ADVERTISEMENT

ന്യൂഡൽഹി∙ കൃഷിയിടങ്ങളിൽ ഡ്രോണുകളുടെ (കിസാൻ ഡ്രോൺ) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കീടനാശിനികൾ തളിക്കാനും കൃഷിയിടങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽവൽക്കരിക്കാനുമാണു ഡ്രോണുകൾ ഉപയോഗിക്കുക. കൃഷി ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഡ്രോൺ വാങ്ങാൻ 10 ലക്ഷം രൂപ വരെ നൽകുമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗോതമ്പ്, നെല്ല് എന്നിവ താങ്ങുവില നൽകി കേന്ദ്രം സംഭരിക്കും. ഇതുവഴി 1.63 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2.37 ലക്ഷം കോടി രൂപ എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വിവാദ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകരുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു വിളകൾക്കുള്ള താങ്ങുവില. അതേസമയം, 2020 – 21 കാലയളവിൽ 1.97 കോടി കർഷകരിൽ നിന്നാണു സംഭരണം നടത്തിയതെന്നും അന്ന് അനുവദിച്ച 2.48 ലക്ഷം കോടിയിൽ കുറവാണ് ഇത്തവണത്തെ വിഹിതമെന്നും കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. 

എല്ലാ വിളകൾക്കും താങ്ങുവില എന്നതാണു കർഷകരുടെ ആവശ്യം. കർഷകരുടെ വരുമാനം ഈ വർഷത്തോടെ ഇരട്ടിയാക്കുമെന്ന് മുൻപ് പറഞ്ഞ കേന്ദ്രം ഇപ്പോൾ മൗനം പാലിക്കുകയാണെന്നും കിസാൻ മോർച്ച ചൂണ്ടിക്കാട്ടി.

എണ്ണക്കുരു ഉൽപാദനം വർധിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്നു ബജറ്റ് വ്യക്തമാക്കി. എണ്ണക്കുരുവിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുകയാണു ലക്ഷ്യം. രാസവസ്തുക്കൾ ഉപയോഗിക്കാത്ത കൃഷി രീതികൾക്ക് ഊന്നൽ നൽകും. ഇതിന്റെ ആദ്യ ഘട്ടമായി ഗംഗാ തീരത്ത് 5 കിലോമീറ്റർ നീളത്തിൽ കൃഷിയിടം സജ്ജമാക്കും.

പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ കർഷകർക്ക് അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് നബാർഡ് വഴി സാമ്പത്തിക സഹായം ലഭ്യമാക്കും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com