ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ കാലത്തിനൊത്ത ഡിജിറ്റൽ പഠനം, അധികശേഷി (അപ്സ്കിൽ) രൂപപ്പെടുത്തൽ എന്നിവയിലൂന്നിയാണ് വിദ്യാഭ്യാസ രംഗത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ. ഡിജിറ്റൽ സർവകലാശാലയും നൈപുണ്യ, ജീവനോപാധി രൂപപ്പെടുത്താനുള്ള ഓൺലൈൻ പഠന പോർട്ടലും (DESH- stack-e-portal) അതിൽ പ്രധാനം.

ഇന്ത്യയിലെ തന്നെ പ്രമുഖ സർവകലാശാലകളുടെ സഹകരണത്തോടെയാകും ഡിജിറ്റൽ സർവകലാശാല സജ്ജമാക്കുക. ഒരു കേന്ദ്രവും അതിനെ ബന്ധപ്പെട്ടു നിൽക്കുന്നവരിലേക്കു സേവനങ്ങളും ലഭ്യമാക്കുന്ന ഹബ് ആൻഡ് സ്പോക് മാതൃകയിലായിരിക്കും പ്രവർത്തനം. വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്നതു പ്രത്യേകതയാകും. ഉയർന്ന നിലവാരത്തിലുള്ള ഇ കണ്ടന്റ്, ഡിജിറ്റൽ അധ്യാപകരുടെ സഹായത്തോടെ നൽകും. നൈപുണ്യ രൂപീകരണം, മെച്ചപ്പെടുത്തൽ, കൂടുതൽ മെച്ചപ്പെടുത്തൽ എന്നിവയാണു പോർട്ടലിൽ ലക്ഷ്യമിടുന്നത്. തൊഴിൽ, സംരംഭക സാധ്യതകൾ തുടങ്ങിയവയ്ക്കും ഉപകാരപ്പെടും. നൈപുണ്യ മികവുമായി ബന്ധപ്പെട്ടു ദേശീയതലത്തിൽ യോഗ്യത ചട്ടക്കൂടിനും രൂപം നൽകുമെന്നു ബജറ്റിലുണ്ട്.

ലോകം വരും

ഡിജിറ്റൽ ഇക്കണോമിക്ക് അനുയോജ്യരായ മികച്ചയാളുകളെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ, ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ലോകോത്തര വിദേശ സർവകലാശാലകൾക്കു വിവിധ കോഴ്സുകൾ നടത്താം. ഫിനാൻഷ്യൽ മാനേജ്മെന്റ്, ഫിൻടെക്, ശാസ്ത്ര സാങ്കേതിക, എൻജിനീയറിങ്, ഗണിത വിഷയങ്ങളിലാണ് കോഴ്സുകൾ അനുവദിക്കുക. ആഭ്യന്തര നിയമങ്ങളും കർശന വ്യവസ്ഥകളും ഇവയ്ക്ക് ഒഴിവാക്കി നൽകും.

പുതിയ കോഴ്സ്

നഗരവികസന മേഖലയിലെ സാധ്യതകളും ആവശ്യവും മനസ്സിലാക്കി പ്രത്യേക നഗരാസൂത്രണ കോഴ്സുകൾക്കു തുടക്കമിടും. മികവിന്റെ കേന്ദ്രങ്ങളായ 5 പഠനസ്ഥാപനങ്ങൾക്ക് ഇതിനായി 250 കോടി രൂപ വീതം നൽകുമെന്നും പ്രഖ്യാപനമുണ്ട്. സയൻസ്, കണക്ക് വിഷയങ്ങൾക്കു വേണ്ടി 75 വെർച്വൽ ലാബുകൾ, 75 നൈപുണ്യ വികസന ലാബുകൾ തുടങ്ങിയവയും ഈ വർഷം സജ്ജമാക്കും. പലതരം സേവനങ്ങൾക്കു ഡ്രോണുകൾ ലഭ്യമാക്കുന്നതിന് സ്റ്റാർട്ട‍പ്പുകളെ പ്രോത്സാഹിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട ഐഐടികളിലും എല്ലാ സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട കോഴ്സുകളും തുടങ്ങും.

