി ഇല്ലാത്ത ബ്ലോക്ചെയിൻ അധിഷ്ഠിത സമ്പദ് വ്യവസ്ഥയാണിത്. ഇതിനു ബജറ്റിലൂടെ തന്നെ തുടക്കം കുറിക്കേണ്ടതാണ്.

‘ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിരോധിക്കില്ലെന്നുള്ള ഉറപ്പ്’

ഇന്ത്യയിലെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർഎക്സ് സ്ഥാപകൻ നിശ്ചൽ ഷെട്ടി 'മനോരമ'യോട്

കേന്ദ്രതീരുമാനത്തെ എങ്ങനെ കാണുന്നു?

പൂർണമായും സ്വാഗതാർഹം. ആസ്തിയായി ക്രിപ്റ്റോ അംഗീകരിക്കപ്പെടുന്നെന്ന സന്ദേശം ഇതു നൽകുന്നു. ക്രിപ്റ്റോ സംബന്ധിച്ച വ്യക്തത ഇതിലൂടെ ലഭിച്ചു. ഇത് മേഖലയ്ക്ക് പൊതു അംഗീകാരം ലഭിക്കാനിടയാക്കും. ക്രിപ്റ്റോകറൻസി ഇന്ത്യ നിരോധിക്കില്ലെന്നും ഇതിലൂടെ ഉറപ്പായി.

30% നികുതി വിപണിയെ അനാകർഷകമാക്കുമോ?

ഇല്ല. ഒരു നിയമത്തിന് വേണ്ടി കാത്തിരിക്കുന്നതിനെക്കാൾ വളരെ നല്ലതാണ് ഈ നികുതി തീരുമാനം. കാലക്രമത്തിൽ നികുതി കുറയുമെന്നാണു പ്രതീക്ഷ. വലിയൊരു വിഭാഗം ഉപയോക്താക്കൾ ഇനി ഈ വിപണിയിലേക്ക് വരും. ബാങ്കുകൾക്കും ആശയക്കുഴപ്പം കൈവെടിഞ്ഞ് ക്രിപ്റ്റോയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകിത്തുടങ്ങാം.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com