ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത് പൊതു ബജറ്റ്. സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികം വരെയുള്ള 25 വർഷത്തേക്കുള്ള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയും രൂപരേഖയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ച ബജറ്റിൽ  അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ. ആദായ നികുതി ഇളവുകളില്ല, തൊഴിലില്ലായ്മ പരിഹരിക്കാനും കർഷകരെയും ഇടത്തരക്കാരെയും താഴേത്തട്ടിലുള്ളവരെയും പ്രതിസന്ധിയിൽനിന്ന് കരകയറ്റാനും വ്യക്തമായ നിർദേശങ്ങളുമില്ല. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചു. 

∙ പിഎം ഗതിശക്തി പദ്ധതികൾക്കും മറ്റുമായി സംസ്ഥാനങ്ങൾക്ക് വായ്പ മൊത്തം ഒരു ലക്ഷം കോടി – 50 വർഷത്തേക്ക്, പലിശയില്ലാതെ.

∙ ആദായനികുതി സ‌്ലാബുകളിൽ മാറ്റമില്ല; റിട്ടേണിലെ പിഴവുകൾ പിഴ നൽകി തിരുത്താൻ  2 വർഷംവരെ സമയം. 

∙ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തൊഴിലുടമ വിഹിതത്തിന് 14% വരെ ആദായനികുതി ഇളവ്. ഇതുവരെ 10 ശതമാനമായിരുന്നു 

∙ ക്രിപ്റ്റോ ഉൾപ്പെടെയുള്ള വെർച്വൽ, ഡിജിറ്റൽ ആസ്തികളിൽനിന്നുള്ള വരുമാനത്തിന് 30% നികുതി. കൈമാറ്റങ്ങൾക്ക് 1% ടിഡിഎസും

∙ സ്വർണം ഇറക്കുമതിത്തീരുവയിൽ മാറ്റമില്ല

∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഈടില്ലാതെ വായ്പ നൽകുന്ന എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി പദ്ധതി 2023 മാർച്ച് വരെ നീട്ടി. പദ്ധതിയുടെ മൊത്തം തുക 5 ലക്ഷം കോടി രൂപയായി. 

∙ സഹകരണ സൊസൈറ്റികളുടെ ചുരുങ്ങിയ നികുതി 15 ശതമാനമായി കുറച്ചു. 10 കോടി രൂപ വരെ വരുമാനമുള്ള സഹകരണ സൊസൈറ്റികളുടെ സർചാർജ് 7 ശതമാനമാക്കി. 

∙ എൽപിജി സബ്സിഡി അടുത്ത വർഷവുമില്ല; മിക്ക സബ്സിഡികളുടെയും വിഹിതം കുറച്ചു

∙ ഈ വർഷം 25,000 കിലോമീറ്റർ ദേശീയ പാത നിർമിക്കും. ചരക്കുനീക്കം സുഗമമാക്കാനും വിവരകൈമാറ്റം ലളിതമാക്കാനും ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം. റോഡ് നിർമാണം അസാധ്യമായ മേഖലകളിൽ റോപ് വേ തയാറാക്കി യാത്ര സുഗമമാക്കാൻ പദ്ധതി (പർവത്‌മാല).

∙ രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളും കോർ–ബാങ്കിങ് ശൃംഖലയുടെ ഭാഗമാകും. 

∙ ആയുധം ഇറക്കുമതി കുറയ്ക്കും; ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിന് ഊന്നൽ. പ്രതിരോധ നിർമാണ മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യം. പ്രതിരോധ ബജറ്റ് തുകയിൽ 68% ഇന്ത്യയിലെ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും

∙ ഉദ്യം, ഇ–ശ്രം, എൻസിഎസ്, അസീം പോർട്ടലുകൾ ബന്ധിപ്പിക്കും

∙ ആരോഗ്യമേഖലയിൽ വലിയ പ്രഖ്യാപനങ്ങളില്ല. ടെലിമെഡിസിൻ ചികിത്സാ രീതി മാനസികാരോഗ്യ രംഗത്തേക്കു വ്യാപിപ്പിക്കും. 

∙ 3 വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിൻ

∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചു; 73,000 കോടി രൂപയായി. 

∙ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിങ് രീതി  വ്യാപകമാക്കും

∙ കോവിഡ് ചികിത്സാച്ചെലവിനും നഷ്ടപരിഹാരത്തിനും നികുതിയിളവിന് നിയമത്തിൽ വ്യവസ്ഥ

∙ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രാജ്യത്തെ വ്യവസ്ഥകൾ ബാധമാക്കാതെ വിദേശ സർവകലാശാലകൾ.

∙ പിഎം ഗതി ശക്തി പദ്ധതിയിൽ ലോകോത്തര അടിസ്ഥാന സൗകര്യവികസന മാസ്റ്റർ പ്ലാൻ

∙ ഗോതമ്പ്, നെല്ല് എന്നിവ 

താങ്ങുവില നൽകി 

കേന്ദ്രം സംഭരിക്കും. 

∙ രാസവള രഹിത പ്രകൃതികൃഷിക്കും എണ്ണക്കുരുക്കൾക്കും പ്രോൽസാഹനം; കാർഷിക സർവകലാശാലകളിലെ സിലബസിൽ ജൈവകൃഷിപാഠങ്ങളും 

∙ കർഷകർക്ക് ഡിജിറ്റൽ, ഹൈടെക് സേവനങ്ങൾ ലഭ്യമാക്കാൻ പൊതു–സ്വകാര്യ പദ്ധതി

∙ സംസ്ഥാനങ്ങളുമായി ചേർന്ന് ഭക്ഷ്യസംസ്കരണ മേഖലയുടെ വികസനം

∙ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതിയിളവ് 2023 മാർച്ച് 31വരെ നീട്ടി. 

∙ ഡ്രോൺ സേവന നൈപുണ്യവികസനത്തിന് എല്ലാ സംസ്ഥാനത്തും ഐടിഐകളിൽ കോഴ്സ്

∙ ആനിമേഷൻ, വിഷ്വൽ ഇഫ്കട്സ്, ഗെയിമിങ്, കോമിക് മേഖലകളിൽ തൊഴിലവസരം.

വരും കാൽനൂറ്റാണ്ട് അമൃതകാലം

സ്വാതന്ത്ര്യപ്രാപ്തിക്ക് 100 വർഷം തികയുന്നതുവരെയുളള അടുത്ത 25 വർഷം ‘അമൃത കാലം’ ആയിരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയപ്രകാരമാണിത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം അമൃത മഹോത്സവമായാണ് ആഘോഷിക്കുന്നത്. 100 വർഷം തികയുന്നതു വരെയുള്ള 25 വർഷം മുൻപിൽ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് പിഎം ഗതിശക്തി മാസ്റ്റർപ്ലാനിലൂടെ ലക്ഷ്യമിടുന്നത്.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com