ചാനലും കുട്ടികളും

കോവിഡ് മഹാമാരിയിൽ 2 വർഷം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക്, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലുള്ളവർക്ക് അധിക വിദ്യാഭ്യാസം ആവശ്യമാണെന്ന് വിലയിരുത്തി സർക്കാരിന്റെ പിഎം ഇ വിദ്യ സ്കൂൾ ചാനലുകളുടെ എണ്ണം കൂട്ടും. നിലവിലെ 12ൽ നിന്ന് 200 ചാനലുകളായി വർധിപ്പിക്കും. ‘ഒരു ക്ലാസ്, ഒറ്റ ചാനൽ’ എന്നതാണ് ആശയം. പ്രാദേശിക ഭാഷകളിൽ ഇതു ലഭ്യമാകും.

ചെറിയ കുട്ടികൾക്ക് കൂടി; മുതിർന്നവർക്ക് കുറഞ്ഞു

മുൻവർഷത്തെക്കാൾ 6.46% വർധനയോടെ 40,828 കോടി രൂപയുടെ ബജറ്റാണ് ഈ വർഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ധനമന്ത്രി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി പിന്നിട്ടു കൂടുതൽ സജീവമാകാൻ ഒരുങ്ങുന്ന സ്കൂൾ വിദ്യാഭ്യാസ രംഗത്തേക്ക് 9000 കോടി ഇക്കുറി അധികം വകയിരുത്തി. സമഗ്രശിക്ഷ അഭിയാനു മാത്രം 6000 കോടി രൂപ അധികവിഹിതമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ആകെ വർധന പരിഗണിച്ചാൽ മുൻവർഷത്തെക്കാൾ 2.67% മാത്രമേയുള്ളു. ഹയർ എജ്യുക്കേഷൻ ഫണ്ടിങ് ഏജൻസിക്ക് (എച്ച്ഇഎഫ്എ) വീണ്ടും തുക വെട്ടിക്കുറച്ചതും നിർണായകമാണ്. കഴിഞ്ഞ തവണ ഒരുകോടി നീക്കിവച്ച സ്ഥാനത്ത് ഇക്കുറി ഒരുലക്ഷം രൂപയാണ് വിഹിതം.

അങ്കണവാടികളുടെ ആധുനികീകരണം: കേരളത്തിനും പ്രതീക്ഷ

തിരുവനന്തപുരം ∙ രാജ്യത്തെ 2 ലക്ഷം അങ്കണവാടികൾ കൂടി ഓഡിയോ വിഷ്വൽ സംവിധാനമടക്കമുള്ള സൗകര്യങ്ങളോടെ ആധുനികീകരിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കേരളത്തിനു പ്രതീക്ഷ നൽകുന്നതാണ്. 

സംസ്ഥാനത്ത് 33,000 അങ്കണവാടികളാണുള്ളത്. ഭൂരിപക്ഷത്തിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ടിവി ഉള്ളവയുടെ എണ്ണം അഞ്ഞൂറിൽ താഴെയാണെന്നാണ് 2019 ൽ നിയമസഭയിൽ വ്യക്തമാക്കിയത്. 

കോവിഡിനെ തുടർന്നു കുട്ടികൾ പോകുന്നില്ലെങ്കിലും പോഷകാഹാര പരിപാലനത്തിലും കോവിഡ് പ്രതിരോധത്തിലുമെല്ലാം അങ്കണവാടികൾ ഇപ്പോഴും സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ബജറ്റ് പ്രഖ്യാപനത്തിന്റെ പ്രയോജനം എത്ര അങ്കണവാടികൾക്കു ലഭിക്കുമെന്നതു വ്യക്തമാകേണ്ടതാണ്. 

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com