ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ഈ വർഷം 25,000 കിലോമീറ്റർ ദേശീയ പാത കൂടി നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നിർമാണ പ്രവൃത്തികൾക്കായി സ്വകാര്യ പങ്കാളിത്തത്തോടെ 20,000 കോടി രൂപ സമാഹരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനും ചരക്കു നീക്കം സുഗമമാക്കുന്നതിനും ആയിരിക്കും മുൻതൂക്കം.പിഎം ഗതിശക്തി പദ്ധതിക്കു കീഴിൽ എക്സ്പ്രസ് പാതകളുടെ മാസ്റ്റർ പ്ലാൻ ഈ വർഷം തയാറാക്കും. ഗതാഗത മന്ത്രാലയത്തിന് 1.99 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിൽ വൈദ്യുത വാഹനങ്ങൾക്ക് പ്രാമുഖ്യം നൽകും.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം കേരളത്തിൽ 45,665 കോടി രൂപ മൂലധനച്ചെലവുള്ള 632 കിലോമീറ്റർ ദേശീയ പാതയുടെ ജോലികൾ പുരോഗമിക്കുകയാണ്. 37,544 കോടി രൂപയുടെ 926 കിലോമീറ്റർ പാതയുടെ ജോലികൾ 2024–25 ആകുമ്പോഴേക്ക് നിർമാണമാരംഭിക്കും. മുംബൈ – കന്യാകുമാരി ഇടനാഴിയിൽ കേരളത്തിലൂടെ കടന്നു പോകുന്ന 600 കിലോമീറ്ററിന്റെ 515 കിലോമീറ്റർ നിർമാണ പ്രവൃത്തികൾ ടെൻഡർ ചെയ്തു കഴിഞ്ഞു. ബാക്കി അടുത്ത മാസം നൽകും. മധുര–കൊല്ലം ഇടനാഴിയുടെ ജോലികൾ അടുത്ത ഏപ്രിലിൽ ടെൻഡർ ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു.

ചരക്കുനീക്കം സുഗമമാക്കാനും വിവരകൈമാറ്റം ലളിതമാക്കാനും ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം ഉണ്ടാക്കും. രാജ്യത്തെ നാലിടങ്ങളിൽ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സ്വകാര്യപങ്കാളിത്തത്തോടെ ഈ വർഷം ടെൻഡർ ചെയ്യും.

പർവത് മാല വഴി റോപ്‌വേ

റോഡ് നിർമാണം അസാധ്യമായ മേഖലകളിൽ റോപ്‌വേകൾ തയാറാക്കി യാത്ര സുഗമമാക്കാൻ പദ്ധതി (പർവത് മാല) തയാറാക്കും. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇത്. തിരക്കു കാരണം പൊതുഗതാഗത സംവിധാനങ്ങൾ അസാധ്യമായ നഗരങ്ങളിലും ഇതിന്റെ സാധ്യതകൾ പരിഗണിക്കും ഈ വർഷം 60 കിലോമീറ്റർ ദൈർഘ്യത്തിൽ 8 റോപ്‌വേ പദ്ധതികൾക്ക് അംഗീകാരം നൽകും.

5 നദീസംയോജന പദ്ധതികൾ 

5 സംസ്ഥാനാന്തര നദീസംയോജന പദ്ധതികളുടെ വിശദരേഖ തയാറായതായി ബജറ്റ് വ്യക്തമാക്കി. ദമൻഗംഗ – പിഞ്ചാൽ, പർതപി – നർമദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെണ്ണാർ, പെണ്ണാർ – കാവേരി എന്നീ നദികളാണു സംയോജിപ്പിക്കുക. നദികൾ ഒഴുകുന്ന സംസ്ഥാനങ്ങൾ തമ്മിൽ ധാരണയാകുന്ന മുറയ്ക്ക് കേന്ദ്രം പദ്ധതി നടപ്പാക്കും. 

English Summary: PM Gati Shakti plan: National Highway network will be expanded by 25,000 kms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com